കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിൽ ഇന്നലെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി യതീഷ് ചന്ദ്ര. ആക്രമണത്തിന് പിന്നിൽ ചില തൽപ്പരകക്ഷികളാണെന്നും സ്‌ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയാണ് അവർ ആക്രമണം നടത്തിയതെന്നും ഡിഐജി പറഞ്ഞു. അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്‌ടറിക്ക് തീയിട്ടത്. തീയണയ്‌ക്കാൻ പോയ ഫയർഫോഴ്‌സ് എഞ്ചിനുകളെ പോലും തടഞ്ഞുവച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നും കർശന നടപടിയുണ്ടാകുമെന്നും ഡിഐജി പറഞ്ഞു.
അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ സമരമാണ് ഇന്നലെ അക്രമത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ട ഫാക്‌ടറി കത്തിനശിച്ചു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്‌പി കെഇ ബൈജു ഉൾപ്പെടെ 21 പൊലീസുകാർക്കും, ലാത്തിച്ചാർജിൽ 28 നാട്ടുകാർക്കും പരിക്കേറ്റു. പൊലീസ് ടിയർഗ്യാസും ലാത്തിയും ഉപയോഗിച്ചാണ് സമരക്കാരെ നേരിട്ടത്.
പരിക്കേറ്റ റൂറൽ എസ്‌പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ താമരശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് നിരവധി തവണ ടിയർഗ്യാസ് പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്നപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. പ്രതിഷേധക്കാർ തീയിട്ടതിൽ മാലിന്യ സംസ്കരണശാലയ്ക്ക് വലിയ നാശനഷ്ടമാണുണ്ടായത്.
2019 ൽ പ്രവർത്തനമാരംഭിച്ച കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയിൽ നിന്നും ദുർഗന്ധമുണ്ടാകുന്നതിലും മാലിന്യങ്ങൾ ഒഴുക്കുന്നതിലും നാട്ടുകാർ നേരത്തേ പ്രതിഷേധിച്ചിരുന്നു. നാല് സ്കൂളുകൾ കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഞ്ചുമാസം മുമ്പ് ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തിയിട്ടും ദുർഗന്ധത്തിന് ശമനമായില്ല. നാട്ടുകാർ സമരസമിതി രൂപീകരിച്ച് അനിശ്ചിതകാല രാപകൽ സമരം ഇന്നലെ ആരംഭിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ മാർച്ച് 31ന് കമ്പനിയുടെ പഞ്ചായത്ത് ലൈസൻസും ഏപ്രിൽ 31ന് പൊല്യൂഷൻ സർട്ടിഫിക്കറ്റും അവസാനിച്ചിരുന്നു. ലൈസൻസ് പുതുക്കി നൽകാൻ കട്ടിപ്പാറ പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് നാട്ടുകാർ പ്രകോപിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |