മെഡിക്കൽ പഠനത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അന്യരാജ്യങ്ങളിലേക്കു പോകുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. ചൈന, റഷ്യ, ചെക്ക് റിപ്പബ്ളിക്കുകൾ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ പോകുന്നത്. ഇന്ത്യയിൽ മെഡിക്കൽ സീറ്റുകളുടെ എണ്ണക്കുറവും അഡ്‌മിഷൻ ലഭിക്കാനുള്ള പ്രയാസവുമാണ് വിദ്യാർത്ഥികളുടെ ഈ വിദേശ പലായനത്തിന് പ്രധാനമായും ഇടയാക്കുന്നത്. വിദ്യാർത്ഥികൾ മാത്രമല്ല, അവരെ അഞ്ച് വർഷത്തോളം പഠിപ്പിക്കുന്നതിനാവശ്യമായ ലക്ഷങ്ങൾ വരുന്ന പണം കൂടിയാണ് നമ്മുടെ നാട്ടിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെയും, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലനിന്നിരുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 2025 - 26 അദ്ധ്യയന വർഷം 10,650 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിക്കാനുള്ള ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം അത്യന്തം ശ്ലാഘനീയമാണ്. കേരളത്തിൽ കൂടുന്നത് 649 മെഡിക്കൽ സീറ്റുകളാണ്. ഇതിനു പുറമെ രാജ്യത്ത് 41 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നൽകി. 3500 മെഡിക്കൽ പി.ജി സീറ്റുകൾക്കുള്ള അപേക്ഷയും അംഗീകരിച്ചു. ഇതോടെ രാജ്യത്ത് 1,37,600 മെഡിക്കൽ സീറ്റുകളായി. പി.ജി സീറ്റ് 67, 000 ആയും ഉയർന്നു.
കേരളത്തിൽ 10 മെഡിക്കൽ കോളേജുകൾക്കായി 700 പുതിയ സീറ്റുകളാണ് അനുവദിച്ചതെങ്കിലും രണ്ട് കോളേജുകളിലെ 51 സീറ്റുകൾ കുറച്ചതിനാലാണ് ഫലത്തിൽ വർദ്ധന 649 ആയത്. ഇതിൽ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലാണ് 50 സീറ്റുകൾ കുറഞ്ഞത്. കാലേക്കൂട്ടി ദേശീയ മെഡിക്കൽ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുത്തിരുന്നെങ്കിൽ ഈ കുറവ് ഒഴിവാക്കാമായിരുന്നു. തൃശൂർ ജൂബിലി മിഷൻ, കോഴിക്കോട് മലബാർ എന്നീ കോളേജുകൾക്ക് 200 സീറ്റ് വീതം അധികം ലഭിച്ചിട്ടുണ്ട്. തൊടുപുഴ അൽ അസർ, തിരു. ഉത്രാടം തിരുനാൾ, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജുകൾക്ക് 150 സീറ്റ് വീതവും കൂടുതലായി ലഭിച്ചു. ഇതിൽ പകുതി സീറ്റുകളിലെങ്കിലും മെരിറ്റിൽ പ്രവേശനം ലഭിക്കുമെന്നതിനാൽ താരതമ്യേന കുറഞ്ഞ ചെലവിൽ അത്രയും വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം സാദ്ധ്യമാകും.
ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ല, ഓരോ സംസ്ഥാനത്തെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മികവിന്റെയും ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ വേണം സീറ്റുകൾ വർദ്ധിപ്പിക്കാൻ. ഒരു സംസ്ഥാനത്തു നിന്ന് പാസാകുന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് രാജ്യത്തെവിടെയും ജോലി ചെയ്യാമെന്നിരിക്കെ ജനസംഖ്യയുടെ പേരിൽ സംസ്ഥാനങ്ങളിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഏതൊരു നീക്കവും എതിർക്കപ്പെടേണ്ടതാണ്. മാത്രമല്ല, രാജ്യത്തെ പിന്നാക്ക ജില്ലകൾക്ക് കൂടുതൽ മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിന് മുൻതൂക്കം നൽകുകയും വേണം. സീറ്റുകളുടെ എണ്ണം കൂടുന്നതിനൊപ്പം മെഡിക്കൽ പഠനത്തിന്റെ മികവ് കുറയാതെ സംരക്ഷിക്കുന്നതിനും നടപടികൾ ഉണ്ടാകണം. രാജ്യത്ത് അടുത്ത അഞ്ചു വർഷത്തിനകം 75,000 മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് 2024-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനവുമായി ഒത്തുപോകുന്നതാണ് ഇപ്പോഴത്തെ സീറ്റ് വർദ്ധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |