ശബരിമലയിലെ സ്വർണക്കവർച്ച വിഷയത്തിൽ ഹൈക്കോടതി ഏറ്റവും ഒടുവിൽ നടത്തിയ നിരീക്ഷണങ്ങൾ നിലവിലെ ദേവസ്വം ബോർഡ് അധികാരികളെയും പ്രതിക്കൂട്ടിൽ നിറുത്താൻ പോന്നതാണ്. 2019-ലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട വീഴ്‌ച 2025-ലും ആവർത്തിച്ചതായാണ് കോടതിയുടെ നിരീക്ഷണം. 2019-ൽ സ്വർണം പൂശാൻ ഏല്പിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെയാണ് അതേ ജോലിക്ക് 2025-ലും നിയോഗിച്ചത്. ഇതിനായി ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിർദ്ദേശമുണ്ടായെന്നും ഇതുൾപ്പെടെ സ്വർണക്കവർച്ചയ്ക്കു പിന്നിലെ ഗൂഢാലോചനയിൽ ബോർഡിലെ ഉന്നതർ മുതൽ താഴോട്ടുള്ള എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നുമാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ ദേവസ്വം പ്രസിഡന്റ്, ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ചതിനുശേഷം സി.പി.എമ്മിൽ ചേർന്ന പി.എസ്. പ്രശാന്താണ്. റജിലാലാണ് തിരുവാഭരണം കമ്മിഷണർ. സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2025-ലെ ഇടപാടിന് തിരുവാഭരണ കമ്മിഷണർ ആദ്യം എതിർപ്പ് അറിയിക്കുകയും സന്നിധാനത്തുവച്ച് പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ പ്രസിഡന്റിന്റെ ഇടപെടലിനെത്തുടർന്ന് കമ്മിഷണർ പഴയ നിലപാട് മാറ്റുകയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കൂടിക്കണ്ടതിനുശേഷം പാളികൾ കൈമാറാൻ കൂട്ടുനിൽക്കുകയും ചെയ്തതായാണ് പുതിയ കണ്ടെത്തൽ. 2024-ൽ ദ്വാരപാലകർക്കും പീഠങ്ങൾക്കും നിറം മങ്ങിയത് തിരുവാഭരണ കമ്മിഷണറും ദേവസ്വം സ്‌മിത്തും വിലയിരുത്തിയിരുന്നു. ഇതിന് ടെൻഡർ വിളിച്ചും വിദഗ്ദ്ധാഭിപ്രായം തേടിയതിനു ശേഷവുമാണ് അറ്റകുറ്റപ്പണിക്ക് അനുമതി നൽകേണ്ടിയിരുന്നത്. പകരം പോറ്റിയെ തന്നെ 2025-ൽ അറ്റകുറ്റപ്പണി ഏൽപ്പിക്കുകയാണ് ഉണ്ടായത്.
ഈ നടപടിയും 2019-ലെ സ്വർണമോഷണത്തിന് ഇടയാക്കിയ നടപടിയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതിനാൽ 2019-ലെ കുറ്റം ആവർത്തിച്ച നിലവിലെ ബോർഡും വിചാരണ നേരിടേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ മിനിട്ട്‌സ് പിടിച്ചെടുക്കാൻ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. കോടതിയുടെ പുതിയ നിരീക്ഷണങ്ങളിൽ നിന്ന് സാധാരണ പൗരന്മാർക്ക് മനസിലാകുന്നത് ബോർഡിന്റെ ഭാരവാഹിത്വം നേരത്തേ വഹിച്ചിരുന്നവരും പുതുതായി വരുന്നവരുമൊക്കെ സ്വർണക്കവർച്ച വിഷയത്തിൽ ഒരേ തൂവൽപ്പക്ഷികളായിരുന്നു എന്നാണ്. ശബരിമലയിൽ ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടായിട്ടും, കോടതിയെപ്പോലും കാണാമറയത്ത് നിറുത്തി സ്വർണം അടിച്ചുമാറ്റാൻ ഗൂഢാലോചന നടത്തിയവർ പഴയവരെന്നോ പുതിയവരെന്നോ വ്യത്യാസമില്ലാതെ അന്വേഷണം നേരിടേണ്ടിവരണം. സ്വർണത്തെ ചെമ്പാക്കുന്ന മാജിക്കൽ റിയലിസം ഇനിയെങ്കിലും ശബരിമലയിൽ നടക്കാൻ പാടില്ല. ഭഗവാന് ലഭിക്കുന്നതെല്ലാം ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ്. ആ സ്വത്തിന്റെ അവകാശി അയ്യപ്പൻ തന്നെയാണ്. അയ്യപ്പന്റെ സ്വത്ത് അവിടത്തെ ഭരണം നിർവഹിക്കാൻ നിയോഗിക്കപ്പെടുന്നവരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് തട്ടിയെടുക്കുന്നത് ഭക്തജനങ്ങളെയും അവരുടെ ആരാധനാമൂർത്തിയായ അയ്യപ്പനെയും വഞ്ചിക്കുന്നതിനു തുല്യമാണ്.
വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയാണ് എല്ലാം ചെയ്തതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റും വാർത്താലേഖകരോട് പറയുന്നുണ്ടെങ്കിലും ഇവരുടെ പ്രവൃത്തിയിൽ വീഴ്ചകൾ വന്നിട്ടുള്ളതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2019-ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും പീഠവും നൽകിയത് കൃത്യമായി മഹസർ തയ്യാറാക്കാതെയും വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്താതെയുമാണ്. സ്വർണപ്പാളികൾക്കു പകരം മറ്റൊന്ന് വയ്ക്കാമെന്നുള്ള സാദ്ധ്യത അറിയാമായിരുന്നിട്ടും ബോർഡ് അധികൃതർ മൗനം പാലിക്കുകയാണ് ചെയ്തത്. കൊണ്ടുപോയ ദ്വാരപാലക ശില്പപാളികളാണോ മടക്കിക്കൊണ്ടുവന്നതെന്നതിലും കോടതി ശക്തമായ സംശയം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവരെ ബോർഡിന്റെ ചുമതലക്കാരായി നിയമിക്കുന്ന ഇപ്പോഴത്തെ രീതി തന്നെ പൊളിച്ചെഴുതാൻ സർക്കാർ ആലോചിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |