
കോട്ടയം മെഡിക്കൽ കോളേജ് അപൂർവമായ ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറിയിരിക്കുന്നു. ഹൃദയം, വൃക്ക, ശ്വാസകോശം എന്നീ പ്രധാനപ്പെട്ട അവയവങ്ങൾ ഒരു ദിവസംതന്നെ മാറ്റിവച്ചെന്ന ഖ്യാതിയും ഇതോടൊപ്പം അവർക്ക് സ്വന്തമായി. സംസ്ഥാനത്ത് ആദ്യമായി ശ്വാസകോശം മാറ്റിവയ്പ്പ് നടത്തിയെന്ന നേട്ടം മെഡിക്കൽ കോളേജിന് നേടിക്കൊടുക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സഹായികൾക്കും മറ്റെല്ലാ ടീമംഗങ്ങൾക്കും മെഡിക്കൽ കോളേജിന്റെ സാരഥികൾക്കും അഭിനന്ദനങ്ങൾ.
സാധാരണ, സർക്കാർ ആശുപത്രികളെപ്പറ്റി പരാതികളാണ് കൂടുതലും ഉയരുന്നത്. അതിനാകട്ടെ വലിയ പ്രാധാന്യം എല്ലാവരും നൽകുകയും ചെയ്യും. എന്നാൽ സർക്കാർ മേഖലയിലെ പ്രഗത്ഭരായ മെഡിക്കൽ സമൂഹം ജനങ്ങൾക്ക് നൽകുന്ന സേവനവുമായി താരതമ്യപ്പെടുത്തുമ്പോൾ അവരെക്കുറിച്ച് ഉണ്ടാകുന്ന പരാതികൾ തുലോം കുറവാണെന്നു വേണം മനസിലാക്കാൻ. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അപൂർവമായ ഈ നേട്ടം കോട്ടയം മെഡിക്കൽ കോളേജ് കരസ്ഥമാക്കിയത് പൗരസമൂഹം കാണാതെ പോകരുത്. കളനാശിനി ഉള്ളിൽച്ചെന്ന് ശ്വാസകോശം തകരാറിലായ മുണ്ടക്കയം സ്വദേശി ദിവ്യയ്ക്കാണ് ശ്വാസകോശം മാറ്റിവച്ചത്. എറണാകുളം സ്വദേശിയായ അൻപത്തിയേഴുകാരൻ എം.എ. മാത്യുവിനാണ് ഹൃദയം മാറ്റിവച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പതിനൊന്നാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. പത്തനംതിട്ട സ്വദേശി അജിത്‌കുമാറിന് വൃക്കയും മാറ്റിവച്ചു.
ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകൾക്ക് കാർഡിയോ തൊറാസിക് വിദഗ്ദ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും, വൃക്ക മാറ്റിവയ്ക്കലിന് ഡോ. രാജീവനും നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, തിരുവനന്തപുരം സ്വദേശി എ. അനീഷിന്റെ (38) അവയവങ്ങളാണ് വിജയകരമായി മാറ്റിവച്ചത്. മൂന്നുപേർക്ക് പുതുജീവൻ നൽകാൻ ഉതകിക്കൊണ്ട് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ച അനീഷിന്റെ കുടുംബാംഗങ്ങളും നന്ദിയോടെ സ്‌മരിക്കപ്പെടേണ്ടവരാണ്.
അനീഷിന്റെ രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും രണ്ട് കൈകൾ കൊച്ചി അമൃത ആശുപത്രിയിലേക്കും കൊണ്ടുപോയി. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ഇതിനു മുമ്പ് ഡൽഹി എയിംസിലും ചെന്നൈ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജിലും മാത്രമാണ് നടന്നിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നതും കോട്ടയം മെഡിക്കൽ കോളേജിലാണെന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
അവയവദാനത്തിലൂടെ കൂടുതൽ പേർക്ക് ജീവിതം തുടരാനുള്ള സാഹചര്യം ഉണ്ടാകുന്നത് ആധുനിക ചികിത്സാ രംഗത്തിന്റെ വലിയ സാദ്ധ്യതയിൽ ഒന്നാണ്. സർക്കാർ മേഖലയിലുള്ള ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകൾ നടക്കുമ്പോൾ അവയവ കച്ചവടമായി അത് വ്യാഖ്യാനിക്കപ്പെടുകയുമില്ല. മാത്രമല്ല, ഏറ്റവും യോഗ്യതയുള്ള സാധാരണക്കാർക്കാവും ഇതിന്റെ പ്രയോജനം വന്നുചേരുക. അതിനാൽ അവയവദാനത്തിന് കൂടുതൽ പേർ രജിസ്റ്റർ ചെയ്യുന്നതിന് അനുകൂലമായ പ്രചാരണ പരിപാടികളും മറ്റും ആരോഗ്യവകുപ്പ് തന്നെ മുൻകൈയെടുത്ത് നടപ്പാക്കേണ്ടതാണ്. സർക്കാർ മേഖലയിൽ അവയവ മാറ്റത്തിനു മാത്രമായി ഒരു ആശുപത്രി ആരംഭിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |