
ചുവന്ന ദശകത്തെ പണ്ട്കോരിത്തരിപ്പിച്ച
സർഗ്ഗസംഗീതമിന്നുമൊഴുകുന്നു പാലാഴിപോലെ
പ്രസാദമധുരമതിൻ കാവ്യാമൃതം തേടിയെത്തുന്നു
മലയാണ്മയെന്നുമാ അക്ഷരതീരങ്ങളിൽ
സർവ്വം മറന്നതിൽ ലയിച്ചു നിന്നീടുമ്പോൾ
സങ്കല്പങ്ങൾക്കുമപ്പുറത്തേക്കത് ഒഴുകിടുന്നു.
പ്രണയത്തിനിത്രയും ഭാവങ്ങളുണ്ടോ?
വിരഹത്തിനിത്രയും തീക്ഷ്ണതയുണ്ടോ?
തലമുറയെത്ര കഴിഞ്ഞാലുമാ ഗീതങ്ങൾ
വാടാമല്ലികളായ് മനസ്സിൽ വിടർന്നു നില്ക്കും.
മാനത്ത് പടരും വനജ്യോത്സ്നയും
അനംഗമന്ത്രത്തിൻ അനുരണനങ്ങളും
കണ്ണുതുറക്കാത്ത ദൈവങ്ങളും കന്ദർപ്പനുമൊക്കെയാ
കാവ്യലോകത്തിലെ നിത്യവിസ്മയങ്ങൾ.
മാറ്റൊലിക്കവിയെന്നു വിളിച്ചപ്പോൾ മറുപടിയായ്
അനശ്വര കാവ്യങ്ങൾ എഴുതിയ ക്രാന്തദർശി,
എനിക്കു മരണമില്ലയെന്നുറക്കെ പറഞ്ഞിട്ട്
ഇത്രനേരത്തെയെന്തിന് അരങ്ങൊഴിഞ്ഞു?
തളിർക്കുന്നു പൂക്കുന്നു പാരിജാതം വീണ്ടും
ആലുവാപ്പുഴയിലൂടൊഴുകുന്നു വഞ്ചികൾ പിന്നെയും
എന്നിട്ടിന്നുമീ കലാക്ഷേത്രത്തിലൊഴിഞ്ഞു കിടക്കുന്നു
കാലം തീർത്ത നിൻ കാവ്യസിംഹാസനം!
'അമ്മക്കൈകൾ"
സുരേഷ് വണ്ടന്നൂർ
അഞ്ചു താരകൾ എന്റെ അമ്മ തൻ കൺകോണിൽ,
ബാല്യത്തിൻ കുഴമറകളിൽ വഴി കാട്ടി.
അന്നമായ് മാത്രമല്ല, സ്നേഹത്തിൻ
നനവൂട്ടി, മുളയ്ക്കും ആവശ്യങ്ങളെല്ലാം
പൊതിയാൻ, വളക്കൂറുള്ള മണ്ണായ് മാതാവ് നിന്നു.
ലളിതമാം അമ്മയുടെ പാഠങ്ങളോ,
അമൂല്യം, പരിശുദ്ധം, ആഴമേറും,
ഞങ്ങൾ അഞ്ചു പേർ മയങ്ങിക്കിടക്കുമ്പോൾ.
ആകാശത്തേക്കും, പൂവിട്ട ചെടിയിലേക്കും
വിരൽ ചൂണ്ടി, പ്രകൃതിയുടെ സൗന്ദര്യത്താൽ
ഓരോ നിമിഷവും നിറച്ചവൾ, എൻ്റെ അമ്മ.
കളിചിരി പൂണ്ട പൂച്ച, മരക്കൊമ്പിലെ കാക്ക,
സകലതിലും ജീവിതത്തിൻ മാഹാത്മ്യം കാട്ടി.
"കണ്ടില്ലേ, അവയെങ്ങനെ ഭക്ഷിക്കുന്നു?
ഇനി എന്റെ കുഞ്ഞുങ്ങളുമിതുപോലെ ഉണ്ണുക."
വാത്സല്യത്തിൻ കൈകളാൽ ഓരോ ശ്രമത്തിലും
ആ മാതൃത്വം ഞങ്ങളെ താങ്ങിനിർത്തി.
ഇന്ന്, ഞങ്ങൾ വളർന്നു, ചിറകു വിരിച്ചു,
പലതരം ലോകങ്ങളിൽ, പറന്നുയരുന്നു.
ജീവിതത്തിൻ തിരക്കിൽ, ഇനിയുമേറെ തേടുന്നു.
എങ്കിലും, ഞങ്ങൾ നേടുന്ന ഓരോ ശക്തിയും,
എത്തുന്ന ഓരോ ഉയരവും,
ആ മാത്മസ്നേഹത്തിൻ, വഴികാട്ടും പ്രകാശത്തിൻ
മീതെ കെട്ടിപ്പടുത്തതത്രേ.
ഇന്നീ ഞങ്ങളുടെ ലോകത്തിൽ നിന്ന്
അമ്മ തൻ തണലേകിയ ചിറകുകൾ പറന്നകന്നു,
മനസ്സിൽ ദുഃഖത്തിൻ വിത്തൊന്നു പാകി.
സ്വർഗ്ഗത്തിൻ വിശാലമാം പൂന്തോട്ടത്തിന്
ശുദ്ധമാം ഒരത്മാവ് കൂടി ലഭിച്ചു.
പക്ഷേ, ഞങ്ങളുടെ ജീവിതങ്ങളിൽ
ആ മാതൃദയ, എന്നും നിലനിൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |