
ന്യൂഡൽഹി: യാംഗ്‌സി നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ചൈനയെ വൻശക്തിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി 1919ൽ നദിക്ക് കുറുകെ നിർമ്മിച്ചതാണ് പ്രസിദ്ധമായ ത്രീ ഗോർജസ് അണക്കെട്ട്. റിപ്പബ്ലിക്ക് ഒഫ് ചൈനയുടെ പ്രസിഡന്റായിരുന്ന സൺ യാറ്റ്സെൻ ആണ് അണക്കെട്ട് നിർമ്മിക്കുന്നത് ആദ്യമായി നിർദ്ദേശം നൽകിയത്. പതിറ്റാണ്ടുകളാണ് ഈ അണക്കെട്ടിന്റെ നിർമ്മാണത്തിന് വേണ്ടിവന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നതിന് ഈ അണക്കെട്ടിന്റെ നിർമാണം കാരണമായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ത്രീ ഗോർജസിന് പുറമെ ലോകത്തിലെ ഏറ്റവും ശക്തമായ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ചൈന.
ടിബറ്റിലെ ഹിമാലൻ മേഖലയിലാണ് അണക്കെട്ട് നിർമിക്കുന്നത്. 2025 മദ്ധ്യത്തോടെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 165 ബില്യൺ ഡോളർ ആണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. 'മോട്ടുവോ ജലവൈദ്യുത നിലയം' എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. നിലയത്തിലൂടെ 60 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് നീക്കം. ത്രീ ഗോർജസ് അണക്കെട്ടിന്റെ ഉത്പാദനത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. ബ്രഹ്മപുത്ര, യമുന എന്നീ നദികളായി ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന യാർലംഗ് സാംഗ്‌പോ നദിയിലാണ് ജലവൈദ്യുത നിലയം നിർമിക്കുന്നത്.
ദേശീയ കാലാവസ്ഥാ നയങ്ങൾ കൈവരിക്കുന്നതിലേക്കുള്ള തന്ത്രപരമായ ചുവടുവയ്പ്പായിട്ടാണ് ചൈനീസ് സർക്കാർ പുതിയ അണക്കെട്ടിനെ കാണുന്നത്. മാത്രമല്ല പുനരുപയോഗ ഊർജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ കൽക്കരിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ലക്ഷ്യമിടുന്നു. താഴ്ന്ന പ്രദേശങ്ങളിലെ രാജ്യങ്ങളെ പുതിയ അണക്കെട്ട് പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈന പറയുന്നത്. ടിബറ്റ് ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യകളിൽ നിന്ന് കിഴക്കൻ ചൈനയുടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വൈദ്യുതി അയയ്ക്കുന്ന പടിഞ്ഞാറ്-കിഴക്ക് വൈദ്യുതി പ്രക്ഷേപണ സംരംഭത്തിൽ പുതിയ അണക്കെട്ടിന്റെ പങ്കും ചൈനീസ് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അണക്കെട്ടിന്റെ അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രാദേശിക സർക്കാരുകളും പരിസ്ഥിതി സംഘടനകളും ആശങ്കകൾ ഉന്നയിക്കുകയാണ്. നദികളുടെ ഒഴുക്ക്, പാരിസ്ഥിതിക തടസം, ഭാവിയിൽ ഭൗമരാഷ്ട്രീയ സ്വാധീനം എന്നിവ മാറാനുള്ള സാദ്ധ്യതകളെക്കുറിച്ച് ഇന്ത്യയും, ബംഗ്ലാദേശും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ടിബറ്റൻ വംശജരുടെ കൂട്ട കുടിയിറക്കം, മതപരമായ സ്ഥലങ്ങളുടെ നാശം, പദ്ധതിയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലുമുള്ള സുതാര്യതയില്ലായ്മ എന്നിവയും ചില സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ലോല പ്രദേശത്തിന് പുറമെ ഉയർന്ന ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലത്താണ് ചൈന പുതിയ ഡാം പണിയുന്നത്. ഇക്കാരണങ്ങളാൽ പുതിയ അണക്കെട്ട് അതിർത്തിയോട് ചേർന്ന് നിർമിക്കുന്നതിൽ ഇന്ത്യ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ടിബറ്റിൽ ചൈന യാർലംഗ് സാംഗ്‌പോ എന്ന് വിളിക്കുന്ന ബ്രഹ്മപുത്ര നദിയിലാണ് അണക്കെട്ട് നിർമിക്കുന്നത്. തങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചത്. നദീജലത്തിന്റെ അവകാശങ്ങൾ ഊന്നിപ്പറയുന്നതിനൊപ്പം ചൈനീസ് സർക്കാരിന്റെ പദ്ധതികളിൽ സുതാര്യത തേടിക്കൊണ്ട് ചൈനയ്ക്ക് ഇന്ത്യ കത്തയയ്ക്കുകയും ചെയ്തിരുന്നു. ചൈനയിലെ പുതിയ ഡാം നിർമാണത്തിന്റെ ഘട്ടങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയുടെ ഒഴുക്കിൽ വലിയ സ്വാധീനമുണ്ടാക്കും. കടുത്ത ക്ഷാമവും വെള്ളപ്പൊക്കവും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് ഉയർന്ന പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പുതിയ അണക്കെട്ട് പദ്ധതി ഇരുരാജ്യങ്ങളും തമ്മിൽ ജലയുദ്ധത്തിന് കാരണമാകാൻ സാദ്ധ്യതയുള്ളതായും നിരീക്ഷണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |