SignIn
Kerala Kaumudi Online
Monday, 27 October 2025 5.53 PM IST

​എന്ത് ചതിയിത്; വടക്ക് റെഡ് അലർട്ടും!

Increase Font Size Decrease Font Size Print Page

a

ചെമ്മീൻ ചാടിയാൽ മുട്ടോളം. പിന്നെയും ചാടിയാൽ ചട്ടിയോളം- സ്കൂൾ വിദ്യാഭ്യാസ നവീകരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയോടുള്ള സി.പി.ഐയുടെ എതിർപ്പിനെ സി.പി.എം കാണുന്നത് ഇങ്ങനെയാണത്രെ! ഇതു സംബന്ധിച്ച പത്രക്കാരുടെ ചോദ്യത്തോട്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ 'എന്ത് സി.പി.ഐ" എന്ന പ്രതികരണത്തിൽത്തന്നെയുണ്ട്,​ എല്ലാം. തൊട്ടു പിറ്റേന്ന് അങ്ങ് ഡൽഹിയിൽവച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി യു. വാസുകി പി.എം. ശ്രീയിൽ കേന്ദ്ര സർക്കാരുമായി രഹസ്യമായി ഒപ്പുവച്ചു. അത് ഇരുചെവിയറിയാതെയല്ല.

ചുരുങ്ങിയ പക്ഷം, സഖാക്കളായ പിണറായി വിജയനും വി. ശിവൻകുട്ടിയും എം.എ. ബേബിയും എം.വി. ഗോവിന്ദൻ മാഷുമെങ്കിലും അറിയാതെ നടക്കില്ലെന്നത് മൂന്നരത്തരം. ഇടതു മുന്നണിയിലെ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ മാത്രമല്ല, സി.പി.എമ്മിലെ പല മന്ത്രിമാരെയും നേതാക്കളെയും ഇരുട്ടിൽ നിറുത്തിയായിരുന്നു ഒപ്പിടൽ. അരമന രഹസ്യം പിറ്റേന്ന് അങ്ങാടിപ്പാട്ടായപ്പോൾ തലയിൽ കൈവച്ച് 'എന്ത് വിധിയിത്... വല്ലാത്ത ചതിയിത്... " എന്ന് സി.പി.ഐ നേതാക്കളുടെ രോഷപ്രകടനം.

ഇതെന്ത് ന്യായം? ഇതെന്ത് നീതി? ഇതെന്ത് സർക്കാർ?​- പിണറായി സർക്കാരിലെ രണ്ടാം വലിയ കക്ഷിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സഖാവ് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചത് തെറ്റാണെന്ന് എങ്ങനെ പറയും? സി.പി.ഐക്കാർക്കുമില്ലേ സ്വന്തം നിലപാടും അന്തസും ആത്മാഭിമാനവും? മന്ത്രിസഭയിലും ഇടതു മുന്നണിയിലും സി.പി.എം പറഞ്ഞതെല്ലാം മറന്ന് തങ്ങളെയെല്ലാം ഇരുട്ടിൽ നിറുത്തിയാണ് കരാറിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പിനെ അനുവദിച്ചതെന്നും, ഇത് വലിയ ചതിയായിപ്പോയെന്നുമാണ് സഖാവിന്റെ വിമർശനം.

ഒപ്പുവച്ച കാര്യം സി.പി.എം മന്ത്രിമാരിൽത്തന്നെ പലരും അറിഞ്ഞത് ചാനലുകളിലൂടെ വാർത്ത പുറത്തു വന്നപ്പോഴാണത്രെ. ആദർശവും നയവും പറഞ്ഞിരുന്നാൽ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 1450 കോടി നഷ്ടപ്പെടില്ലേ എന്ന മന്ത്രി ശിവൻകുട്ടിയുടെയും ഗോവിന്ദൻ മാഷിന്റെയും മറ്റും ചോദ്യത്തിന് സി.പി.ഐക്കാർക്കും ഒറ്റ വാക്കിൽ ഉത്തരമില്ല. പിള്ളേര് ഇത്രയും അറിഞ്ഞാൽ മതിയെന്ന ഭാവം!

'പണത്തിനു മേൽ പരുന്തും പറക്കില്ല " എന്നാണ് ചൊല്ല്. എങ്കിലും , കുറച്ച് പണത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ബലി കഴിക്കണോ? ചരിത്രം തമസ്കരിക്കുകയും സംഘപരിവാർ ആശയങ്ങൾ കുത്തിനിറയ്ക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം വെള്ളംതൊടാതെ വിഴുങ്ങണോ?സി.പി.ഐക്കാരുടെ ഈ ചോദ്യത്തിന് ശിവൻകുട്ടി സഖാവിന് മറുപടിയില്ല. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാർ ഈ കേന്ദ്ര ഫണ്ടിനു വേണ്ടി പി.എം. ശ്രീയിൽ ഒപ്പിട്ടിട്ടില്ലല്ലോ എന്നും, നമുക്കും അവരെപ്പോലെ പണത്തിനായി കേസിനു പോയാൽ പോരേ എന്നുമാണ് മറ്റൊരു ചോദ്യം.

സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസിൽ യാത്രയും തയ്യൽ മെഷീനും, സ്കൂൾ- കോളേജ് കുട്ടികൾക്ക് ലാപ്ടോപ്പും സൈക്കിളുമെല്ലാം സൗജന്യമായി നൽകാൻ കോടികൾ ചെലവിടുന്ന തമിഴ്നാട് സർക്കാരിന് കേന്ദ്രത്തിന്റെ 2000 കോടിയൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. അതു പോലെയാണോ 'നഞ്ച് വാങ്ങി തിന്നാൻ പോലും നയാപൈസയില്ലാത്ത" കേരളത്തിന്റെ കാര്യം? ദിപസ്തംഭം മഹാശ്ചര്യം; നമുക്കും കിട്ടണം പണം.!

'ചായക്കോപ്പയിലെ കൊടുങ്കാറ്റ് "പോലെ സി.പി.ഐ ഉയർത്തുന്ന കലാപ ഭീഷണി ഒടുവിൽ

കെട്ടടങ്ങുമെന്നും, മുട്ടുമടക്കുമെന്നുമാണ് ചില മുൻകാല അനുഭവങ്ങൾ വച്ച് സി.പി.എം കണക്കുകൂട്ടിയത്. പക്ഷേ, ഇത്തവണ അത് ഒറ്റനടയ്ക്ക് പോകുന്ന ലക്ഷണമില്ല. 'എന്ത് സർക്കാരാണിത്; എന്താണിതിന്റെ കൂട്ടുത്തരവാദിത്തം; സാമാന്യ മര്യാദ പാലിക്കണ്ടേ? ഇതാവരുത് എൽ.ഡി.എഫിന്റെ ശൈലി..." പി.എം. ശ്രീയിൽ രഹസ്യമായി ഒപ്പ് വച്ചതിലുള്ള

ബിനോയ് വിശ്വത്തിന്റെ രോഷപ്രകടനം! സി.പി.ഐക്കാരായ നാല് മന്ത്രിമാരും രാജിവയ്ക്കാൻ പോകുന്നുവെന്നും,​ അടുത്ത മന്ത്രിസഭാ യോഗത്തിൽ അവർ പങ്കെടുക്കില്ലെന്നും,​ സി.പി.ഐ മുന്നണി വിടുമെന്നും വരെ അഭ്യൂഹങ്ങൾ. സി.പി.ഐ ഇങ്ങനെ നാണംകെട്ട് എൽ.ഡി.എഫിൽ എന്തിന് തുടരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു.ഡി.എഫിലേക്കു ക്ഷണിച്ച് കൺവീനർ അടൂർ പ്രകാശ്. ഇരിക്കുന്ന കൊമ്പ് അവർ മുറിക്കുമോ എന്നും ചോദ്യം.

ഇടതു നയം നടപ്പാക്കുന്ന സർക്കാരാണിത് എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് പത്രക്കാരോട് ഗോവിന്ദൻ മാഷിന്റെ ചോദ്യം! ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾ പലതും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടത്രെ! എങ്കിൽപ്പിന്നെ എല്ലാം വലിച്ചെറിഞ്ഞിട്ട് പൊയ്ക്കൂടേ എന്നാണ് ചോദ്യമെങ്കിൽ, വർഗീയ ഫിസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കാൻ ഇടതു സർക്കാർ തുടരണമെന്നായിരിക്കും സി.പി.എമ്മിന്റെ നിലവിലെ താത്വികാചാര്യനായ ഗോവിന്ദൻ മാഷിന്റെ മറുപടി. അപ്പോൾ, സംഘപരിവാറിന്റെ വർഗീയ അജൻഡയെ ഇത്രയും നാൾ എതിർത്തവർ തന്നെ, അതു നടപ്പാക്കാമെന്ന് ഒപ്പിട്ടു നൽകിയത് എന്തിനെന്ന് ചോദിക്കാം. അപ്പോൾ, കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട 1450 കോടിയോ?പണമല്ലേ അനിയാ വലുത്!

'പറ്റിപ്പോയി സഖാവെ,​ ഇനി എന്തു വേണമെന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം!" മന്ത്രിസഭയിൽപ്പോലും ചർച്ച ചെയ്യാതെ,​ പി.എം ശ്രീ പദ്ധതി നടപ്പാക്കാമെന്ന ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ ഇടഞ്ഞു നിൽക്കുന്ന സി.പി.ഐ നേതാക്കളെ കണ്ട് മന്ത്രി ശിവൻകൂട്ടിയുടെ കുമ്പസാരം. അത് വെറും തള്ളാണെന്നും, ഒപ്പിട്ട സ്ഥിതിക്ക് ഇനി ഒരു ചുക്കും

നടക്കില്ലെന്നും അറിയാവുന്ന സി.പി.ഐ നേതാക്കൾ കൂടുതലൊന്നും പറഞ്ഞില്ല. ഒരു 'വിളറിയ" ചിരി പാസാക്കിക്കൊടുത്തു; ശിവൻകുട്ടി തിരിച്ചും. ചായ കുടിച്ചു,​ കെട്ടിപ്പിടിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു.

'എല്ലാ പ്രശ്നങ്ങളും തീരും" - പുറത്തിറങ്ങിയ ശിവൻകുട്ടി പത്രക്കാരോട്. പിന്നാലെ വന്നു,​ മന്ത്രി ജി.ആർ. അനിലിന്റെ ആതിഥ്യമര്യാദ. 'ഒരാൾ പാർട്ടി ഓഫീസിൽ വരാമെന്നു പറഞ്ഞാൽ വേണ്ടെന്നു പറയാനാവില്ലല്ലോ! 'ഇന്ന് ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ സ്ഫോടനാത്മക തീരുമാനം വല്ലതും വരുമോ.? സി.പി.ഐ അല്ലേ പാർട്ടിയെന്ന് ട്രോളന്മാർ. അങ്ങനെ കളിയാക്കാൻ വരട്ടെ; കാത്തിരുന്ന് കാണാം.!

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോവുന്ന ലക്ഷണമാണ് സംസ്ഥാന കോൺഗ്രസിലെന്ന് വാർത്തകൾ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാവുമെന്നതാണ് വിഷയം. അതിനുള്ള ഓട്ടപ്പന്തയത്തിൽ പല ഭൈമീകാമുകന്മാരെയും കടത്തിവെട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലെത്തിയതായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടെ പുന:സംഘടനയ്ക്കു പിന്നാലെ, അതാ വരുന്നു സർവ സൈന്യാധിപൻ സാക്ഷാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കെ.പി.സി.സി ഭാരവാഹി പട്ടികയിൽ തനിക്ക് വേണ്ടപ്പെട്ട കൂടതൽ പേരെ അദ്ദേഹം ഉൾപ്പെടുത്തിയെന്നാണ് കേൾവി. കെ.സി കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ

പത്രക്കാരോട് വി.ഡി.സതീശന്റെ ക്ളാസിക് കമന്റ്: 'വടക്ക് മഴയല്ലേ.റെഡ് ആലർട്ടാണല്ലോ!

പത്രക്കാരോട് വി.ഡി.സതീശന്റെ ക്ളാസിക് കമന്റ്.'വടക്ക് മഴയല്ലേ.റെഡ് ആലർട്ടാണല്ലോ.'

ആർക്കാവും 'റെഡ് അലർട്ട്!" ആർക്കാവും റെഡ് അലർട്ട്?​

'ഒരു ചെറിയ സ്പാനർ ഇങ്ങെടുത്തേ. ഇപ്പ ശര്യാക്കിത്തരാം." ശബരിമല സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി തിരുവനന്തപുരത്തു നിന്ന് പറന്ന ഹെലികോപ്ടർ ആകസ്മികമായി പത്തനംതിട്ടയിലെ പ്രമാടത്ത് ഇറക്കി. തലേന്നത്തെ ഒറ്റരാത്രികൊണ്ട് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ രാഷ്ട്രപതി ഇറങ്ങിയ ശേഷം ഹെലികോപ്ടറിന്റെ

ഒരു ടയർ പുതഞ്ഞു. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ശ്രമപ്പെട്ട് ഹെലികോപ്ടർ തള്ളിനീക്കി. ഇത് ചെറുത്. ഒരു വിമാനം കിട്ടിയിരുന്നെങ്കിൽ...!

നുറുങ്ങ്:

●കലുങ്ക് സംവാദം വിവാദമായതോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോഫി ടൈംസിലേക്ക്!

■ കുറെ തള്ളുകളല്ലാതെ, ഇതൊക്കെക്കൊണ്ട് കേരളത്തിന് വല്ല ഗുണവും?

(വിദുരരുടെ ഫോൺ: 99461 08221)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.