
തിരുവനന്തപുരം: ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂർണമെന്റിൽ 18 വയസിന് താഴെയുള്ള ബോയ്സ് സിംഗിൾസിൽ വിജയ കിരീടമണിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചെറുമകൻ എഫിനോവ ഉമ്മൻ റിച്ചി. വിജയാഹ്ളാദത്തിനിടയിലും അതു കാണാൻ തന്റെ പ്രിയപ്പെട്ട അപ്പ ഉമ്മൻചാണ്ടി ഒപ്പമുണ്ടായില്ലെന്ന സങ്കടമായിരുന്നു എഫിനോവയ്ക്ക്. ഉമ്മൻചാണ്ടിയെ അപ്പ എന്നാണ് എഫിനോവ വിളിക്കുന്നത്.
തങ്ങളെ വിട്ടുപിരിഞ്ഞ അപ്പയ്ക്ക് വേണ്ടിയായിരുന്നു മുത്ത് എന്ന് ചെല്ലപ്പേരിട്ട് ഉമ്മൻചാണ്ടി വിളിക്കുന്ന എഫിനോവയുടെ ഓരോ സ്മാഷുകളും. പുരുഷ സിംഗിൾസിൽ എഫിനോവ റണ്ണർ അപ്പുമായി. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ മകനാണ് എഫിനോവ. പേരക്കുട്ടി ട്രോഫി ഏറ്റുവാങ്ങുന്നത് കാണാൻ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും എത്തിയിരുന്നു. ടെന്നീസ് ക്ലബിലായിരുന്നു മത്സരം.
ഉമ്മൻചാണ്ടിയുടെ കുടുംബം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി പുരുഷ ഡബിൾസിൽ വിജയിച്ച അരുൺ രാജ്- ശബരിനാഥ് സഖ്യത്തിന് മറിയാമ്മയും കെ.എസ്.ഇ.ബി സി.എം.ഡി മിൻഹാജ് ആലവും ചേർന്ന് സമ്മാനിച്ചു.
ചടങ്ങിൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.നീലകണ്ഠൻ നായർ അദ്ധ്യക്ഷനായി. ഓണററി സെക്രട്ടറി ബി. സുരേഷ് കുമാർ, ടി.ഡി.ടി.എ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എക്സിക്യുട്ടീവ് മെമ്പർ വിശാഖ് വി.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |