
മിട്രീൻ (നെതർലൻഡ്) : നാനൂറോളം യാത്രക്കാരുമായി കുതിച്ചുപാഞ്ഞെത്തിയ ട്രെയിൻ ലെവൽക്രോസിൽ ലോറിയിലേക്ക് ഇടിച്ചുകയറി. നെതർലൻഡിൽ മിട്രീനിലെ ലെവൽ ക്രോസിലായിരുന്നു സംഭവം. അപകടത്തിൽ ലോറി പൂർണമായി തകരുകയും ട്രെയിനിന് ഭാഗികമായി കേടുപാടുകൾ ഉണ്ടാവുകയും ചെയ്തെങ്കിലും ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മുപ്പതിനുനടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പഴങ്ങൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ആദ്യം സുരക്ഷിതമായി ലെവൽക്രോസ് കടന്നതാണ്. അപ്പാേഴാണ് ഒരു കാർ എതിരെ വന്നത്. അതിന് കടന്നുപോകാനായി ലോറി പിറകോട്ടെടുത്തു. ട്രെയിൻ വരാൻ ഇനിയുമേറെ സമയമുണ്ടെന്നാണ് ലോറി ഡ്രൈവർ കരുതിയത്. പുറകിലോട്ടെടുത്ത ലോറി മുന്നോട്ടെടുക്കുന്നതിടെ ട്രെയിൻ വരുന്നത് അറിയിച്ചുകൊണ്ടുള്ള അലാറം അടിക്കുകയും ഗേറ്റുകൾ അടയുകയും ചെയ്തു. ഈ സമയം ലോറിയുടെ എൺപതുശതമാനത്തോളം ഭാഗം റെയിൽവെപാളം കടന്നിരുന്നു. അതിനിടെ ട്രെയിൻവരുന്നതുകണ്ട് ലോറി മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ കുതിച്ചുപാഞ്ഞെത്തിയ ട്രെയിൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ലോറിയുടെ ഭാഗങ്ങളും ഉള്ളിലുണ്ടായിരുന്നു പഴങ്ങളും ചിതറിത്തെറിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ ട്രെയിൻ എൻജിനും ചില ബോഗികൾക്കും കാര്യമായ കേടുപാടുണ്ടായതിനാൽ യാത്രക്കാരെ മറ്റൊരു ട്രെയിനിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |