
ഗൂഗിൾ പേ വഴി കൈക്കൂലി. ശനിയാഴ്ചതോറും ആഴ്ചപ്പടി നൽകുന്ന സംവിധാനം, ഉദ്യോഗസ്ഥന്മാരെക്കാൾ കൂടുതൽ പവർ കാണിക്കുന്നത് ഏജന്റുമാർ ഇങ്ങനെ തുടങ്ങി കുത്തഴിഞ്ഞ സംവിധാനത്തിലേക്ക് ജില്ലയിലെ ആർ.ടി ഓഫീസുകൾ മാറുമ്പോൾ വലയുന്നത് പൊതുജനങ്ങളാണ്. കൈക്കൂലി തടയുമെന്ന സർക്കാർ ഉറപ്പുകൾ പൊള്ളയാണെന്ന് ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഏജന്റ് ഉദ്യോഗസ്ഥ സഖ്യം. ജില്ലയിലെ ആർ.ടി ഓഫീസുകളിൽ ഡിജിറ്റൽ കാലഘട്ടത്തിലും അഴിമതിയുടെ പുതിയ മുഖം മാറ്റങ്ങളോടെ തഴച്ചുവളരുകയാണ്. വിജിലൻസിന്റെ ആവർത്തിച്ചുള്ള പരിശോധനകൾക്കിടയിലും ഏജന്റുമാരുടെ ആധിപത്യവും ഉദ്യോഗസ്ഥരുടെ കൂട്ടുനിൽപ്പും തുടരുന്നു എന്നതാണ് യാഥാർത്ഥ്യം.
സമാന്തര ഭരണം
ജില്ലയിലെ അഞ്ച് ആർ.ടി ഓഫീസുകളിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി ഇതിൽ പ്രത്യേകിച്ച് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഓഫീസുകളിലാണ് ഏജന്റുമാരുടെ ആധിപത്യം. സർക്കാർ ഉദ്യോഗസ്ഥരല്ല, ഏജന്റുമാരാണ് ഇവിടെ യഥാർത്ഥ നിയന്ത്രണം. ഓൺലൈൻ സേവനങ്ങൾ ലഭ്യമാണെന്ന സർക്കാരിന്റെ അവകാശവാദങ്ങൾക്ക് ഈ ഓഫീസുകളിൽ പ്രസക്തിയുമില്ല. സാധാരണക്കാർ വരുമ്പോൾ ഓൺലൈൻ സേവനത്തെക്കുറിച്ച് വിവരിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതിനു പകരം, കാര്യങ്ങൾ സങ്കീർണമാക്കി ഏജന്റുമാരിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. വട്ടം കറക്കി ക്ഷീണി ച്ച് അവസാനം ഏജന്റുമാരെ സമീപിക്കാൻ നിർബന്ധിതരാക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്.
വാഹന സംബന്ധമായ ആവശ്യങ്ങൾക്കായി ദിനംപ്രതിയെത്തുന്ന സാധാരണക്കാരെ ആർ.ടി ഓഫീസിന്റെ പ്രവേശന കവാടത്തിൽ തന്നെ കാത്തുനിൽക്കുന്ന ഏജന്റുമാർ തടഞ്ഞുനിറുത്തും. പൊതുജനങ്ങൾക്ക് സഹായം നൽകാൻ സ്ഥാപിച്ച കിയോസ്‌ക് കൗണ്ടറിനോട് ചേർന്ന് തമ്പടിക്കുന്ന ഇവർ, വിവരങ്ങൾ അന്വേഷിക്കാൻ വരുന്നവരെ തടഞ്ഞുനിറുത്തി ക്യാൻവാസ് ചെയ്യുന്നു. 'നേരെ ഓഫീസിൽ പോയാൽ കാര്യമില്ല, ഫയൽ മാസങ്ങളോളം കിടക്കും' എന്ന ഭീഷണിയും, 'ഞങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ കാര്യം ശരിയാക്കാം' എന്ന വാഗ്ദാനം ഉപയോഗിച്ച് കീഴടക്കുന്നു. ഉദ്യോഗസ്ഥർ തന്നെ നേരിട്ടുള്ള അപേക്ഷകൾ വൈകിപ്പിക്കുന്നതിനാൽ ഈ ഭീഷണി യാഥാർത്ഥ്യമാകുകയും ചെയ്യുന്നു.
ഡിജിറ്റലായ അഴിമതി
വിജിലൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി ടി. അബ്ദുൾ റസാഖിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്.പി ഗണേഷ് കുമാർ അടുത്തിടെ മിന്നൽ പരിശോധന നടത്തി. ഉച്ചയ്ക്ക് 12.30 മണി മുതൽ വൈകിട്ട് 5.15 വരെ നീണ്ട പരിശോധനയിൽ ആറ് ഏജന്റുമാരിൽ നിന്ന് കണക്കിൽപ്പെടാത്ത 67,500 രൂപ പിടിച്ചെടുത്തു. ഏജന്റുമാർ ഗൂഗിൾ പേ വഴി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് പണം അയച്ചുകൊടുത്തതിന്റെ സ്‌ക്രീൻഷോട്ടുകൾ വിജിലൻസ് കണ്ടെത്തി. 'പണം അയച്ചു, ചെക്ക് ചെയ്യൂ' എന്ന ഉള്ളടക്കമുള്ള വോയ്സ് മെസേജുകളും പിടിച്ചെടുത്തു. ക്യാഷ്, ഗൂഗിൾ പേ, ഉദ്യോഗസ്ഥരുടെ വാഹനത്തിൽ വച്ചുകൊടുക്കൽ എന്നിങ്ങനെ മൂന്ന് മാർഗങ്ങളിലാണ് കൈക്കൂലി കൈമാറ്റം നടക്കുന്നത്.
ഡിജിറ്റൽ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ എളുപ്പമാണെന്ന തിരിച്ചറിവ് ഇല്ലാത്തതോ, അല്ലെങ്കിൽ പിടിക്കപ്പെടില്ലെന്ന വിശ്വാസമോ ആണ് ഇത്തരം ഡിജിറ്റൽ കൈമാറ്റങ്ങൾക്ക് കാരണം. വിജിലൻസ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്, അതിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആഴ്ചപ്പടി സംവിധാനം
കൂടുതൽ ആശ്ചര്യം ജനിപ്പിക്കുന്നത് കൈക്കൂലി വിതരണത്തിന്റെ സംഘടിതവും സമയബന്ധിതവുമായ രൂപമാണ്. പൊതുജനങ്ങളിൽ നിന്ന് വട്ടം കറക്കി വൻതുക വാങ്ങിയെടുത്ത ശേഷം, ശനിയാഴ്ചതോറും ആഴ്ചപ്പടി ഉദ്യോഗസ്ഥർക്ക് നൽകുന്ന സംവിധാനമാണ് പ്രവർത്തിക്കുന്നത്. ശനിയാഴ്ച തിരഞ്ഞെടുക്കുന്നത് അടുത്ത ദിവസം അവധിയായതുകൊണ്ട് പരിശോധനകൾ കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഓഫീസ് സമയം കഴിഞ്ഞ്, വൈകിട്ട് 5.30 നും 7 മണിക്കുമിടയിൽ ഉദ്യോഗസ്ഥർ ഓഫീസിൽ തങ്ങുന്നു. ഒന്നിനുപുറകെ ഒന്നായി ഏജന്റുമാരെ വിളിപ്പിച്ച് ആഴ്ചയിലെ 'വിഹിതം' കൈപ്പറ്റുന്നു. ചിലപ്പോൾ ഓഫീസ് പരിസരത്ത് പാർക്ക് ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും പണം കൈമാറുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓരോ ദിവസത്തേയും 'വരവ്' ഏജന്റുമാർ രേഖപ്പെടുത്തുന്നുണ്ട്. ഓരോ തരം സേവനത്തിനും എത്ര തുക ഏജന്റിന് ലഭിച്ചു, എത്ര ഉദ്യോഗസ്ഥർക്ക് കൊടുക്കണം എന്നതിന്റെ കൃത്യമായ കണക്കെടുപ്പുണ്ട്. ശനിയാഴ്ച ആ ആഴ്ചയിലെ മൊത്തം 'കമ്മീഷൻ' തുക സംയുക്തമായി അല്ലെങ്കിൽ വെവ്വേറെ വിതരണം ചെയ്യുന്നു.
നിയന്ത്രണം ഏജന്റുമാർ
ഏത് വാഹനം പരിശോധിക്കണം, ഏതൊക്കെ പരിശോധിക്കേണ്ട, ഏതൊക്കെ ഫയലുകൾ വേഗത്തിൽ പ്രോസസ് ചെയ്യണം, ഏതൊക്കെ താമസിപ്പിക്കണം ഇതെല്ലാം തീരുമാനിക്കുന്നത് ഏജന്റുമാരാണ്. അവരുടെ 'അനുമതി' ഇല്ലാതെ ഫയലുകൾ നീങ്ങില്ല എന്നതാണ് യാഥാർത്ഥ്യം. മാന്യമായി പ്രവർത്തിക്കുന്ന കുറച്ച് ഏജന്റുമാരുണ്ട്, ന്യായമായ തുക മാത്രം വാങ്ങി സത്യസന്ധമായി സേവനം നൽകാൻ ശ്രമിക്കുന്നവർ. എന്നാൽ അഴിമതിയിൽ മുഴുകിയ ഉദ്യോഗസ്ഥർ അവരെ പരിഗണിക്കുന്നില്ല. 'കമ്മീഷൻ' കൊടുക്കാൻ തയ്യാറുള്ളവരെ മാത്രമേ അവർ അംഗീകരിക്കൂ. ഇത് സത്യസന്ധരായ ഏജന്റുമാരെ ഒഴിവാക്കപ്പെടാൻ നിർബന്ധിതരാക്കുകയും അഴിമതി സംവിധാനത്തെ ശക്തമാക്കുകയും ചെയ്യുന്നു.
ക്രമക്കേടുകളുടെ വിപുലമായ ശൃംഖല
വിജിലൻസിന് ലഭിച്ച പരാതികൾ പ്രകാരം കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ് വ്യാപക ആക്ഷേപങ്ങൾ. നേരിട്ടുള്ള അപേക്ഷകൾ പരിഗണിക്കാതെ വൈകിപ്പിക്കുക, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകൾക്ക് കൂട്ടുനിൽക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ നടപടികൾ സ്വീകരിക്കാതെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെയും ഏജന്റുമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യാപകമായ ആക്ഷേപങ്ങളുണ്ട്. അതേസമയം പരിശോധന തുടരുമ്പോഴും കൈക്കൂലിക്ക് ഒട്ടും കുറവില്ല എന്നതാണ് വാസ്തവം.
നടപടി വേണം
കണ്ണൂർ ആർ.ടി ഓഫീസിലെ അഴിമതി സർക്കാർ സേവനങ്ങളുടെ അധഃപതനത്തിന്റെയും ഏജന്റ് ഉദ്യോഗസ്ഥ സഖ്യത്തിന്റെ ശക്തിയുടെയും സൂചനയാണ്. ഓൺലൈൻ സേവനങ്ങൾ ലഭ്യമായ കാലത്തും സാധാരണക്കാരൻ ഈ സംവിധാനത്തിന്റെ ചൂഷണത്തിന് ഇരയാകുന്നത് തുടരുന്നു. സമഗ്രമായ അന്വേഷണവും കർശനമായ നടപടിയും മാത്രമേ ഈ ശൃംഖല തകർക്കാനാകു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾഫ്രീ നമ്പർ 1064, 8592900900 അല്ലെങ്കിൽ വാട്ട്സാപ്പ് നമ്പർ 9447789100 എന്നിവയിൽ അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |