
പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഇന്ന് യാഥാർത്ഥ്യമാകുമ്പോൾ, അത് സാക്ഷാത്കരിക്കപ്പെട്ടതിനു പിന്നിലെ തടസങ്ങളും മറന്നുകൂടാ. 1995-ൽ, തൃശൂർ പട്ടണത്തിലെ മൃഗശാലയിൽനിന്ന് 12 കി. മീറ്റർ ദൂരെ പുത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട വനഭൂമിയിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ടായെങ്കിലും, വനഭൂമിക്കു പകരം വനേതര ഭൂമി എന്ന ബാലികേറാ മലയിൽ തട്ടി തീരുമാനം വർഷങ്ങൾ നീണ്ടുപോവുകയായിരുന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ 2007-ലെ ഒരു മാർഗരേഖ പുറത്തുവന്നതാണ് പിടിവള്ളിയായത്.
വനമേഖലയിലുള്ള മൃഗശാല, സുവോളജിക്കൽ പാർക്ക്, ബയോളജിക്കൽ പാർക്ക് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അംഗീകാരത്തോടെ നടന്ന പ്രവൃത്തികൾക്ക് വന സംരക്ഷണ നിയമം ബാധകമല്ല എന്ന ഈ മാർഗരേഖയായിരുന്നു ഇത്. 2006-ലെ വി.എസ് സർക്കാർ അധികാരത്തിൽ വന്നശേഷം മൃഗശാലാ വിഷയം വീണ്ടും സജീവമായി. അന്നത്തെ ഒല്ലൂർ എം.എൽ.എ രാജാജി മാത്യു തോമസ്, അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വത്തിന് പുത്തൂർ പഞ്ചായത്തിന്റെ നിവേദനം കൈമാറിയതോടെയാണ് നടപടികളുടെ തുടക്കമായത്.
ഇതേത്തുടർന്ന് പുത്തൂരിലേക്ക് മൃഗശാല മാറ്റുന്നതിനായി 2006-ൽ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചു. ചില അന്തർ വകുപ്പ് തർക്കങ്ങളും മത്സരങ്ങളും പിന്നെയും കാലം വൈകിപ്പിച്ചു. 2010-ലെ പരിസ്ഥിതി ദിനത്തിൽ മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ചുറ്റുമതിലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ വനം മന്ത്രി ഗണേശ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മാസ്റ്റർ പ്ളാനിന് പ്രാഥമിക അംഗീകാരം നൽകി.
136.8 ഹെക്ടർ വിസ്തൃതിയിലുള്ള പാർക്കിൽ 80 ഇനങ്ങളിലായി 534 ജീവികളുണ്ട്. മൃഗങ്ങൾക്ക് പരമാവധി സ്വകാര്യത ഉറപ്പാക്കുന്നതിനായി ആവാസ ഇടങ്ങളുടെ 30 ശതമാനം വരുന്ന ഭാഗത്തു മാത്രമേ സന്ദർശക പാതയുള്ളൂ. 2016 മേയിൽ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തി, മുഖ്യമന്ത്രിയായി പിണറായി വിജയനും ഒല്ലൂർ എം.എൽ.എയായി കെ. രാജനും എത്തിയതോടെ പിന്നീട് ചടുല നീക്കമായിരുന്നു. ധനമന്ത്രി തോമസ് ഐസക്കിനു മുന്നിൽ കിഫ്‌ബിയിൽ പദ്ധതി സമർപ്പിച്ചു. 150 കോടി രൂപയാണ് കിഫ്‌ബി ആദ്യപടിയായി അനുവദിച്ചത്. സുവോളജിക്കൽ പാർക്കിന്റെ തലവര മാറ്റിയ ചരിത്രസംഭവമായിരുന്നു അത്.
അന്ന് വനം മന്ത്രിയായിരുന്ന ഞാൻ നേരിട്ട് പുത്തൂരിൽ എത്തി അവലോകനയോഗങ്ങൾ ചേർന്നു. മൃഗശാലാ ജീവനക്കാരായി ഇപ്പോൾ തൃശൂർ മൃഗശാലയിലെ ജീവനക്കാരെ ഉൾപ്പെടുത്തി അവരുടെ സേവനത്തിനും, വേതനത്തിനും പ്രശ്നമില്ലാത്ത തരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞത് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സഹായകമായി. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് 2021 സെപ്തംബറിൽ ഉദ്‌ഘാടനം നിർവഹിക്കാനായി. പുത്തൂർ പ്രദേശത്തിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് സുവോളജിക്കൽ പാർക്ക് ഇടയാക്കിയിട്ടുണ്ട്. പുത്തൂർ ഒരു വലിയ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |