
തൃശൂർ: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ദിവസവും നാടകം അവതരിപ്പിക്കാനുള്ള സ്ഥിരം നാടകവേദി സംവിധാനം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള സംഗീതനാടക അക്കാഡമിയുടെ 2024ലെ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാടക കലാകാരന്മാരുടെ സംരക്ഷണത്തിനായി നൂതന പദ്ധതി നടപ്പാക്കാനിരിക്കുന്നതായും മന്ത്രി അറിയിച്ചു. കായംകുളത്തെ തോപ്പിൽ ഭാസി തിയേറ്റർ കൂടാതെ തൃശൂരും മലബാറും സ്ഥിരം നാടകവേദികളാകും. രാജ്യത്തു വളർന്നുവരുന്ന അസഹിഷ്ണുത നേരിടാൻ വിശ്വാസം, മൈത്രി, മാനവീകത എന്നിവ ഉയർത്തിപ്പിടിച്ചുള്ള നാടകങ്ങൾ അവതരിപ്പിക്കാൻ തയ്യാറായാൽ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. ഇത്തരത്തിലുള്ള 10 നാടകങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം തയ്യാറാക്കാൻ അക്കാഡമിയോട് മന്ത്രി അഭ്യർത്ഥിച്ചു. കലാകാരന്മാർക്കു കലാപ്രവർത്തനത്തിലൂടെ വിജയകരമായി മുന്നോട്ടുപോകാൻ കഴിയുംവിധം സാംസ്‌കാരിക നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബർ മൂന്നിന് തൃശൂരിൽ നടക്കുന്ന വിഷൻ 2031 സെമിനാറിൽ കേരളത്തിന്റെ സാംസ്‌കാരിക നയം ചർച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 200 പേർ പങ്കെടുക്കും. സമാധാനമെന്ന സന്ദേശമുയർത്തി കേരളത്തിലെയും ഇന്ത്യയിലെയും കലാകാരന്മാർ അണിനിരക്കുന്ന ഒരു ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റ് ഡിസംബർ 20, 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക ജൂറി പുരസ്‌കാരം ഉൾപ്പെടെ 22 അവാർഡുകൾ വിതരണം ചെയ്തു. അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, വൈസ് ചെയർപേഴ്‌സൺ പി.ആർ.പുഷ്പവതി, ലളിതകലാ അക്കാഡമി സെക്രട്ടറി എബി എൻ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |