
ചെന്നൈ: എം.കെ.സ്റ്റാലിൻ സർക്കാരിന്റെ നെല്ല് സംഭരണം പാളിയതു കാരണം കർഷകർ ഉൽപ്പാദിപ്പിച്ച നെല്ല് മുളച്ച് നശിക്കുകയാണെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. കർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചും ഇന്നലെ രണ്ട് പേജുള്ള വിശദമായ പ്രസ്താവനയാണ് വിജയ് പുറത്തിറക്കിയത്. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായിട്ടാണ് വിജയ് ഒരു രാഷ്ട്രീയ പ്രസ്താവനയിറക്കുന്നത്.
മുളയ്ക്കുന്ന ധാന്യങ്ങളും സംസ്ഥാനത്ത് വളർന്നുവരുന്ന ഭരണവിരുദ്ധ വികാരവും തമ്മിൽ പ്രതീകാത്മകമായ ഒരു താരതമ്യം അദ്ദേഹം നടത്തിയത് ഇങ്ങനെ: 'മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡി.എം.കെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന കോപത്തിന്റെ ഒരു തരംഗം മുളയ്ക്കുന്നു.'
സർക്കാരിന് കർഷകരോട് ശരിക്കും കരുതലുണ്ടായിരുന്നെങ്കിൽ, അവർ കഠിനാധ്വാനം ചെയ്ത വിളകൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പകരം സർക്കാർ അവരുടെ കഠിനാധ്വാനം പാഴാകാൻ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ യാത്ര ഉടൻ പുനരാംഭിക്കുമെന്നാണ് ടി.വി.കെ നേതാക്കൾ നൽകുന്ന സൂചന. അതിനു മുന്നോടിയായിട്ടാണ് ഈ പ്രസ്താവന. എന്നാൽ ഇതിനുള്ള മറുപടിയായി എസി മുറിയിലിരുന്ന് പ്രസ്താവനയിറക്കി രാഷ്ട്രീയം കളിക്കാൻ എളുപ്പമാണെന്ന് ഡി.എം.കെ വക്താവ് ശരവണൻ പ്രതികരിച്ചു.
കർഷകർക്കൊപ്പം സർക്കാർ എപ്പോഴും നിലകൊള്ളുന്നുണ്ടെന്നും, 10.40 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായും ഡിഎംകെ ഈ വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |