
ചേർത്തല: മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ 50ാം ചരമ വാർഷിക ദിനത്തിൽ ഇന്ന് ആയിരങ്ങൾ സ്മൃതി മണ്ഡപത്തിൽ ഒത്തുചേരും. വയലാർ രാഘവപറമ്പിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വയലാറിന്റെ സ്മൃതി മണ്ഡപമായ ചന്ദ്രകളഭത്തിൽ പുഷ്പ്പാർച്ചനയ്ക്കായി എത്തിച്ചേരും. രാവിലെ വിവിധ സംഘടനകൾ അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
പുരോഗമന കലാസാഹിത്യസംഘം,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ,യുവകലാസാഹിതി എന്നിവ ചേർന്ന് നടത്തുന്ന വയലാർ അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ 8ന് പുഷ്പാർച്ചനക്കു ശേഷം പാലക്കാട് വയലാർ കലാസാംസ്‌കാരികവേദി നടത്തുന്ന ആത്മാവിൽ ഒരു ചിത കാവ്യാവിഷ്‌കാരം . 9ന് കവി സമ്മേളനം നാടകകൃത്ത് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.50 ഓളം കവികൾ കവിതകൾ അവതരിപ്പിക്കും. 10.30ന് അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും. അഡ്വ.എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷനാകും. വയലാറിന്റെ മകൻ ശരത്ചന്ദ്ര വർമ്മയടക്കം കുടുംബാംഗങ്ങൾ ചടങ്ങുകളുടെ ഭാഗമാകും.
ഇന്ന് മുതൽ 2026 ഒക്ടോബർ 27 വരെ വയലാർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ വർഷമായി ആചരിക്കും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും വയലാറിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിവിധ സംഘടനകളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |