
നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം. നിറചിരിയാൽ മനസുകൾ കീഴടക്കുന്ന നിർമ്മലവ്യക്തിത്വം. ലക്ഷ്യത്തിലേക്ക് ശരവേഗത്തിൽ പായുന്ന അതുല്യ സംഘാടകൻ. പതിഞ്ഞ ശബ്ദം കൊണ്ട് ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്ന ഭരണനിപുണൻ. ഗുരുദർശനത്തിന്റെ ആഴങ്ങൾ ഹൃദയത്തിൽ ആവാഹിച്ച ഭക്തൻ. ഓച്ചിറ പരബ്രഹ്മത്തിനായി ജീവിതം സമർപ്പിച്ച പരമോപാസകൻ. ഇങ്ങനെ വാക്കുകൾക്ക് അതീതനാണ് വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ ഓച്ചിറ പ്രയാർ വടക്ക് സരസ്സ് വി. സദാശിവൻ.
ഓച്ചിറക്കാർക്കും പരിസരദേശക്കാർക്കും ഓച്ചിറ പരബ്രഹ്മത്തിന്റെ കൈവിരലാണ് വി. സദാശിവൻ. ചരിത്രത്തിന്റെ താളുകൾക്കുമപ്പുറത്തേക്ക് വേരാണ്ട് കിടക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ആത്മീയ ജ്യോതിസിനെ ഏഴാണ്ട് കൊണ്ട് ലക്ഷോപലക്ഷം ഭക്തരുടെ ഹൃദയങ്ങളിൽ നിറച്ച ക്ഷേത്രഭാരവാഹി. ഓച്ചിറ പരബ്രഹ്മത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചയാൾ മാത്രമല്ല, പരബ്രഹ്മ സങ്കല്പത്തിന്റെ ദാർശനികതയും പ്രകൃതിപരതയും അതിസൂക്ഷ്മമമായി ഗ്രഹിച്ച പരമഭക്തൻ കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം അമരക്കാരനായപ്പോൾ ഓച്ചിറ പരബ്രഹ്മസന്നിധിയിൽ പ്രകൃതിയാരാധനയുടെ പുണ്യം നിറച്ച് നക്ഷത്രവനം തീർത്തത്. പരബ്രഹ്മസന്നിധിയിൽ അഭയം പാർക്കുന്ന അശരണർക്ക് അന്നപ്രസാദം നൽകാൻ ആധുനിക അന്നദാനമന്ദിരം തീർത്തത്. അന്നപ്രസാദം ശുദ്ധമായി തയ്യാറാക്കാൻ ആധുനിക യന്ത്രസംവിധാനം സ്ഥാപിച്ചത്. പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ പരബ്രഹ്മ ആശുപത്രിയെ ഉയരങ്ങളിലേക്ക് നയിച്ചത്. അവിടെ നഴ്സിംഗ് കോളേജ് പടുത്തുയർത്തിയത്. ഭജനം പാർക്കാൻ ദൂരെ ദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് തങ്ങാൻ ആധുനിക സൗകര്യങ്ങളോടെയുള്ള ഭജനമന്ദിരം നിർമ്മിച്ചത്.
ജനകീയ ആത്മീയതയുടെ വക്താവ്
ആത്മീയതയ്ക്ക് ജനകീയ ഭാവം സമ്മാനിച്ച സംഘാടകൻ കൂടിയാണ് വി. സദാശിവൻ. വിശക്കുന്നവന് ആഹാരം നൽകലാണ് ഏറ്റവും വലിയ ഈശ്വരസേവ എന്നാണ് അദ്ദേഹത്തിന്റെ വേദാന്തം. ഈ വേദാന്തമാണ് ക്ഷേത്രത്തിൽ താൽക്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന അന്നപ്രസാദ വിതരണ കേന്ദ്രത്തെ അതിവേഗം ആധുനിക അന്നദാന മന്ദിരമായി മാറ്റിയത്.
ക്ഷേത്രത്തിൽ നേരത്തെ ചോർന്നൊലിക്കുന്ന താൽക്കാലിക ഷെഡിലായിരുന്നു അന്നദാനം നടന്നിരുന്നത്. സമീപത്ത് നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം ഭക്തർ അന്നപ്രസാദം ദൂരേക്ക് കൊണ്ടുപോയാണ് കഴിച്ചിരുന്നത്. സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ക്ഷേത്രത്തിലെ ഈ ദുരവസ്ഥയാണ് ആദ്യം പരിഹരിച്ചത്. താൽക്കാലിക ഷെഡിന് പകരം ആയിരം പേർക്ക് ഇരിക്കാവുന്ന ഹാൾ സജ്ജമാക്കി. ഇതിന് പുറമേ മനുഷ്യസ്പർശമേൽക്കാത്ത തരത്തിൽ, പൂർണമായും അണുവിമുക്തമായി അന്നദാന പ്രസാദം തയ്യാറാക്കാൻ ആധുനിക യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കുകയായിരുന്നു.
2010ൽ അദ്ദേഹം ക്ഷേത്ര ഭരണസമിതി സെക്രട്ടറിയാകുമ്പോൾ വൻതോതിൽ ഭക്തർ എത്തുന്നുണ്ടായിരുന്നെങ്കിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാവശ്യമായ ബാങ്ക് ബാലൻസ് ക്ഷേത്രത്തിനില്ലായിരുന്നു. വി. സദാശിവൻ ക്ഷേത്രത്തിൽ ആവശ്യമായ കാര്യങ്ങളെ, ആവശ്യമെന്നും അത്യാവശ്യമെന്നും രണ്ടായി തിരിച്ചു. ആത്മീയതയെ ജനകീയവത്കരിക്കാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം അത്യാവശ്യ കാര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഒരോന്നായി നടപ്പാക്കുകയായിരുന്നു.
ഓച്ചിറ പരബ്രഹ്മസന്നിധിയിലെ മണ്ണും വായുവും പ്രസാദമാണ്. രോഗങ്ങളകറ്റുന്ന ദിവ്യ ഔഷധങ്ങളാണ്. അതുകൊണ്ട് തന്നെ അവിടുത്തെ മണ്ണിനെയും വായുവിനെയും മരങ്ങളെയും നോവിച്ചിലെന്ന് മാത്രമല്ല, പരിപാലിച്ചുകൊണ്ടാണ് അദ്ദേഹം ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. പടനിലത്ത് ഏകീകൃത ഡ്രെയിനേജ് സംവിധാനം, മാലിന്യ സംസ്കരണ പ്ലാന്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ യാഥാർത്ഥ്യമാക്കി. 38 വർഷക്കാലം എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സെക്രട്ടറിയായത്. അങ്ങനെ വി. സദാശിവൻ സെക്രട്ടറിയായിരുന്ന ഏഴ് വർഷക്കാലം ഓച്ചിറ ക്ഷേത്രത്തിന്റെ സുവർണഘട്ടമായിരുന്നുവെന്ന് വിശ്വാസികൾ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് സാക്ഷ്യപ്പെടുത്താറുണ്ട്.
പ്രതിബന്ധങ്ങളെ
ഊർജ്ജമാക്കി
പ്രതിബന്ധങ്ങളെ ഒരു മനുഷ്യൻ ഊർജ്ജമാക്കുന്നതാണ് വി. സദാശിവൻ ഭരണസമിതി സെക്രട്ടറിയായിരുന്ന കാലത്ത് ഓച്ചിറ പരബ്രഹ്മത്തിന്റെ ഭക്തർ കണ്ടത്. ഭജനം പാർക്കാനെത്തുന്ന ഭക്തർക്ക് തങ്ങാൻ നേരത്തെ പഴയ ഭജനസത്രത്തിലെ ഇടുങ്ങിയ മുറികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഒൻപത് മാസക്കാലം കൊണ്ട് മൂന്ന് നിലകളിലായി 101 മുറികളും 6 ഡോർമെറ്ററികളുമുള്ള ആധുനിക 'ഓംകാരം" ഭജനസത്രം അദ്ദേഹം നിർമ്മിക്കുകയായിരുന്നു. പുറമ്പോക്ക് കൈയേറി, മരങ്ങൾ മുറിച്ചുകടത്തി തുടങ്ങി/ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാണം തടസപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. എന്നാൽ അന്നത്തെ റവന്യു മന്ത്രിയെ സമീപിച്ച് വ്യാജ ആരോപണങ്ങളുടെ മുനയൊടിച്ച് നിർമ്മാണത്തിനുള്ള അനുമതി വാങ്ങുകയായിരുന്നു. ഓംകാരം ഭജനസത്രത്തൽ നിന്നും പ്രതിവർഷം ഒരു കോടിയിലേറെ രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്.
ഓച്ചിറ പരബ്രഹ്മ ആശുപത്രിയുടെ ഭാഗമായി നഴ്സിംഗ് കോളേജ് ആരംഭിക്കാൻ തീരുമാനിച്ചപ്പോഴും തടസങ്ങളുണ്ടായി. നഴ്സിംഗ് കോളേജിന് ക്ഷേത്ര ഭരണസമിതി അപേക്ഷ നൽകുമ്പോൾ അനുബന്ധമായി 75 കിടക്കളുള്ള ആശുപത്രി വേണമെന്നായിരുന്നു ചട്ടം. ഇതിനിടയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുതായി രൂപീകരിച്ച ആരോഗ്യസർവകലാശാലയുടെ കീഴിലായി. ഇതോടെ പുതിയ നഴ്സിംഗ് കോളേജ് അനുവദിക്കാൻ 500 കിടക്കളുള്ള ആശുപത്രി വേണമെന്ന നിബന്ധന കൊണ്ടുവന്നു. എന്നാൽ വി. സദാശിവൻ കോടതിയെ സമീപിച്ച് നിബന്ധനയിലെ കിടക്കകളുടെ എണ്ണം 300 ആക്കി ചുരുക്കി.
പക്ഷെ പരബ്രഹ്മ ആശുപത്രിയിൽ രണ്ട് നിലകളിലായി 75 കിടക്കകളേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം അതിവേഗം ആശുപത്രിയെ അഞ്ച് നില കെട്ടിടമായി ഉയർത്തി 300 കിടക്കകൾ ഉൾപ്പടെ സജ്ജമാക്കി. ഈ ഘട്ടത്തിൽ കേരളത്തിലുണ്ടായ അധികാരമാറ്റം വീണ്ടും തടസമായി. പക്ഷെ വി. സദാശിവൻ തളർന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയെ പലതവണ നേരിൽ കണ്ട് 2016ൽ കോളേജിനുള്ള അനുമതി വാങ്ങിയെടുത്തു. അതേ വർഷം തന്നെ കോഴ്സ് ആരംഭിച്ചു. ആദ്യബാച്ച് മികച്ച വിജയം നേടി പുറത്തിറങ്ങിയപ്പോൾ അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. ആദ്യ ബാച്ചിലെ കുട്ടികളിൽ പലരും പറഞ്ഞ നന്ദി വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്.
പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രി ലാഭത്തിലാക്കി
വമ്പൻ സർവകലാശാലകളിൽ നിന്നും എം.ബി.എ നേടുന്നവരെ തോൽപ്പിക്കുന്ന മാനേജ്മെന്റ് മികവിന്റെ ഉടമ കൂടിയാണ് വി. സദാശിവൻ. അതുകൊണ്ട് തന്നെ അദ്ദേഹം കേവലം ഒരു ക്ഷേത്ര ഭരണസമിതി സെക്രട്ടറിയായി ചുരുങ്ങിയില്ല. അന്നുവരെ വലിയ നഷ്ടത്തിലാരുന്ന പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രി ചരിത്രത്തിൽ ആദ്യമായി ലാഭത്തിലെത്തിയത് വി.സദാശിവന്റെ കാലത്താണ്.
രോഗികൾ ഉണ്ടായിട്ടും ആശുപത്രി നഷ്ടത്തിൽ. അതിന്റെ കാരണങ്ങൾ വി. സദാശിവൻ സൂക്ഷ്മമായി പരിശോധിച്ച് കണ്ടെത്തി. പണം ചോരുന്ന വഴികൾ അടച്ചതിനൊപ്പം ആധുനിക ചികിത്സ സംവിധാനങ്ങളുമൊരുക്കി ആശുപത്രിയെ അദ്ദേഹം ഉടച്ചുവാർക്കുകയായിരുന്നു.
എന്നാൽ പടനിലത്ത് വച്ച് പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്ന അന്തേവാസികൾക്ക് ആചാരപരമായി സംസ്കാര ചടങ്ങുകൾ നടത്താൻ അത്യാധുനിക വൈദ്യുതി ശ്മശാനം സ്ഥാപിക്കാൻ കൃഷ്ണപുരം കുറത്തിമൂല ക്ഷേത്ര ശ്മശാനത്തോട് ചേർന്ന് 50 സെന്റ് ഭൂമി അക്കാലത്ത് വാങ്ങിയെങ്കിലും നടപ്പാക്കാനായില്ല.
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉൾപ്പടെയുള്ള അഗതി മന്ദിരം സ്ഥാപിക്കാൻ പടനിലത്തോട് ചേർന്ന് 50 സെന്റ് ഭൂമി വാങ്ങിച്ചെങ്കിലും പദ്ധതി നടപ്പായില്ല. പരബ്രഹ്മ സ്പെഷ്യലിറ്റി ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താൻ 2017ൽ സമിതി കാലാവധി അവസാനിച്ചപ്പോൾ ഇരുപത്തിരണ്ടരക്കോടി രൂപ മിച്ചം വച്ചിരുന്നു.
ക്യാമ്പസിലെ
തീപ്പൊരി നേതാവ്
കൊല്ലം എസ്.എൻ കോളേജിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്നു വി. സദാശിവൻ. കോൺഗ്രസ് നേതാവായിരുന്ന തച്ചടി പ്രഭാകരന്റെ വത്സല ശിഷ്യനും. 1961ൽ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായാണ് കൊല്ലം എസ്,എൻ കോളേജിലെത്തിയത്. തുടർന്ന് എസ്.എൻ കോളേജിൽ നിന്നും മാത്സിൽ ബിരുദമെടുത്തു. ബിരുദ പഠനകാലത്ത് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി. കാമ്പസ് ഭിത്തികളെ വിറപ്പിക്കുന്ന സദാശിവന്റെ പ്രസംഗം വിദ്യാർത്ഥികൾ ഇമ ചിമ്മാതെ കേട്ടിരിക്കുമായിരുന്നു.
ബിരുദത്തിന് ശേഷം മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ് എടുത്തു. തുടർന്ന് ക്ലാപ്പന എസ്.വി.എച്ച്.എസ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തിന് ശേഷം ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നു സൈക്കളെജിയിൽ നിന്നും എം.എ പാസായി. തൊട്ടുപിന്നാലെ കയർഫെഡിൽ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കയർഫെഡിന്റെ
ഇഴകൾ ഉറപ്പിച്ചു
കയർഫെഡിന്റെ മാർക്കറ്റിംഗ് മാനേജരായിരുന്നു വി. സദാശിവൻ. ഉല്പന്നങ്ങൾ രാജ്യമാകെയുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശൃംഖല ഒരുക്കലായിരുന്നു ആദ്യ ദൗത്യം. ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം രാജ്യമാകെ സഞ്ചരിച്ച് പുതിയ ഡിപ്പോകൾ ആരംഭിച്ചു.പിന്നീട് ആലപ്പുഴയിലെ ഹെഡ് ഓഫീസിലേക്കെത്തി. 2022ൽ അദ്ദേഹം വിരമിക്കുന്നത് വരെ കയർഫെഡ് ലാഭത്തിലായിരുന്നു. ഇതിനിടയിലും സാമൂഹ്യപ്രവർത്തനത്തിൽ സജീവമായിരുന്നു.
ശ്രീനാരായണ
പ്രസ്ഥാനങ്ങളിലും
എം.കെ. രാഘവൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന കാലം മുതൽ നാല് തവണ കരുനാഗപ്പള്ളി യൂണിയനിൽ യോഗം ബോർഡ് അംഗമായി. എസ്.എൻ.ട്രസ്റ്റിന്റെ ആജീവനാന്ത അംഗമാണ്. കായംകുളം യൂണിയന്റെ സ്ഥാപക അഡ്മിനിസ്ട്രേറ്ററായിരുന്നു. ഇതിനിടയിലാണ് മാവേലിക്കര മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പടുത്തുയർത്തിയത്. കോൺഗ്രസുകാരനായിരുന്നെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി കരുനാഗപ്പള്ളിയിൽ മത്സരിച്ചു. അന്ന് തിരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപാണ് ചിഹ്നം ലഭിച്ചത്. എന്നിട്ടും 19115 വോട്ട് നേടി.
കുടുംബം
കയർ വ്യവസായിയായിരുന്ന വാസുക്കുട്ടി മുതലാളിയുടെയും സുമതിയുടെയും മകനായിട്ടായിരുന്നു ജനനം. പറയണത്ത് കുടുംബാംഗം അനിതയാണ് ഭാര്യ. മൂത്തമകൾ റാണി, ഐ.ടി എൻജിനിയറായ ഭർത്താവ് രഞ്ജിത്തിനൊപ്പം അമേരിക്കയിലാണ്. സോണിയാണ് ഇളമകൾ. ബാബാ അറ്റോമിക് റിസർച്ച് സെന്റിലെ ഹെഡ് സയന്റിസ്റ്റ് വിഷ്ണുവാണ് ഭർത്താവ്. മോഹിനി, യാമിനി, ചാന്ദിനി, ബദരീനാഥ് എന്നിവർ കൊച്ചുമക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |