
? പുതിയ തലമുറയ്ക്ക് ഉൾപ്പെടെ മലയാളികൾക്ക് ഒരുപാട് സ്വീകാര്യനാണ് ബെന്യാമിൻ. എഴുത്തിന്റെ പ്രത്യേകതകൾ.
അതു പറയേണ്ടത് വായനക്കാരാണ്. എങ്കിലും, മലയാളി വായനക്കാരെ തൊടാൻ കഴിയുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായി എന്നത് പ്രധാനമായി തോന്നിയിട്ടുണ്ട്. എന്റെ ഭാഷ അത്ര ഗഹനമല്ല എന്നതാണ് മറ്റൊരു കാരണമായി തോന്നുന്നത്. തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളെപ്പോലും ലളിതമായ ഭാഷയിലാണ് അവതരിപ്പിക്കാറ്. മൂന്ന്, എന്റെ നോവലുകൾ കൂടുതലായി പ്രത്യാശയുടെയും നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇതൊക്കെക്കൊണ്ടാവാം, കൂടുതൽ പേർ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നത്.
? എഴുത്തിൽ 25 വർഷം ഒരു ചെറിയ കാലയളവല്ല. 2000-ത്തിൽ പുറത്തിറങ്ങിയ 'യൂത്ത നേസ്യ" എന്ന കഥാസമാഹാരത്തിൽ തുടങ്ങി മുപ്പതോളം പുസ്‌തകങ്ങൾ! നിരന്തരമായ ഈ എഴുത്തിനുള്ള പ്രചോദനം...
ആത്യന്തികമായി എന്റെ സന്തോഷത്തിനുവേണ്ടിയാണ് ഞാനെഴുതുന്നത്. നിരന്തരമായ എഴുത്തിലൂടെ ഞാൻ നിരന്തരമായ ആഹ്ലാദം അനുഭവിക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ മനസിലേക്ക് വരുന്നതുകൊണ്ട് ആശയങ്ങൾക്ക് ദാരിദ്ര്യമുണ്ടായിട്ടില്ല. അതിനായി കഠിനപ്രയത്നം ചെയ്യുകയും സ്വയം നവീകരിക്കുകയും ചെയ്യും.
? ഏറ്റവും പ്രിയമുള്ള സ്വന്തം രചന.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ എല്ലാ പുസ്‌തകങ്ങളോടും സമാനമായ ഒരി ഷ്ടമാണ് സൂക്ഷിക്കുന്നത്. എങ്കിലും ചില പ്രത്യേകതകൾ കൊണ്ട് 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങ"ളോട് ഒരു അടുപ്പക്കൂടുതലുണ്ട്. എന്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന കൃതിയാണ് അത്. എന്റെ നാടിനെ പ്രതിഫലിപ്പിച്ച കൃതികൂടിയാണ് അതെന്നും പറയാം.
? ഏറ്റവും പുതിയ നോവലായ 'മൾബറി - എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ" എഴുത്തിന്റെ സമീപനത്തിലും ദാർശനികതയിലും വിവരണത്തിലെ സൂക്ഷ്‌മതയിലുമെല്ലാം വേറിട്ടുനിൽക്കുന്നുണ്ടല്ലോ.
'മൾബറി"ക്കു വേണ്ടി ഒരുപാട് അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. ഗ്രീസിൽ ഒരുപാട് യാത്രചെയ്തു. കസൻദ്‌സക്കിസിന്റെ, മലയാളി ഇന്നുമറിയാത്ത ഒരുപാട് കൃതികളിലൂടെ കടന്നുപോയി. കസൻദ്‌സക്കിസ് മുന്നോട്ടുവയ്ക്കുന്ന ഒരു ദാർശനികതയും ആത്മീയതയും അറിഞ്ഞോ അറിയാതെയോ 'മൾബറി"യിൽ വന്നിട്ടുണ്ട്. പിന്നെ, പുതിയ കാലത്തിനനുസരിച്ച് ഭാഷയിലും ശൈലിയിലും വ്യത്യാസം വന്നിട്ടുണ്ട്. ഞാൻ കുറച്ചുകൂടി വളർന്നു, മുതിർന്നു, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യത്യാസം വന്നു, ദാർശനികമായ ചിന്തകൾ വന്നു. വളരെ ആർജ്ജവത്തോടെയും ആകാംക്ഷയോടെയും എഴുതിത്തീർത്ത നോവലാണ് 'മൾബറി."
? വർത്തമാനകാലത്ത് എഴുത്തിൽ രാഷ്ട്രീയം പറയേണ്ട ഒരു ആവശ്യകത സംജാതമായിട്ടുണ്ട്. എന്നാൽ എഴുത്തുകാർ ഏറ്റവും കൂടുതൽ എതിർപ്പോ ആക്രമണമോ നേരിടേണ്ടിവരുന്നത് രാഷ്ട്രീയക്കാരിൽ നിന്നുതന്നെയാണ്.
ലോകത്ത് എല്ലായിടത്തും എക്കാലത്തും എഴുത്തുകാർക്കും കൃതികൾക്കുമെതിരെ പ്രശ്‌നങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനെയൊക്കെ ധീരമായി നേരിടുകയാണ് ചെയ്യേണ്ടത്. ഭീരുക്കളെപ്പോലെ വീടിനകത്ത് പേടിച്ച് എഴുതാതിരുന്നാൽ നഷ്ടം നമുക്കു തന്നെയാണ്. ഇത്തരം എതിർപ്പുകളെ അവഗണിച്ച്, മഹത്തായ കൃതികൾ സമ്മാനിച്ച ധീരരായ എഴുത്തുകാർ നമുക്കുണ്ട്. ആ കൃതികളാണ് ലോകത്തെ മുന്നോട്ടു നയിച്ചിട്ടുള്ളത്. അവരുടെ ചുവടുപറ്റി, നമുക്ക് എഴുതാനുള്ളത് എഴുതുക, പറയാനുള്ളത് പറയുക, പ്രതികരണങ്ങൾ ധൈര്യത്തോടെ നേരിടുക.
? ബെന്യാമിൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. അതോടൊപ്പം പല നോവലുകളിലും ബൈബിൾ ആശയങ്ങളും, ആത്മീയതയുടെയും ദാർശനികതയുടെയും സൂക്ഷ്‌മ തലങ്ങളെ അതീവ ഗൗരവത്തോടെ അവതരിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള ഒരാൾക്ക് പ്രായോഗിക പുരോഗമന രാഷ്ട്രീയവുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നത്...
ഇതിനുള്ള ഉത്തരം മാർക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ആശയം ആശയമായി നിൽക്കുമ്പോളല്ല, അത് പ്രയോഗവൽക്കരിക്കപ്പെടുമ്പോഴാണ് മനുഷ്യർക്ക് ഗുണകരമായിത്തീരുന്നത് എന്ന്. നമ്മൾ എത്രയൊക്കെ ദാർശനികതയോ ആത്മീയതയോ വിശ്വാസമോ പറഞ്ഞാലും അതിനെ പ്രയോഗവൽക്കരിച്ച് ജനങ്ങൾക്കു മുന്നിൽ എത്തിക്കുകയും, അവർക്ക് അത് ഗുണകരമായിത്തീരുകയും ചെയ്താലേ മനുഷ്യർക്ക് ആത്മീയതയുടയോ വിശ്വാസത്തിന്റെയോ പ്രയോജനം ലഭിക്കൂ. അങ്ങനെയാകുമ്പോൾ പ്രായോഗിക രാഷ്ട്രീയത്തെ അംഗീകരിക്കേണ്ടതുണ്ട്. അതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്, അതിന്റെ ജീർണതകളെ മറികടക്കേണ്ട വഴികളാലോചിച്ച് മുന്നോട്ടു പോകേണ്ടതുമുണ്ട്.
ഇത് പവിത്രമായ വിശ്വാസമാണ്, ദർശനമാണ് എന്നു വിചാരിച്ച് മനസിൽ മാത്രം സൂക്ഷിച്ചാൽ ആർക്കും ഉപകാരപ്പെടില്ലെന്ന വലിയൊരു അപകടമുണ്ട്. അതുകൊണ്ട് നമുക്ക് വിശ്വാസമുണ്ടെങ്കിൽ, ദാർശനികമായ വിചാരമുണ്ടെങ്കിൽ അത് പ്രയോഗവൽക്കരിക്കപ്പെടുന്നർക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്വം ഒരു എഴുത്തുകാരനോ ഇതൊക്കെ ചിന്തിക്കുന്ന ഒരു സാമൂഹ്യ ജീവിയോ എന്ന നിലയിൽ എനിക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
? ഒരു കാലഘട്ടത്തിനു ശേഷം മലയാളത്തിലെ എഴുത്തുകാർക്ക് അകാരണമായ ഒരു അതിഗൗരവം ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. എന്നാൽ ബെന്യാമിൻ എപ്പോഴും പുഞ്ചിരിക്കുന്നതും കുശലം ചോദിക്കുന്നതും സരസമായി സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഈ മാനസികാരോഗ്യത്തിന്റെ രഹസ്യം.
അത്രയൊന്നും അഹങ്കരിക്കാനോ ഊറ്റംകൊള്ളാനോ ഉള്ളതായ ഒന്നുംതന്നെ എന്റെ ജീവിതത്തിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പതിനായിരക്കണക്കിന് എഴുത്തുകാരിൽ, സ്വന്തം ഇഷ്ടങ്ങൾ ചെയ്തുകൊണ്ട് ജീവിക്കുന്ന സാധാരണക്കാരനായ ഒരാൾ മാത്രമായാണ് ഞാൻ എന്നെ കാണുന്നത്. നമ്മുടെ മഹാന്മാരായ എഴുത്തുകാരൊക്കെ അവർ ചെയ്യുന്നത് എന്തോ വലിയ പ്രവൃത്തിയാണെന്ന് അഹങ്കരിക്കാതെ ജീവിതം ആസ്വദിച്ചവരായിരുന്നു. അതേ ലാഘവത്തോടെ ജീവിതത്തിന്റെ മധുരം നുണയണമെന്നാണ് എന്റെ കാഴ്ചപ്പാട്.
? സാഹിത്യത്തെപ്പോലും ജാതി/ ലിംഗവൽക്കരിക്കാനുള്ള ശ്രമം നടക്കുന്ന കാലത്ത് 'മാന്തളിർ" കഥകളിലും 'നിശബ്ദ സഞ്ചാരങ്ങൾ" പോലെയുള്ള മറ്റു നോവലുകളിലും അതിശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടല്ലോ.
സാമൂഹ്യപ്രതിബദ്ധതകൊണ്ടൊന്നും ഒരു ശക്തമായ കാഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. 'മാന്തളിർ" എന്ന ദേശത്തു മാത്രമല്ല, കേരളത്തിലുടനീളം വളരെ ശക്തരായ ഗ്രാമീണ സ്‌ത്രീകൾ ജീവിതം നയിച്ചിരുന്നൊരു കാലഘട്ടം ഉണ്ടായിരുന്നു. അവരെ കണ്ടു വളർന്നതു കൊണ്ടാവാം. അത്തരം കഥാപാത്രങ്ങൾ എന്റെയുള്ളിലും ജന്മമെടുത്തത്.
? എഴുത്തിന്റെ കാൽനൂറ്റാണ്ടിലെത്തുമ്പോൾ വായനക്കാരോട്...
വീണ്ടും വീണ്ടും എഴുതാൻ കഴിയുന്നതും. അക്ഷരങ്ങളാൽ സൗഹൃദം പങ്കിടുകയും ചെയ്യുന്നതാണ് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |