തിരുവനന്തപുരം: നെൽകർഷകരുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി 'നെൽകർഷകരോട് കരുണ കാട്ടണം' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്രോറിയൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയ നെൽകർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഇതിന്റെ ഭാഗമായി നെല്ല് സംഭരിക്കാതെ മാറി നിൽക്കുന്ന മില്ലുടകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും ചർച്ച നടത്തും. നെല്ല് സംഭരണം പഴയതുപോലെ നടക്കുന്നതോടെ കേരളകൗമുദി എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയ കർഷകരുടെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് മന്ത്രി അനിൽ പറഞ്ഞു.
കൈകാര്യച്ചെലവ് വർദ്ധിപ്പിക്കുക, സംഭരിച്ച നെല്ല് അരിയാക്കി തിരികെ സപ്ലൈകോയ്ക്കു നൽകുന്നതിന്റെ ഔട്ട് ടേൺ 68 ശതമാനത്തിൽ നിന്ന് 64.5 ആക്കുക, പാലക്കാട് ജില്ലയിലെ മില്ലുകാരുടെ മേൽ ചുമത്തിയ ജി.എസ്.ടി പിൻവലിക്കുക തുടങ്ങിയവയാണ് മില്ലുടമകളുടെ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങൾ. ഇവ അംഗീകരിക്കാതെ അടുത്ത സംഭരണം നടത്തില്ലെന്നാണ് മുന്നറിയിപ്പ്.
സപ്ലൈകോയ്ക്ക് തിരിച്ചു നൽകേണ്ട അരിയുടെ ശതമാനം 68 ആയി നിശ്ചയിച്ചത് കേന്ദ്ര സർക്കാരാണ്. 2022ൽ സംസ്ഥാനം 64.5 ശതമാനം ആക്കിയെങ്കിലും രാജ്യത്താകമാനം ഒരേരീതി പിന്തുടരണമെന്ന് ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജിയുടെ ഭാഗമായി ഹൈക്കോടതിയാണ് വീണ്ടും 68 ആക്കണമെന്നു വിധിച്ചത്. 68% ആക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിനു പകരമായി മില്ലുടമകൾക്ക് സഹായധനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |