
കണ്ണൂർ: ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ഗോൾ കീപ്പറുമായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. കണ്ണൂർ ബർണശേരി സ്വദേശിയാണ്. അർബുദ രോഗബാധിതനായി ബംഗളൂരു ഹെബ്ബാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 8.10നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ബംഗളൂരു സി.എസ്.ഐ ഈസ്റ്റ് പരേഡ് പള്ളിയിൽ.
1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നു. ഇതിലൂടെ കേരളത്തിന്റെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ മെഡൽ ജേതാവായി. 1973 ലോകകപ്പിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1971 മുതൽ 78വരെ ഇന്ത്യൻ ഗോൾ കീപ്പറായിരുന്നു. രണ്ട് ലോകകപ്പുകളിലും വല കാത്തു. കായിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം 2019ൽ ധ്യാൻചന്ദ് പുരസ്‌കാരം നൽകി ആദരിച്ചു.
ഇന്ത്യൻ സൈന്യത്തിൽ ബോക്സറായിരുന്ന ജോസഫ് വാവോറുടേയും സാറയുടേയും ആറ് മക്കളിൽ നാലാമനാണ്. കണ്ണൂർ ബി.എം.യു.പി സ്‌കൂളിൽ ഫുട്‌ബാൾ കളിച്ചിരുന്ന മാനുവൽ പിന്നീട് സെന്റ് മൈക്കിൾ ആംഗ്ളോ ഇന്ത്യൻ സ്‌കൂൾ ടീം വഴി പന്ത്രണ്ടാം വയസിലാണ് ഹോക്കിയിൽ സജീവമായത്. പതിനഞ്ചാം വയസിൽ സൈന്യത്തിൽ ചേർന്നു. നാലു വർഷം സർവീസസിന്റെ ജഴ്സി അണിഞ്ഞു.
പരേതയായ ശീതളയാണ് ഭാര്യ. മക്കൾ: ഫ്രെഷ്‌ന പ്രവീൺ (ബംഗളൂരു), ഫെനില (മുംബയ്). മരുമക്കൾ: പ്രവീൺ (ബംഗളൂരു), ടിനു തോമസ് (മുംബയ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |