SignIn
Kerala Kaumudi Online
Friday, 07 November 2025 1.49 AM IST

ഗുരുവിന്റെ ബാല്യകൗമാരങ്ങൾ തിരയുന്ന 'അവധൂതം'

Increase Font Size Decrease Font Size Print Page

cover

മലയാള ഭാഷയിൽ ഏറ്റവുമധികം ജീവചരിത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്. ഗുരു സശരീരനായിരുന്ന കാലത്തെ ഗൃഹസ്ത, സന്യസ്ത ശിഷ്യന്മാർ ഉൾപ്പെടെ ആധുനികകാലത്തെ സാഹിത്യകാരന്മാർ ഉൾപ്പെടെ നൂറിലധികം എഴുത്തുകാർ ഗുരുവിന്റെ ആത്മീയ, ഭൗതിക, സാമൂഹ്യ, സാഹിത്യ ജീവിതത്തെ വിവിധകോണിലൂടെ വീക്ഷിക്കുകയും,​ അതിൽനിന്ന് ഉരുത്തിരിഞ്ഞ നിഗമനങ്ങളും വസ്തുതകളുമൊക്കെ ലേഖനമായും കാവ്യമായും കഥകളായും ആവിഷ്കരിച്ചിട്ടുമുണ്ട്.

എന്നാൽ അതിലൊന്നും പ്രതിപാദിക്കപ്പെടാതെ പോയ ശ്രീനാരായണ ഗുരുവിന്റെ അവധൂത കാലഘട്ടത്തെയും ബാല്യകൗമാര യൗവന കാലത്തെയും സവിശേഷ ശ്രദ്ധയോടെ വരച്ചുകാട്ടുന്ന കൃതിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ‌ഡെപ്യൂട്ടി കമ്മിഷണറായി വിരമിച്ച അശോക കുമാർ അൻപൊലിയുടെ 'അവധൂതം" എന്ന നോവൽ.

ലളിത മലയാള പദാവലികൾ താളബദ്ധമായി ഇഴചേർത്ത് വായനക്കാരെ കഥാഗതിയിലേക്ക് ആകാംഷയോടെ കൈപിടിച്ചു കൊണ്ടുപോകുന്നതാണ് നോവലിന്റെ രചനാശൈലി. അനുവാചകന് കഥാനായകനെ (ഗുരുദേവനെ) ഇടമുറിയാതെ അനുഗമിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ കഥാതന്തുകളെ കോർത്തുവയ്ക്കാനും കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആന്തരിക ലോകത്തെ സംഘർഷങ്ങളും ആകുലതകളും ഒട്ടും ചോർന്നു പോകാതെ പകർത്താനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.

ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്റെ വാസ്തവത്തിന് വിരുദ്ധമായി സമൂഹം തന്നെ ധരിക്കുന്നതിന് ഇടയാകുന്നു എന്ന് വിലപിച്ചിരുന്നു. ആ വിലാപം ഇന്നും പ്രതിദ്ധ്വനിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ ആ യഥാർത്ഥ്യം എന്തെന്ന അന്വേഷണത്തിൽ നിന്നാകണം ഈ നോവൽ പിറവി കൊണ്ടതെന്ന് അനുമാനിക്കാം. എങ്ങനെയാണ് ഒരു സത്യാന്വേഷി ഒരു ബ്രഹ്മചാരിയായി മാറുക? ഒരു ബ്രഹ്മചാരി എപ്രകാരമാണ് ബ്രഹ്മസാക്ഷാത്കാരം നേടുക? ഒരു സന്യാസിയെ ലോകത്തിന് സംഭാവന ചെയ്യുന്ന മാതാപിതാക്കളും ബന്ധുജനങ്ങളും കടന്നുപോകുന്ന ദുരന്തങ്ങൾ,​ പരീക്ഷണങ്ങൾ എന്തൊക്കെ? ഒരു സന്യാസി ഏതെല്ലാം പരീക്ഷണങ്ങളിലൂടെയും പഠന- മനന ധ്യാനങ്ങളിലൂടെയും കടന്നുപോകണം? നിഗൂഡമായ വിദ്യകളും അനുഷ്ഠാനങ്ങളും സാധനകളും തുടങ്ങി എന്തൊക്കെയാണ് അനുവർത്തിക്കേണ്ടത്? ഇതൊക്കെ വ്യക്തമാക്കാൻ രേഖകളോ സാക്ഷിവിവരണങ്ങളോ ലഭ്യമല്ല. ഇവിടെയാണ് നോവലിസ്റ്റിന്റെ രചനാവൈഭവം പ്രകടമാകുന്നത്.

ഗുരുദേവന്റെ അറുപത്തിനാലോളം കൃതികളിൽ ലീനമായിക്കിടക്കുന്ന ആത്മകഥാംശം ചികഞ്ഞെടുത്ത് നോവലിന്റെ പശ്ചാത്തലമായി പരിവർത്തന്നപ്പെടുത്തിയിരിക്കുന്നുവെന്നതും സവിശേഷതയാണ്. അതിൽ വേദാന്തസാരമായി സ്വാംശീകരിച്ചിരിക്കുന്നത് ആത്മോപദേശ ശതകത്തിലെ 50 ശ്ലോകങ്ങളെ ആധാരമാക്കിയാണ് എന്നതും ശ്രദ്ധേയം. നോവൽ സാഹിത്യത്തെ ചരിത്രനോവൽ എന്ന വിധത്തിൽ പലരും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇവിടെ ദാർശനിക നോവലെന്ന പുതിയ ധാര പിറവികൊള്ളുന്നോ എന്നു പോലും സംശയിക്കേണ്ടിവരും. തീവ്രാനുഭവങ്ങളുടെ കഠിനവഴികൾ സ്വയം തിരഞ്ഞെടുത്ത് മുന്നേറുന്ന ഒരു ത്യാഗിയെ ഈ നോവലിലുടനീളം കാണാൻ കഴിയും. ശ്വാസമടക്കിപ്പിടിച്ച് ഭക്തിപാരവശ്യത്തോടെ മാത്രമേ 'അവധൂതം" വായിച്ച് പൂത്തിയാക്കാൻ കഴിയൂ.

എച്ച് ആൻഡ് സി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവലിന് പ്രൊഫ.എം.കെ.സാനുവിന്റെ അവതാരികയും സാഹിത്യകാരൻ രവിവർമ്മ തമ്പുരാന്റെ ആസ്വാദനകുറിപ്പും പാൽപ്പായസത്തിന് അതിമധുരമായി.

ആത്മനിഷ്ഠമായ ജീവിതത്തിന്റെ നിഗൂഢ രഹസ്യങ്ങൾ തിരയുന്ന ഗുരുവിനെ ഈ നോവലിൽ കാണാമെന്ന് അവതാരികയിൽ എം.കെ. സാനുവും,​ ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണമായ ബാല്യകാലത്തിന്റെ പ്രതിഫലനങ്ങൾ ചാരുതയോടെ വരച്ചു കാട്ടുന്നതാണ് 'അവധൂത"മെന്ന് രവിവർമ്മ തമ്പുരാനും പറയുന്നു.

TAGS: BOOK REVIEW, AVADHOODHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.