
(യോഗനാദം 2025 നവംബർ 1 ലക്കം എഡിറ്റോറിയൽ)
സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുകയാണ്. ഹൈന്ദവ വിശ്വാസത്തെ തന്നെ അവഹേളിക്കുന്ന നിലയിലേക്ക് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെ ഭരണം മാറിപ്പോയെന്നതിന്റെ മകുടോദാഹരണമായി, ഈ സംഭവം. മാറി മാറി ഭരിച്ച ഒരു സർക്കാരിനും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. സ്വയംഭരണ സ്ഥാപനങ്ങളായിരിക്കെത്തന്നെ അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു.
അധികാര രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിർഗുണന്മാരായ കുറച്ചു നേതാക്കൾക്ക് രണ്ടോ മൂന്നോ വർഷത്തെ പദവിയും ശിഷ്ടകാലം ജീവിക്കാൻ വകയുമുണ്ടാക്കാനുള്ള സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി. ചൂഷണവും മോഷണവും നടത്താത്തവർ വന്നവരിലും പോയവരിലും കുറവാണ്. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവരും ചുരുക്കം. സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാർ നിയോഗിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റർമാരുടെയും സ്പെഷ്യൽ കമ്മിഷണർമാരുടെയും കാര്യവും തഥൈവ. സ്വന്തം നാട്ടിൽ രണ്ടുവർഷം ജോലി ചെയ്യാനോ അധികാരത്തിന്റെ ശീതളിമയിൽ കാറും ക്വാർട്ടേഴ്സും സുഖവാസവും ലക്ഷ്യമിട്ടോ മന്ത്രിമാരുടെ കാലുപിടിച്ചെത്തുന്നവരാണ് ഇവരിലേറെയും.
മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോർഡുകളിലാണ്. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലിൽ എണ്ണാവുന്നവർ മാത്രം. രാഷ്ട്രീയ അതിപ്രസരത്തിലൂടെ സർവീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. സ്വാധീനമുള്ള ഒരു സ്വീപ്പറെ തൊടാൻ പോലും മേലുദ്യോഗസ്ഥർക്കാവില്ല. ഗായത്രിമന്ത്രം അറിയാത്ത പൂജാരിമാരും മാലകെട്ടോ ഇടയ്ക്കകൊട്ടോ അറിയാത്ത കഴകക്കാരും കണക്കറിയാത്ത അക്കൗണ്ടന്റുമാരും മാനേജ്മെന്റിന്റ ബാലപാഠം അറിയാത്ത മാനേജർമാരും എസ്.എസ്.എൽ.സി പാസാകാത്ത അസി. കമ്മിഷണർമാരും അരമതിൽ പോലും കെട്ടാനറിയാത്ത എൻജിനിയർമാരും ഉൾപ്പെട്ട ഉദ്യോഗസ്ഥവൃന്ദമാണ് ദേവസ്വം ബോർഡുകളിൽ!
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനാണ് മേൽക്കോയ്മ. ഇവരിൽ നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ശാന്തിക്കാർ ഉൾപ്പെടെ ക്ഷേത്രജീവനക്കാർ രണ്ടാംകിട പൗരന്മാരാണ്. 2015-ൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വരും മുമ്പ് നേരിട്ട് നിയമിക്കപ്പെട്ട ജീവനക്കാരിൽ 99 ശതമാനവും കോഴകൊടുത്തും ബന്ധുബലത്താലും രാഷ്ട്രീയ സ്വാധീനത്തിലുമൊക്കെ എത്തിയവരാണ്. ഇപ്പോൾ റിക്രൂട്ട്മെന്റ് ബോർഡ് വഴിയെത്തുന്ന സമർത്ഥരായ ചെറുപ്പക്കാർ ഇവിടത്തെ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുകളും കണ്ട് രാജിവച്ച് ഓടി രക്ഷപ്പെടുകയാണ്.
വിരുതന്മാരായ ജീവനക്കാരും ബോർഡംഗങ്ങളിലെ പെരുങ്കള്ളന്മാരും ചേർന്ന് ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും പതിറ്റാണ്ടുകളായി കട്ടുമുടിക്കുന്നു. എള്ളോളം ദൈവവിശ്വാസം ഇവർക്കുണ്ടെന്നു തോന്നുന്നില്ല. ഭക്തർ കാണിക്കയായും വഴിപാടിനായും സമർപ്പിക്കുന്ന പണമാണ് ദേവസ്വം ബോർഡുകളുടെ വരുമാനം. അതിൽ ഏറിയപങ്കും വിനിയോഗിക്കുന്നത് ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാനാണ്. ക്ഷേത്ര സ്വത്ത് സംബന്ധമായ പൗരാണികമായ രേഖകൾ ഭൂരിഭാഗവും നശിപ്പിക്കുകയോ തിരിമറികൾ നടത്തുകയോ ചെയ്തിട്ടുണ്ട്. ഭൂസ്വത്തുക്കൾ ഏറിയപങ്കും കൈയേറ്റക്കാരുടെ പക്കലായി. സർക്കാർ വകുപ്പുകൾ വരെ ദേവസ്വം ഭൂമികളിൽ കൈയേറ്റക്കാരായുണ്ട്.
നിയമദൃഷ്ട്യാ ദേവൻ മൈനറാണ്. ദേവചൈതന്യം നിലനിറുത്തുകയും ദേവസ്വത്ത് സംരക്ഷിക്കലുമാണ് ദേവസ്വം ബോർഡുകളുടെ പ്രഥമമായ കർത്തവ്യമെന്നത് ബോർഡ് ഭരണാധികാരികളും ജീവനക്കാരും മറന്നുപോകുന്നു. കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ ഇടപെടലുകൾ കാരണമാണ് ദേവസ്വം ക്ഷേത്രങ്ങൾ ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്. ഇല്ലായിരുന്നെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ! ശബരിമലയിലെ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവന്നതും ഹൈക്കോടതി ഇടപെടലിലൂടെയാണെന്നത് വിസ്മരിക്കാനാവില്ല. ദേവസ്വം സ്വത്ത് സംരക്ഷിക്കുന്നതിനായുള്ള ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ഗുണമില്ലെന്ന അവസ്ഥയാണ്.
സഹസ്രകോടികളുടെ ഭൂസ്വത്തും വിലമതിക്കാനാകാത്ത സ്വർണവും അമൂല്യവസ്തുക്കളുമായാണ് രാജാക്കന്മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയത്. അതിൽ വലിയൊരു ഭാഗം ഇല്ലാതായി. അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കിൽ ദേവസ്വം ഭരണരീതികൾ മാറ്റിയേ മതിയാകൂ. ശബരിമലയിൽ നിന്നുള്ള ക്ഷേത്രവരുമാനത്താലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 1250-ഓളം ക്ഷേത്രങ്ങൾ നിലനിൽക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ബലത്തിലാണ് കൊച്ചിൻ ദേവസ്വത്തിന്റെ 409 ക്ഷേത്രങ്ങൾ മുന്നോട്ടുപോകുന്നത്. കൂടൽമാണിക്യം ദേവസ്വം ദാരിദ്ര്യാവസ്ഥയിലാണ്. മലബാർ ദേവസ്വത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും നിത്യനിദാനത്തിന് വകയില്ല. വരുമാനത്തിലും സ്വയംപര്യാപ്തതയിലും ഗുരുവായൂർ സമ്പന്നമാണെങ്കിലും അതിന്റെ ഗുണമൊന്നും ഭക്തർക്ക് ലഭിക്കുന്നില്ല. കിട്ടുന്ന വരുമാനത്തിൽ കട്ടതും മോഷ്ടിച്ചതും കഴിഞ്ഞ് ബാക്കിയുള്ളത് ബാങ്കിലിടുകയാണ്.
മറ്റു ക്ഷേത്രങ്ങളിൽ ലഭിക്കുന്ന സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ ലോക്കറുകളിൽ വച്ചാലായി. സമ്പന്നമായ ക്ഷേത്രങ്ങളുടെ വരുമാനം ഭക്തർക്കും ജനങ്ങൾക്കും നാടിനും ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കപ്പെടണം. ഹിന്ദു സമൂഹത്തിന് ഗുണകരമാകുന്ന കാര്യങ്ങളെങ്കിലും ചെയ്യാൻ സാധിക്കണം. ഒരു പ്രദേശത്തിന്റെ നന്മയ്ക്കും പുരോഗതിക്കും ഒരു ക്ഷേത്രം മതിയാകും. ആറ് പതിറ്റാണ്ടിലേറെയായി കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം പ്രസിഡന്റാണ് ഞാനും. അവിടുത്തെ വരുമാനം നാട്ടിലെ സാധാരണക്കാർക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്. അവരുടെ ഭൗതികസാഹചര്യങ്ങൾക്കു പോലും ഗുണകരമായ രീതിയിൽ ഉപകാരപ്പെടുന്നു. ആരാധനാലയങ്ങളിൽ സമ്പത്ത് കൂട്ടിവച്ചതുകൊണ്ട് ഭക്തർക്കും ജനങ്ങൾക്കും നാടിനും ഒരു പ്രയോജനവുമില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.
ദേവസ്വം ബോർഡുകളെ വിശ്വാസമില്ലാത്തതിനാലാണ് ഭക്തർ ക്ഷേത്രങ്ങളുടെ വികസനത്തിന് പണം മുടക്കാത്തത്. ദീർഘവീക്ഷണമില്ലാത്ത, ക്ഷേത്രസങ്കല്പങ്ങൾക്കു വിരുദ്ധമായ, ഭക്തർക്ക് ഉപകാരമില്ലാത്ത വികസന പദ്ധതികളാണ് ഇപ്പോൾ നടന്നുവരുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ശബരിമല സന്നിധാനം തന്നെ ഇതിന് ഉദാഹരണം. ഭക്തർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ പൂജകൾ ഉൾപ്പെടെ ക്ഷേത്രത്തിലെ നിത്യകർമ്മങ്ങൾ കൃത്യമായും വൃത്തിയായും നിർവഹിക്കാനോ ബോർഡുകൾ ശുഷ്കാന്തി കാണിക്കുന്നില്ല. ദേവസ്വം ഭരണനിർവഹണം നേരായ വഴിക്ക് കൊണ്ടുപോകണമെന്ന് ആത്മാർത്ഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രൊഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതി.
അത്തരം സമിതികളിൽ ജനകീയ പ്രതിനിധികൾ ഉണ്ടായിക്കൊള്ളട്ടെ. ചെയർമാനോ പ്രസിഡന്റോ വരട്ടെ. കേന്ദ്രസർക്കാരിനു കീഴിലുള്ള ബോർഡുകളിലേതുപോലെ എക്സിക്യുട്ടീവ് അധികാരത്തിനായി തലപ്പത്ത് സീനിയർ ഐ.എ.എസുകാരെയും താഴെ ജൂനിയർ ഐ.എ.എസുകാരെയും നിയോഗിക്കണം. പ്രധാന തീരുമാനങ്ങളെല്ലാം സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും അറിവോടെ തന്നെ നടക്കട്ടെ. മറ്റു വകുപ്പുകളുടെ ഭരണഭാരമില്ലാതെ ദേവസ്വത്തിനു വേണ്ടി മാത്രം ഒരു മന്ത്രിയും വേണം. ഈ നാടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് ക്ഷേത്രങ്ങൾ. അവ നിലനിൽക്കേണ്ടത് ഹിന്ദുക്കളുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആവശ്യമാണ്. വിശേഷിച്ച്, ഹൈന്ദവർ മതപരമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ. ദേവസ്വം ബോർഡുകൾ രാഷ്ട്രീയമുക്തവും അഴിമതിമുക്തവുമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ പിണറായി വിജയൻ സർക്കാരിനെങ്കിലും കഴിയട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |