
ഉദ്ദേശിച്ച രീതിയിൽ ജീവിതത്തിൽ വിജയം കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. എന്നാൽ അന്വേഷിച്ചു നോക്കിയാൽ നമ്മുടെ മിക്ക പരാജയങ്ങൾക്കും കാരണം നമ്മുടെ പ്രയത്നത്തിൽ വന്ന കുറവോ അലംഭാവമോ ആണെന്ന് മനസിലാകും. നാളത്തെ ദിവസം ഐശ്വര്യവും വിജയവും ഉണ്ടാകണമെങ്കിൽ വർത്തമാന നിമിഷത്തിൽ നമ്മൾ നന്നായി പ്രയത്നിക്കണം. ശരിയായ പ്രവൃത്തി ശരിയായ സമയത്ത്, ശരിയായ മനോഭാവത്തോടെ ചെയ്യണം. ഈ മൂന്നു ഘടകങ്ങളും വളരെ പ്രധാനമാണ്. എന്നാൽ അതിനോടൊപ്പം ഈശ്വരകൃപ കൂടി ഉണ്ടായാലേ വിജയമുണ്ടാകൂ. ഈശ്വരകൃപ എന്നത് നമ്മുടെ പൂർവ്വകാല കർമ്മങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിനയപൂർവ്വമായ ശ്രദ്ധാപൂർവ്വമായ പ്രയത്നത്തിലൂടെ ആ കൃപയെ ആകർഷിക്കാൻ നമുക്കു കഴിയും.
കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ശരിയായ മനോഭാവത്തോടെ പ്രയത്നിക്കാൻ പഠിപ്പിക്കുകയായിരുന്നു. അല്ലാതെ 'ഞാൻ ഇവരെയെല്ലാം കൊന്നു നിന്നെ വിജയിയാക്കാം, നീ വെറുതെ ഇരുന്നോളൂ" എന്നു പറയുകയല്ല ചെയ്തത്. 'അർജ്ജുനാ, നീ പ്രയത്നിക്കൂ നിന്റെ കൂടെ ഞാനുണ്ടാകും"എന്നാണു പറഞ്ഞത്. അർപ്പണഭാവത്തോടെയുള്ള പ്രയത്നമാണ് വിജയത്തെ നേടിത്തരുന്നത്.
ഒരിക്കൽ മഹാനായ ഒരു ചിത്രകാരൻ തെരുവിലൂടെ നടക്കുകയായിരുന്നു. ചിത്രകാരൻ നടന്നു വരുന്നത് അയാളുടെ ആരാധകയായ ഒരു പെൺകുട്ടി കാണാനിടയായി. അവൾ അദ്ദേഹത്തോടു പറഞ്ഞു. 'ഞാൻ അങ്ങയുടെ ആരാധികയാണ്. എനിക്കുവേണ്ടി ഒരു ചിത്രം വരച്ചു തരാമോ?" ചിത്രകാരൻ പറഞ്ഞു, 'ചിത്രം വരയ്ക്കാനുള്ള ബ്രഷോ മറ്റു കാര്യങ്ങളോ എന്റെ കയ്യിലില്ല മറ്റൊരവസരത്തിൽ ആകട്ടെ." അപ്പോൾ പെൺകുട്ടി പറഞ്ഞു. 'ഇനി ഞാൻ അങ്ങയെ കണ്ടുമുട്ടുമെന്ന് ഒരു ഉറപ്പുമില്ല. അതിനാൽ ദയവായി ഇപ്പോൾ തന്നെ വരച്ചു തരൂ." ആ കുട്ടിയുടെ നിഷ്‌കളങ്കത കണ്ട് കലാകാരൻ ഒരു കടലാസിൽ തന്റെ പേനകൊണ്ട് അതിവേഗം ഒരു ചിത്രം വരച്ചു. താഴെ തന്റെ ഒപ്പും ഇട്ടു. അത് കുട്ടിയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു. 'ഇതിന് ഒരുലക്ഷം രൂപയെങ്കിലും കിട്ടും.'കലാകാരൻ തമാശ പറഞ്ഞതാകുമെന്നാണ് കുട്ടി വിചാരിച്ചത്. എന്നാൽ ചിത്രം കണ്ടവർ അതിന് അതിലുമധികം വില പറഞ്ഞു. കുട്ടിക്ക് അത്ഭുതമായി. കുട്ടി ആ കലാകാരനെ അന്വേഷിച്ച് കണ്ടുപിടിച്ച് പറഞ്ഞു. 'അങ്ങ് ഇത്രയും കുറഞ്ഞസമയം കൊണ്ട് ഇത്രയും വിലയുള്ള ചിത്രം വരച്ചുവല്ലോ. എന്നെയും ഈ കല പഠിപ്പിക്കാമോ?" അപ്പോൾ കലാകാരൻ പറഞ്ഞു. 'നോക്കു ദൈവം തന്ന പ്രതിഭയ്ക്കു പുറമേ മുപ്പതുവർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് എനിക്ക് ആ ചിത്രം വരക്കാൻ സാധിച്ചത്. അതുപോലൊരു ചിത്രം വരയ്ക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നിന്റെ ജീവിതം മുഴുവൻ അതിനായി നീ സമർപ്പിക്കണം."
മഹത്തായ ഏതുനേട്ടവും കൈവരിക്കണമെങ്കിൽ അതിന്റെ പിന്നിൽ തളരാത്ത പ്രയത്നവും പരിശ്രമവും ആവശ്യമാണ്. സമർപ്പണഭാവവും പ്രയത്നവുമുണ്ടെങ്കിൽ ഈശ്വരൻ നമുക്കു കൂട്ടുണ്ടാകും, തീർച്ചയായും നമ്മൾ വിജയം വരിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |