
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കെെവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ശിവൻകുട്ടി ദേവനന്ദയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം
അഭിനന്ദനങ്ങൾ ദേവനന്ദ..
റെക്കോർഡ് വേഗത്തിനൊപ്പം സ്നേഹവീടും..
സംസ്ഥാന സ്കൂൾ കായികമേളയിൽ ചരിത്രമെഴുതിയ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ വി ബിജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 100 മീറ്ററിലും ദേവനന്ദ സ്വർണ്ണം നേടി.
അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്സിന് ശേഷം ആശുപത്രിയിൽ പോയി ഫൈനലിന് മടങ്ങിയെത്തിയാണ് ദേവനന്ദ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.
ബാർബറായ അച്ഛൻ ബിജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയുടെയും മകളായ ദേവനന്ദയുടെ സാമ്പത്തിക സാഹചര്യം താരത്തെ നേരിൽ കണ്ടപ്പോൾ മനസിലായി. സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത ദേവനന്ദയുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ കുട്ടിക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ നിർദ്ദേശം നൽകി.
പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന ദേവനന്ദയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |