
അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വലിയ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഗൃഹനാഥന് ദാരുണാന്ത്യം. അടിമാലി ലക്ഷം വീട് ഉന്നതിയിൽ നെടുമ്പിള്ളികുടി ബിജുവാണ് (46) മരിച്ചത്. ഭാര്യ സന്ധ്യയെ (39) ഗുരുതര പരിക്കുകളോടെ ആലുവ രിജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30 നായിരുന്നു 100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് ദേശീയ പാതയിലേക്കും അടിഭാഗത്തുള്ള ഒമ്പത് വീടുകളിലേക്കും പതിച്ചത്. വെള്ളിയാഴ്ച ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായതിനാൽ പ്രദേശത്തുള്ള 26 കുടുംബങ്ങളെ ശനിയാഴ്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബിജുവും ഭാര്യയും സഹോദരൻ താമസിക്കുന്ന കുടുംബവീട്ടിലേക്കും മാറിയിരുന്നു. ഭക്ഷണം കഴിക്കാൻ ഇരുവരും വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന്റെ മേൽക്കൂര താഴേയ്ക്ക് പതിച്ച സ്ഥിതിയിലാണ്.
നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിക്കാനായത്. പുലർച്ചെ അഞ്ച് മണിയോടെയാണ്, ഫയർഫോഴ്സിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അവശിഷ്ടങ്ങൾ നീക്കി ബിജുവിനെ പുറത്തെടുത്തത്. ഉടൻ അടിമായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൃഷിപ്പണിക്കൊപ്പം തടിപ്പണിയും വ ബിജു നടത്തിയിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകിട്ട് തറവാട്ട് വളപ്പിൽ സംസ്‌കരിച്ചു. മകൻ ആദർശ് 2024 ഒക്ടോബറിൽ അസുഖബാധിതനായി മരിച്ചിരുന്നു. മകൾ ആര്യ നഴ്സിങ് വിദ്യാർത്ഥിയാണ്. ഭാര്യ സന്ധ്യ അടിമാലിയിലെ ക്ഷീര സഹകരണ സംഘത്തിലെ ജീവനക്കാരിയാണ്.
ഭർത്താവ് മരിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന സന്ധ്യ അറിഞ്ഞിട്ടില്ല. സന്ധ്യയുടെ വലതു കാലിലെ പേശികൾ ചതഞ്ഞരഞ്ഞ നിലയിലാണ്. ഇടതു കാലിൽ രക്തയോട്ടം നിലച്ചത് ആന്തരികാവയവങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കി. അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ച ബിജുവിന്റെ മകൾ ആര്യയുടെ പഠനച്ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |