
സംഗീതമാണ് ജീവന് എല്ലാം. ബയോടെക്നോളജിയിൽ ബിരുദവും ഹെൽത്ത് കെയറിൽ എം.ബി.എയും ചെയ്തപ്പോഴും ജീവൻ കൊതിച്ചത് തന്റെ 'ജീവനിലേയ്ക്ക്" മടങ്ങിയെത്താൻ തന്നെ. പിന്നണി ഗാനരംഗത്ത് പ്രമുഖർക്കൊപ്പം പാടി സമൂഹമാദ്ധ്യമത്തിലടക്കം ശ്രദ്ധനേടിയപ്പോൾ തന്റെ തീരുമാനം തെറ്റിയില്ലെന്നും ഉറപ്പായി. പാട്ടുവിശേഷങ്ങൾ ജീവൻ പദ്മകുമാർ കേരള കൗമുദിയുമായി പങ്കുവയ്ക്കുന്നു.
അച്ഛനാണെല്ലാം
ജീവന്റെ അച്ഛൻ പദ്മകുമാർ പഴയ പാട്ടുകളുടെ ആരാധകനായിരുന്നു. ക്ലാസിക്ക് പാട്ടുകളുടെയെല്ലാം വലിയ ശേഖരമുണ്ടായിരുന്നു അച്ഛന്. ജീവന് അഞ്ചുവയസുള്ളപ്പോൾ വീട്ടിൽ പണ്ടത്തെ പാട്ടുകൾ റേഡിയോയിൽ വയ്ക്കുക പതിവായിരുന്നു. പാട്ടുകേട്ട് അതുപോലെ പാടാൻ ശ്രമിക്കുന്നത് കണ്ട് ജീവന് ഈ രംഗത്ത് താത്പര്യമുണ്ടെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അങ്ങനെ ശാസ്ത്രീയമായി പാട്ട് പഠിപ്പിക്കാൻ തീരുമാനിച്ചു. സ്കൂളിൽ ചേർന്നപ്പോൾ മത്സരങ്ങളിൽ സജീവമായി. ജില്ലാ-സംസ്ഥാന തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു. പ്രശസ്ത സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു ആയിരുന്നു ആദ്യ ഗുരു. അദ്ദേഹത്തിന് കീഴിൽ എട്ടുവർഷത്തോളം സംഗീതം അഭ്യസിച്ചു. തുടർന്ന് പല സ്ഥലങ്ങളിൽ പല ഗുരുക്കന്മാരുടെ കീഴിലും പഠിച്ചു.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ജീവൻ ആദ്യമായി ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അതിനുശേഷം സംഗീതം ഗൗരവത്തോടെയെടുത്തു. അതിൽ വിധികർത്താവായിരുന്ന ശരത് സംഗീത സംവിധാനം ചെയ്ത 'എന്റെ" എന്ന ചിത്രത്തിലെ 'പൂമാനം തേടും മേഘങ്ങൾ" എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാന ലോകത്ത് അരങ്ങേറുന്നത്. ഒരേ ചിത്രം തെലുങ്കിലും മലയാളത്തിലും പുറത്തിറക്കിയിരുന്നു. ഈ രണ്ടു ഭാഷയിലും പാടിയതും ജീവനാണ്. തുടർന്ന് ദീപക് ദേവ്, ഗോപി സുന്ദർ, മനു രമേശൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. തമിഴിൽ ആദ്യം പാടുന്നത് മനു രമേശൻ സംഗീതം നൽകിയ 'എട്ടുതിക്കും മദയാനൈ" എന്ന ഗാനമായിരുന്നു. യുഗപുരുഷൻ എന്ന ചിത്രത്തിൽ മോഹൻ സിത്താര ഈണം നൽകിയ 'ജാതി ഭേദം.." എന്ന ഗാനം യേശുദാസിനൊപ്പം പാടാൻ അവസരം ലഭിച്ചു. മൂന്നുനാലു പേർ ചേർന്നാണ് പാടിയതെങ്കിലും ഗാനഗന്ധർവനൊപ്പം പാടാൻ സാധിച്ചത് ഭാഗ്യമായി ജീവൻ കണക്കാക്കുന്നു.
ഹിറ്റായ രാധേ...
മലയാളത്തിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രത്തിൽ വിദ്യാധരൻ മാഷിനൊപ്പം പാടിയ 'രാധേ രാധേ" എന്ന ഗാനമാണ്. ഈ ഗാനം ജീവന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. മഹാവീര്യറിലെ എല്ലാ പാട്ടുകളുടെയും സംഗീതസംവിധാനത്തിലും അസിസ്റ്റ് ചെയ്യാനും സാധിച്ചു. എബ്രിഡ് ഷൈനിന്റെ 'പൂമരം" എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. ആ പരിചയമാണ് മഹാവീര്യറിൽ പാടാനുള്ള അവസരത്തിലേക്ക് വഴി തുറന്നതും. തമിഴിലെ 'സരിഗമപാ.." എന്ന റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റായപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. അതിൽ പാടിയ 'രാസാത്തി എൻ ഉസുരു..."എന്ന എ.ആർ. റഹ്മാൻ ഗാനം വൈറലായി. ലക്ഷക്കണക്കിനാളുകൾ പാട്ട് കേട്ടു. സോഷ്യൽ മീഡിയ ഫെയിസ് ഒഫ് ദി അവാർഡും അതിലൂടെ ലഭിച്ചു. ആ ഗാനം തമിഴിലും മലയാളത്തിലുമായി ധാരാളം അവസരങ്ങൾ നേടിക്കൊടുത്തു. തമിഴിൽ ഏറ്റവുമൊടുവിൽ പാടിയത് 'പെരുസ്" എന്ന ചിത്രത്തിലെ പാട്ടാണ്. മഹാവീര്യരുടെ സംഗീതസംവിധായകൻ ഇഷാൻ ചാബ്രയുടെ ഒരു ചിത്രത്തിൽ പാടിയ ഗാനം പുറത്തിറങ്ങാനിരിക്കുകയാണ്. വിദേശത്തടക്കം സ്റ്റേജ് ഷോകളിലും ജീവൻ സജീവമാണ്.
സംഗീതം തന്നെ ജീവിതം
താൻ ആരാധിക്കുന്ന സംഗീത സംവിധായകർക്കായി പാട്ടുകൾ പാടണമെന്നതാണ് ജീവന്റെ ഏറ്റവും വലിയ മോഹം. ഇതിനൊപ്പം ഗാനങ്ങൾ സ്വതന്ത്രമായി ചിട്ടപ്പെടുത്തുന്നുണ്ട്. അതും പുറത്തിറക്കണം. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ആണ് സ്വദേശം. അമ്മ ഗീത. സഹോദരി ജീവ. റെക്കാഡിംഗുകളുടെ സൗകര്യത്തിനായി ചെന്നൈയിലാണ് ഇപ്പോൾ താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |