
കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും ഭരണത്തിലേറുകയെന്ന യു.ഡി.എഫ് സ്വപ്നം 2025ൽ പൂവണിയുമോ എന്നതിനപ്പുറം മുഖ്യ പ്രതിപക്ഷമെങ്കിലുമാകാൻ കഴിയുമോ എന്നതിലാണിപ്പോൾ ആശങ്ക.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി ശക്തമായ ത്രികോണപ്പോരാണ് നടക്കാൻ പോകുന്നതെന്നത് യു.ഡി.എഫിൽ മാത്രമല്ല,എൽ.ഡി.എഫിലും തെല്ലൊരു അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 2000ൽ പിറവിയെടുത്ത ശേഷം ഇത്രയും കാലം കൈപ്പിടിയിലൊതുക്കിയ ഭരണം ഇനിയും തുടരുകയെന്നത് ഇടതു മുന്നണിക്ക് മുൻ തിരഞ്ഞെടുപ്പുകളെക്കാൾ ദുഷ്ക്കരമാകും.മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഒരേസമയം യു.ഡി.എഫിനെയും ബി.ജെ.പിയെയും നേരിടുകയെന്നതാകും ഇക്കുറി സി.പി.എമ്മും ഇടതു മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളി.ഭരണത്തിലേറാൻ ഇതുവരെ കഴിയാത്ത കോൺഗ്രസും യു.ഡി.എഫും വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അർപ്പിക്കുന്ന പ്രതീക്ഷ പൂവണിയുമോ?നിരാശയിലായ കോൺഗ്രസ് അണികൾക്ക് പ്രതീക്ഷ പകർന്ന് നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് ഇക്കുറിയെങ്കിലും കഴിഞ്ഞില്ലെങ്കിൽ പിന്നീട് എന്ന് എന്ന വലിയ ചോദ്യമാണുയരുന്നത്. കോർപ്പറേഷൻ ഭരണം കിട്ടാക്കനിയായി നിൽക്കുമ്പോഴും ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അംഗസംഖ്യ താഴേക്ക് പോകുന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അനുഭവം.അതേസമയം ഒന്നുമല്ലാതിരുന്ന ബി.ജെ.പി,നില മെച്ചപ്പെടുത്തി കോൺഗ്രസിനൊപ്പം എത്തുന്ന കാഴ്ചയ്ക്കാണ് 5 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.നിലവിൽ 55 അംഗ കോർപ്പറേഷൻ കൗൺസിലിൽ 10 പേർ മാത്രമുള്ള യു.ഡി.എഫിൽ കോൺഗ്രസിന്റെ അംഗബലം 6 അംഗങ്ങളിൽ മാത്രമായി ഒതുങ്ങുന്നു.ബി.ജെ.പിക്കും 6 അംഗങ്ങളുണ്ട്.വരുന്ന തിരഞ്ഞെടുപ്പിൽ 6ൽ നിന്ന് പ്രധാന പ്രതിപക്ഷ സ്ഥാനത്തെങ്കിലും എത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ബി.ജെ.പി നടത്തുമ്പോൾ ആർക്ക് ഭരണത്തിലേറാനാകും എന്നതാണ് കണ്ടറിയേണ്ടത്.കാൽ നൂറ്റാണ്ടായി തുടരുന്ന ഇടത് ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെങ്കിലും അത് മുതലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ വിജയിക്കുകയെന്നതാണ് പ്രധാനം.അതിൽ യു.ഡി.എഫും ബി.ജെ.പിയും എത്രത്തോളം മുന്നേറുമെന്നതിനെ ആശ്രയിച്ചാകും ഫലം.ഒരു ഡിവിഷൻ കൂടി വർദ്ധിച്ച് 56 ഡിവിഷനിലേക്കാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷമായ 25 സീറ്റ് നേടുന്ന മുന്നണിക്ക് ഭരണത്തിലേറാനാകും.മുനിസിപ്പൽ നഗരമായിരുന്ന കൊല്ലം 2000 ൽ കോർപ്പറേഷൻ നഗരമായപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 23 സീറ്റുകൾ വീതം ലഭിച്ചിരുന്നു.വിമതരായി മത്സരിച്ച് ജയിച്ച 2 കോൺഗ്രസുകാരെ ഒപ്പം കൂട്ടിയാണ് ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത്.അതിനു ശേഷം ഇന്നുവരെ ഇടതുമുന്നണിയുടെ ഭരണമാണ് തുടരുന്നത്.
ആക്‌ഷൻ പ്ളാൻ തുടക്കത്തിലേ കല്ലുകടി
25 സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യം മുൻ നിർത്തി വ്യക്തമായ ആക്‌ഷൻ പ്ളാനുമായാണ് യു.ഡി.എഫും ബി.ജെ.പിയും നീങ്ങുന്നത്.മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇക്കുറി ആർ.എസ്.പി നേതാവും കൊല്ലം എം.പി യുമായ എൻ.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് ആവിഷ്ക്കരിച്ചിട്ടുള്ളത്.കാൽ നൂറ്റാണ്ടായി കൊല്ലം കോർപ്പറേഷൻ ഭരിക്കുന്ന ഇടതു മുന്നണിയുടെ അഴിമതിയും വികസന മുരടിപ്പും അക്കമിട്ട് നിരത്തി തയ്യാറാക്കുന്ന 'കുറ്റവിചാരണ യാത്ര'യുടെ നേതൃത്വം ആർ.എസ്.പി നേതാവ് പ്രേമചന്ദ്രനെ ഏൽപ്പിച്ചത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അത്ര ദഹിച്ചിട്ടില്ല.കൊല്ലം കോർപ്പറേഷൻ ദുർഭരണത്തിനെതിരെ എൻ.കെ പ്രേമചന്ദ്രൻ എം.പി നയിക്കുന്ന യു.ഡി.എഫ് ജാഥയ്ക്ക് ഇന്നലെ (തിങ്കൾ) കൊല്ലം അഞ്ചാലുംമൂട്ടിൽ തുടക്കം കുറിച്ചെങ്കിലും പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന ആരോപണം ഉന്നയിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ്.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത കുറ്റവിചാരണ യാത്ര 30 ന് സമാപിക്കും.തുടർന്ന് നവംബർ 1-4 വരെ കോർപ്പറേഷനിലെ ഭരണവീഴ്ചകൾ അക്കമിട്ട് നിരത്തുന്ന ലഘുലേഖകളുമായി കോൺഗ്രസ്,യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തും.5 ന് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കുറ്റപത്രം വായന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.കൊല്ലത്ത് ഇപ്പോൾ വലിയ ശക്തിയൊന്നും അല്ലാത്ത ആർ.എസ്.പിയെ ജാഥയുടെ നേതൃത്വം ഏൽപ്പിച്ചതിലാണ് പലർക്കും അതൃപ്തി.ഇക്കുറി ഭരണം പിടിച്ചെടുക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റം നടത്താനാകുമായിരുന്ന സാഹചര്യം ഇല്ലാതാക്കിയെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്.ഇക്കുറി 25 സീറ്റ് പിടിക്കുകയെന്ന ലക്ഷ്യവുമായാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തനമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ പറഞ്ഞു.56 ഡിവിഷനുകളിൽ 38 ൽ കോൺഗ്രസ് സ്ഥാനാർത്ഥികളും 11 സീറ്റിൽ ആർ.എസ്.പിയും 5 ഇടത്ത് മുസ്ലിംലീഗും ഓരോ സീറ്റിൽ വീതം കേരള കോൺഗ്രസും (ജേക്കബ്) ഫോർവേഡ് ബ്ളോക്കും മത്സരിക്കും.
കോൺഗ്രസുമായി ഒപ്പത്തിനൊപ്പം ബി.ജെ.പി
2020 ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി കോൺഗ്രസുമായി ഒപ്പത്തിനൊപ്പം 6 സീറ്റ് നേടിയത്.അന്ന് 18 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തായിരുന്നതാണ് ബി.ജെ.പി ക്ക് പ്രതീക്ഷ നൽകുന്നത്. 23 ഡിവിഷനുകളിൽ പ്രത്യേകം പരിഗണന നൽകി ശക്തമായ നീക്കമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ബി.ജെ.പി നടത്തുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പലകുറി നേരിട്ടെത്തിയാണ് നേതൃത്വം നൽകുന്നത്.രാജ്യത്താകെ ബി.ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയും കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകുന്ന പ്രചോദനവും പ്രചരണായുധമാക്കിയാണ് ബി.ജെ.പി യുടെ പ്രവർത്തനം. യു.ഡി.എഫിനും എൽ.ഡി.എഫിനും കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന നല്ലൊരു ശതമാനം വോട്ടുകളും ഇപ്പോൾ ബി.ജെ.പിക്ക് ലഭിക്കുന്നതായി ഇരു മുന്നണികളും സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പോടെയാണ് ഇത് കൂടുതൽ പ്രകടമായത്.ഇടതുമുന്നണിയിൽ നിന്ന് കൂടി കാര്യമായ വോട്ട് ചോർച്ച ബി.ജെ.പിയിലേക്കുണ്ടായാൽ 2025ലെ തിരഞ്ഞെടുപ്പിൽ അട്ടിമറികൾ സംഭവിച്ചാലും അത്ഭുതപ്പെടാനാകില്ല.മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പി ഇക്കുറി കൂടുതൽ സജീവമായി രംഗത്തിറങ്ങിയിട്ടുള്ളത് ഇടത്,വലത് മുന്നണികളുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്.ഇരു മുന്നണികൾക്കും കാലങ്ങളായി വോട്ട് ചെയ്യുന്നവരെ ലാക്കാക്കി കണക്ക് കൂട്ടിയുള്ള പ്രവർത്തനമാണ് ബി.ജെ.പി നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് ഒരു സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പിയുടെ പ്രവർത്തനത്തിന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെയാണ് നേതൃത്വം നൽകുന്നത്.താഴെത്തട്ട് വരെ ശക്തമായ അടിത്തറയും വിവിധ ജനവിഭാഗങ്ങളിലുള്ള സ്വാധീനവും കാൽനൂറ്റാണ്ടായി തുടരുന്ന ഭരണസ്വാധീനവും വീണ്ടും തുടർഭരണം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ സി.പി.എം നേതൃത്വവും ഇടതു മുന്നണിയും.ശക്തമായ സംഘടനാ സംവിധാനവും സാമ്പത്തികവും അവർക്ക് തുണയേകുന്ന ഘടകങ്ങളാണ്.കാൽ നൂറ്റാണ്ടായി ഭരണം നടത്തിയിട്ടും കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറ്രും വിധമുള്ള കാര്യമായ വികസന നേട്ടമൊന്നും എടുത്തുകാട്ടാനില്ലെന്നതാണ് ഇടതു മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. മാലിന്യ സംസ്ക്കരണത്തിന് വ്യക്തമായൊരു പദ്ധതി ഇതുവരെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.അഷ്ടമുടിക്കായൽ മദ്ധ്യത്തിൽ വരെയെത്തി പാതിവഴിയിൽ നിൽക്കുന്ന ലിങ്ക്റോഡ്- തോപ്പിൽകടവ് പാലം ചോദ്യചിഹ്നം പോലെ നിൽക്കുന്നു.
ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച് ഇന്റലിജന്റ്സ് റിപ്പോർട്ട്
ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ബി.ജെ.പി അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്ന സംസ്ഥാന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് ഇടത്,വലത് മുന്നണികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.റിപ്പോർട്ട് ശരിയല്ലെന്ന് ഇരു മുന്നണികളും ആശ്വസിക്കുന്നുവെങ്കിലും പുറമെ കാണും പോലെയല്ല കാര്യങ്ങളെന്ന് അവർക്കും ഉത്തമ ബോദ്ധ്യമുണ്ട്.കൊല്ലം കോർപ്പറേഷനിൽ ബി.ജെ.പി നിർണായക ശക്തിയാകുമെന്നും 17 മുതൽ 23 വരെ സീറ്റുകളിൽ വിജയിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.26 അംഗ ജില്ലാ പഞ്ചായത്തിലും ബി.ജെ.പി ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |