
ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികൾക്ക് തൃശൂരിലെ മലയോര ഗ്രാമമായ പുത്തൂരും പുതിയൊരു സഞ്ചാരകേന്ദ്രമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് പുത്തൂരിൽ നാടിന് സമർപ്പിക്കപ്പെടുന്ന ധന്യനിമിഷം കേരളത്തിന്റെ വികസന സാക്ഷാത്കാരത്തിന്റെ കൊടിയേറ്റം കൂടിയാണ്. 338 ഏക്കർ വനഭൂമിയിൽ ഒരുക്കിയിട്ടുള്ള തൃശൂർ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാല കൂടിയാണ്. സ്വാഭാവിക വനഭൂമിയുടെ ഭംഗിക്ക് ഒരു കോട്ടവും തട്ടാതെയാണ് ഇവിടെ 23 ആവാസ ഇടങ്ങളും സന്ദർശകർക്കുള്ള പാതകളും ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ശ്രദ്ധേയനായ മൃഗശാലാ ഡിസൈനർ ആയ ഓസ്ട്രേലിയൻ പൗരൻ ജോൻ കോയുടെ രൂപകല്പനയിലാണ് മൂന്നു ഘട്ടങ്ങളായി സുവോളജിക്കൽ പാർക്ക് നിർമ്മിച്ചെടുത്തത്.
തൃശൂർ നഗരത്തിനു പുറത്തൊരു മൃഗശാല എന്ന ആശയം ഉയർന്നത് 2003-ലാണ്. ആദ്യം രാമവർമ്മപുരത്തും പിന്നീട് പീച്ചിയിലും സ്ഥലം കണ്ടെത്താൻ ആലോചനയുണ്ടായെങ്കിലും 2006-ൽ വി.എസ് സർക്കാർ അധികാരമേറ്റ ശേഷമാണ് പുത്തൂരിലെ വനഭൂമിയിലേക്ക് തൃശൂർ മൃഗശാല മാറ്റാനുള്ള നടപടികൾ സജീവമാകുന്നത്. അന്നത്തെ ഒല്ലൂർ എം.എൽ.എ രാജാജി മാത്യു തോമസ്, വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനു നൽകിയ നിലവദനം സർക്കാർ പരിഗണിച്ചു. മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് 2006 ഒക്ടോബറിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 2007 മാർച്ചിൽ റവന്യു മന്ത്രി കെ.പി. രാജേന്ദ്രൻ, വനം മന്ത്രി ബിനോയ് വിശ്വം, മൃഗശാലാ വകുപ്പ് മന്ത്രി എം.എ. ബേബി എന്നിവർ ഒരുമിച്ചിരുന്ന് വനേതര ഭൂമി കണ്ടെത്താൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. പുത്തൂരിൽ മൃഗശാല സ്ഥാപിക്കാൻ സ്ഥലം പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പ്രൊഫ. എം.കെ പ്രസാദിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.
പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ.ബി. ഗണേശ്കുകുമാറിന്റെ ഇടപെടലിലാണ് മൃഗശാലാ വകുപ്പിൽ നിന്ന് പുത്തൂരിലെ മൃഗശാലാ പ്രൊജക്ട് വനം വകുപ്പിന്റെ കീഴിലേക്കു മാറ്റിയത്. പക്ഷേ, വർഷാവർഷം അനുവദിക്കപ്പെടുന്ന പ്ലാൻ ഫണ്ടിലെ ചെറിയ തുകകൊണ്ട് നിർമ്മാണ പ്രവൃത്തികൾ ഒറ്റയടിക്ക് നടപ്പാക്കുക അസാദ്ധ്യമായി. 2016-ൽ ഒന്നാം
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് പുത്തൂരിന്റെ പ്രതീക്ഷകൾക്ക് പുത്തൻ ഉണർവു വന്നത്. ഒല്ലൂർ എം.എൽ.എ എന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞു.
കിഫ്ബിയിലൂടെയാണ് യഥാർത്ഥത്തിൽ സുവോളജിക്കൽ പാർക്ക് എന്ന സ്വപ്നത്തിന് ചിറകു മുളച്ചത്. 2016-ൽ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റിൽ കിഫ്ബി വഴി ആദ്യം 150 കോടി അനുവദിച്ചു. ആഗസ്റ്റിൽ പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ ചുമതല സി.പി.ഡബ്ലിയു.ഡിയെ ഏൽപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സുവോളജിക്കൽ പാർക്ക് എന്ന സ്വപ്നത്തിന്റെ ഏറ്റവും വലിയ സാക്ഷാത്കാരം 2018 മാർച്ചിൽ ലഭിച്ച പാരിസ്ഥിതിക അനുമതിയാണ്. തുടർന്നാണ് 2018 ഫെബ്രുവരി 15 ന്, അന്നത്തെ വനം മന്ത്രി കെ. രാജു നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചത്.
രണ്ടാംഘട്ട നിർമ്മാണത്തിനായി 157.57 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയാവുക കൂടി ചെയ്തതിനിടെയാണ് പാർക്കിലെ നിർമ്മാണങ്ങൾ തടഞ്ഞ് കേന്ദ്രം കത്തയച്ചത്. എന്നാൽ, ഒരു കാരണവശാലും നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി കെ. രാജുവുമായി കൂടിയാലോചിച്ച് സ്ഥലം എം.എൽ.എ എന്ന നിലയിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 13-ന് കോടതിയിൽ നിന്ന് നിർമ്മാണാനുമതി നേടിയെടുത്തു.
രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം 2019 മാർച്ച് രണ്ടിന് അന്നത്തെ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് നിർവഹിച്ചത്. അതിനിടെ 2020-ൽ ലോകമാകെ ഗ്രസിച്ച കൊവിഡ് മഹാമാരി നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചെങ്കിലും കൊവിഡ് ശമിച്ചതോടെ നിർമ്മാണം പുനരാരംഭിച്ചു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസഭാംഗം കൂടിയായതോടെ ഇടപെടലുകൾക്ക് കരുത്തു കൂട്ടാൻ അവസരമായി. സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തന അംഗീകാരത്തിനുള്ള ഇടപെടലുകളും ഈ ഘട്ടത്തിൽ നടത്തുകയും 2022 മെയ് 19 ന് അംഗീകാരം നേടുകയും ചെയ്തു.
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നുള്ള 40 കോടി രൂപയും വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കപ്പെട്ടു. 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്കിലേക്കുള്ള കുട്ടനെല്ലൂർ - പുത്തൂർ മോഡൽ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി വരുന്നു. കേരളത്തിന്റെ ടൂറിസം വികസന ചരിത്രത്തിൽ സുവോളജിക്കൽ പാർക്കും, പീച്ചിയും മരോട്ടിച്ചാൽ വെള്ളച്ചാട്ടവും കച്ചിക്കോട് ഡാമും ഒരപ്പൻകെട്ടിൽ ഒരുങ്ങുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രവുമൊക്കെ ചേരുന്ന ഒല്ലൂർ ടൂറിസം കോറിഡോർ ഇടംപിടിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |