SignIn
Kerala Kaumudi Online
Wednesday, 29 October 2025 1.16 AM IST

പി.എം ശ്രീയിൽ ഒപ്പുവച്ചാലും എന്ത് പഠിപ്പിക്കണമെന്ന് നമ്മൾ തീരുമാനിക്കും

Increase Font Size Decrease Font Size Print Page
pm-sree

പി.എം.ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെ തുടർന്നുണ്ടായ അക്കാദമിക ചർച്ചകളെ സ്വാഗതം ചെയ്യുകയും അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുകയാണ്. 2016-ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലോകത്തിനുതന്നെ മാതൃകയാവുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉണ്ടായത്. ഭൗതിക സാഹചര്യ വികസനത്തോടൊപ്പം അക്കാദമിക് ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമാണ് പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും,​ അദ്ധ്യാപക പരിശീലനവും മൂല്യനിർണയ പരിഷ്കരണങ്ങളും മറ്റും.

ദേശീയ വിദ്യാഭ്യാസ നയങ്ങളെ വിലയിരുത്തുമ്പോൾ അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും,​ സാങ്കേതികമായ ഉള്ളടക്കവും വിലയിരുത്തേണ്ടിവരും. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ഹൈന്ദവതയിൽ ഊന്നിയുള്ള രാഷ്ട്രീയമാണ്. ഈ വർഗീയ പ്രത്യയ ശാസ്ത്രത്തെ കേരളം കൃത്യതയോടെ പഠിച്ചിട്ടുണ്ടെന്നു മാത്രമല്ല, ഈ നയത്തെ അകറ്റിനിറുത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യൻ നോളജ് സിസ്റ്റം (Indian Knowledge System- IKIS)​ എന്ന ഓമനപേരിട്ട് നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന പാഠഭാഗങ്ങൾ ഈ നയത്തിന്റെ പ്രയോഗവൽക്കരണമാണ്.

അക്കാദമിക്

മികവുകൾ

അതേസമയം,​ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന അക്കാദമികമായ സാങ്കേതിക ഭാഗങ്ങൾ നാം സൂക്ഷ്മമായി വിലയിരുത്തി നടപ്പിലാക്കേണ്ടതാണ്. ഇതിൽ ജാഗ്രതയോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്നത്. സ്കൂളുകളുടെ ഘടനാപരമായ മാറ്റങ്ങൾ, പ്രവേശനപ്രായം, മൂല്യനിർണയ മാറ്റങ്ങൾ, അദ്ധ്യാപക യോഗ്യത, നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്, അപാർ ഐഡി (Automated Permanent Academic Account Registry),​ സംയോജിത അദ്ധ്യാപക പരിശീലന കോഴ്സ് എന്നിവയെല്ലാം ഈ നയത്തിന്റെ അക്കാദമിക നിർദ്ദേശങ്ങളാണ്. ഇവയെല്ലാം കുട്ടികളുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമായി വിലയിരുത്തിയതിനു ശേഷമേ തീരുമാനങ്ങളിലേക്കു പോവുകയുള്ളൂ.

2020-ലെ ദേശീയ വിദ്യാഭ്യാസനയത്തെ കേരളം വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഈ പദ്ധതി കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയോളം വളർന്നിട്ടില്ല എന്നതാണ് അത്. നയരേഖയുടെ ആദ്യഭാഗത്ത്,​ 2030-ഓടെ ഇന്ത്യയിലെ മുഴുവൻ കുട്ടികളെയും ഒന്നാം ക്ലാസിൽ എത്തിക്കുമെന്ന് പറയുന്നുണ്ട്. കേരളം ഇത് 20 വർഷം മുമ്പേ നേടിക്കഴിഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജി.ഇ.ആർ,​ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഇവയെല്ലാം നമ്മൾ അത്ഭുതത്തോടെയാണ് വിലയിരുത്തുന്നത്. അതുകൊണ്ട് ദേശീയ നയരേഖയിൽ,​ സംസ്ഥാനത്തിന് അനുഗുണമാകുന്ന നിർദ്ദേശങ്ങൾ ഭാവിയെ മുൻനിറുത്തി നടപ്പാക്കാനാണ് നാം ശ്രമിക്കുന്നത്.

വ്യാഖ്യാനം

തെറ്റ്

പി.എം.ശ്രീ പദ്ധതി നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഒന്നായി പരിഗണിച്ചിട്ടുമില്ല. എന്നാൽ ഈ പദ്ധതിയെ മുന്നിൽ നിറുത്തി,​ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ 1400 കോടിയിലധികം രൂപ തടഞ്ഞുവയ്ക്കുമ്പോൾ, സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുവാനും പി.എം. ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെ നിറുത്തി എന്നേയുള്ളൂ. പി.എം ശ്രീയുടെ ധാരണാപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ചിലർ മത്സരിക്കുകയാണ്. പദ്ധതിയിൽ ഒപ്പുവച്ചാൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റി,​ കേന്ദ്രം നിശ്ചയിക്കുന്ന പാഠ്യപദ്ധതി നടപ്പാക്കേണ്ടി വരുമെന്നത് തികച്ചും അവാസ്തവാണ്. സംസ്ഥാനങ്ങൾക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസ നയം തന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3). മാത്രമല്ല, രാജ്യത്തു സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്.

നിലവിൽ എൻ.സി.ഇ.ആർ.ടി-യുടെ 44 ടൈറ്റിൽ പുസ്തകങ്ങളും കേരള എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന 80 പുസ്തകങ്ങളും നാം ഉപയോഗിച്ചു വരികയാണ്. ഓരോ വർഷവും ഈ രണ്ട് ഏജൻസികളും ഒപ്പുവയ്ക്കുന്ന ധരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. എന്നാൽ ഈ ധരണാപത്രത്തിൽ ഒരിടത്തു പോലും എൻ,​സി.ഇ.ആർ.ടി പുസ്തകങ്ങളിലെ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചുകൊള്ളാമെന്ന് ധാരണയില്ല. പുസ്തകങ്ങളുടെ എണ്ണം കണക്കാക്കി റോയൽറ്റി മാത്രമാണ് നമ്മൾ നൽകി വരുന്നത്. ഇവിടെ വ്യക്തമാകുന്ന കാര്യം,​ അക്കാദമികമായി ഏതു പുസ്തകം സ്വീകരിച്ചാലും,​ ഏത് പാഠം പഠിപ്പിക്കണം; പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങൾക്കുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗപ്പെടുത്തിയാണ്. സമഗ്ര ശിക്ഷ, പി.എം പോഷൺ സ്റ്റാർസ്, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം എന്നിവയും,​ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പി.എം ഉഷയും ഇതിനകം കേരളം നടപ്പിലാക്കിവരുന്ന പദ്ധതികളാണ്. ഈ പദ്ധതികളെയെല്ലാം കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 2022 മുതൽ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയത്തിലെ 86 നിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്രം പുന:ക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും നമ്മൾ കേരളീയ സാഹചര്യത്തിൽ നിന്നുകൊണ്ട് അവ നടപ്പാക്കുകയാണ് ചെയ്തത്. സാക്ഷരതാ പ്രവർത്തനത്തിന്റെ പുതിയ ദേശീയ പദ്ധതിയായ NILP-യും ഇവിടെ കേരളീയ രീതിയിലാണ് നടപ്പാക്കുന്നത്.

കുട്ടികളുടെ

ചോദ്യം

കേരളത്തിലെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികൾക്കും വിദ്യാഭ്യാസ അവകാശങ്ങളുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടിയുടെ മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് എന്തു കൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ അടിസ്ഥാനപരമായ ചോദ്യത്തിന് സർക്കാർ മറുപടി നൽകേണ്ടതായുണ്ട്. പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങൾ പോലെ തന്നെ,​ കുട്ടികളുടെ ചോദ്യങ്ങളും പ്രസക്തമാണ്. വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്ന,​ എട്ടാംക്ലാസ് വരെയുള്ള സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോമുകൾ, ഭിന്നശേഷി കുട്ടികളുടെ പഠനം, ട്രൈബൽ- തീരദേശ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ, അധ്യാപക പരിശീലനങ്ങളും പരീക്ഷകളും... ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ നാം തുടർന്നും നടപ്പിലാക്കേണ്ടവയാണ്.

കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കോടതികളെ സമീപിക്കണമെന്ന വാദവും,​ തമിഴ്നാട് മാതൃക സ്വീകരിക്കണമെന്ന വാദവും ശ്രദ്ധയിൽപ്പെട്ടു. കുട്ടികൾക്ക ലഭ്യമാകേണ്ട വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുക എന്ന പ്രാഥമിക ഉത്തരവാദിത്വ ബോധമാണ്,​ കാലതാമസം വരുന്ന ഇത്തരം നടപടികളിലേക്ക് പോകാതിരിക്കാൻ കാരണം. തമിഴ്നാട് കോടതിയെ സമീപിച്ചത് കേരളത്തിൽ നമ്മൾ ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത വിദ്യാഭ്യാസ അവകാശനിയമം 12 (1) c നേടിയെടുക്കുന്നതിനാണ്. 2022-ൽ പി.എം ശ്രീ പദ്ധതിയുടെ ഭാഗമാവുകയും തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയും ചെയ്ത പഞ്ചാബിന് 2023-ൽ വീണ്ടും പദ്ധതിയുടെ ഭാഗമാകേണ്ടി വന്ന സാഹചര്യവും കൂടി പഠിച്ചതിനു ശേഷമാണ് കേരളം അന്തിമതീരുമാനത്തിലേക്ക് എത്തിയത്.

TAGS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.