
തിരുവനന്തപുരം: സീനിയർ പെൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണം നേടിയ സന്തോഷം പങ്കിടാൻ എമി ട്രീസ ജിജി പിതാവിനെ ഫോൺ വിളിച്ചു. സന്തോഷവാക്കുകൾക്കപ്പുറം സങ്കടത്തോടെ പിതാവ് ജിജി എം. ജോൺ ഒരുകാര്യം ഓർമ്മിപ്പിച്ചു- 'അപ്പോ, നമ്മളിത് ഇവിടെ നിറുത്തുകയല്ലേ".....
പണമെന്ന കടമ്പയിൽ മകളുടെ കായികസ്വപ്നങ്ങൾ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് ജിജി.
കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് എമി. പെയിന്റിംഗ് തൊഴിലാളിയായ ജിജിയുടെ വരവിനുമപ്പുറമാണ് പരിശീലനച്ചെലവ്. ഇതുവരെ സ്കൂളിന്റെ പിന്തുണയുണ്ടായിരുന്നു. ഇനി ആരെങ്കിലും സഹായിക്കാതെ മുന്നോട്ടുപോകാനാവില്ല.
ഏഴാം ക്ലാസ് വരെ 100, 200 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് ഇനങ്ങളിൽ സബ്ജില്ലാ ചാമ്പ്യനായിരുന്നു എമി. എട്ടാം ക്ലാസിൽ മാർ ബേസിലിൽ എത്തിയപ്പോഴാണ് പോൾവാട്ടിലേക്ക് മാറിയത്. കഴിഞ്ഞ സ്‌കൂൾ മേളയിൽ വെള്ളി നേടിയിരുന്നു. ഇത്തവണ 2.60 മീറ്റർ ഉയരം ചാടിയാണ് സ്വർണം നേടിയത്. വീട്ടമ്മയായ ജോസ്മി ജോസഫാണ് മാതാവ്.
നാലുപേർ ചേർന്ന് ഒരു പോൾ
1.40 ലക്ഷം വിലയുള്ള പോൾ ഒറ്റയ്ക്ക് വാങ്ങാൻ ശേഷിയില്ലാത്തതിനാൽ നാലുകുട്ടികളുടെ രക്ഷാകർത്താക്കൾ ചേർന്നാണ് അടുത്തിടെ വാങ്ങി പരിശീലനത്തിന് നൽകിയത്. ഇതേത്തുടർന്നുള്ള 35000 രൂപയുടെ കടം വീട്ടിയിട്ടില്ല. സ്‌പൈക്സിനും മീറ്റുകൾക്കുള്ള യാത്രയ്ക്കും വലിയ തുക വേണം. സ്‌പോർട്സ് കൗൺസിലിന്റെ ഗ്രാന്റ് ലഭിക്കാത്തതിനാൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ മീറ്റുകൾക്ക് പോകുമ്പോൾ വണ്ടിക്കൂലിയും താമസവും അത്‌ലറ്റുകളുടെ തലയിലാണ്. ഓരോ ദേശീയ മത്സരവും കഴിയുമ്പോൾ കടംകൂടുകയാണ്.
മകളെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പോൾവാട്ടുകാരിയാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പണമില്ലാത്തതിനാൽ സ്കൂൾ കഴിഞ്ഞ് നിറുത്താമെന്ന് അവളോടുപറയേണ്ടിവന്നു. ആരെങ്കിലും സ്പോൺസർചെയ്താലേ മുന്നോട്ടുപോകാനാകൂ".
- ജിജി എം.ജോൺ, എമിയുടെ പിതാവ്
50 പൊൻതാരങ്ങൾക്ക് വീട് നൽകും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ പാവപ്പെട്ട 50 കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവകുപ്പ് വീടുവച്ചുനൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മേളയിൽ മെഡൽ നേടിയ പലരുടെയും സാമ്പത്തിക വിഷമതകളും വീടിന്റെ അവസ്ഥയും നേരിട്ടറിഞ്ഞതിനാലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. 50 വീടുകൾ പദ്ധതിക്ക് വിവിധ സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്.
പദ്ധതിയിൽ വീട് വച്ചു നൽകാൻ താത്പര്യമുള്ളവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാം. സ്കൂളുകളിൽ കുട്ടികൾക്ക് കായികപരിശീലനത്തിന് യഥാസമയം പണം ലഭ്യമാക്കുന്ന രീതിയിൽ സ്‌പോർട്സ് മാനുവൽ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മേളയിൽ സ്വർണം നേടിയ ഇടുക്കി സ്വദേശി ദേവപ്രിയയ്ക്ക് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയും, കോഴിക്കോട് സ്വദേശി ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സും വീട് നിർമ്മിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |