SignIn
Kerala Kaumudi Online
Monday, 03 November 2025 1.24 AM IST

14 ലക്ഷം കന്നി വോട്ടർമാർ; തേജസ്വിയുടെ വാഗ്ദാനത്തിൽ വീഴുമോ ജെൻ സി, ബീഹാർ ജനത ആരെ വിശ്വസിക്കും?

Increase Font Size Decrease Font Size Print Page
tejashwi-yadav

പാട്ന: ജനസംഖ്യയുടെ 58 ശതമാനത്തോളം 25 വയസിന് താഴെ പ്രായമുള്ളവർ, തൊഴിലാല്ലായ്മയിൽ നട്ടം തിരിയുന്ന സംസ്ഥാനം. ഇങ്ങനെ ഒരുപാട് പ്രത്യേകതയുണ്ട് ബീഹാറിന്. ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന പദവിയിൽ നിന്ന് പുറത്തുകടക്കാൻ ബീഹാറിന് എന്താണ് വേണ്ടതെന്ന ചോദ്യത്തിന്, ആ സംസ്ഥാനത്തുള്ളവർ നൽകുന്ന ഉത്തരം ഒരു പക്ഷേ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിങ്ങനെയായിരിക്കും. ഇവ മൂന്നുമുണ്ടെങ്കിൽ വളർച്ചയുടെ പടവ് താണ്ടി ബീഹാറിന് മുന്നോട്ടു കുതിക്കാം. ബീഹാറിനെ പൊതുവെ ചെറുപ്പക്കാരുടെ സംസ്ഥാനമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ മുന്നണികളുടെ പ്രതീക്ഷകൾ യുവാക്കളിലാണ്.

കഴിഞ്ഞ ദിവസങ്ങളിലായി മുന്നണികൾ പുറത്തിറക്കിയ പ്രകടന പത്രികകളും ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെയാണ്. അതുകൊണ്ട് തന്നെ യുവാക്കളെ ലക്ഷ്യം വച്ച് ഇന്ത്യ മുന്നണി പുറത്തിറക്കിയ വോട്ടർപട്ടിക ആരെയൊക്കെ, എങ്ങനെ സ്വാധീനിക്കും? പരിശോധിക്കാം.

ഇന്ത്യ മുന്നണിയിൽ ഉൾപ്പെട്ട പ്രതിപക്ഷം ചൊവ്വാഴ്ചയായിരുന്നു ബീഹാറിൽ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിൽ കൃത്യമായ പദ്ധതികൾ ഇന്ത്യ സഖ്യം മുന്നോട്ടുവച്ചിട്ടുണ്ട്. വർഷങ്ങളായി ഭരിക്കുന്ന സർക്കാരുകൾ താഴെത്തട്ടിലുള്ളവർക്ക് അഭിവൃദ്ധി കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്നും, അത് കൃത്യമായി പഠിച്ചുകൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയതെന്നുമാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.

ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന് നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നിർദ്ദിഷ്ട പദ്ധതിയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം പറയുന്നു. ജൻ സുരാജ് പാർട്ടിയുടെയും എൻഡിഎയുടെയും പ്രകടന പത്രികയിലെ 'നവയുഗ സമ്പദ്‌വ്യവസ്ഥ കാ യുഗ്', 'പാഞ്ച് വർഷോം മേം ബദ്മുക്ത് ബീഹാർ' തുടങ്ങിയ വാഗ്ദാനങ്ങളെ പോലെയല്ല ഈ പദ്ധതിയെന്ന് വേണം കരുതാൻ.

ആരോഗ്യ മേഖലയിൽ ബീഹാറിന്റെ പരാജയം രാജ്യം മുഴുവൻ അറിഞ്ഞതാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിൽ 35,317 ഡോക്ടർമാരുടെ കുറവാണുള്ളത്. അതായത് അനുവദിച്ച തസ്തികകളിൽ 60 ശതമാനം കുറവ്. കൂടാതെ നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ എന്നിവരുടെ കുറവ് വളരെ രൂക്ഷമാണ്. കാലഹരണപ്പെട്ട മരുന്നുകൾ രോഗികൾക്ക് നൽകുന്ന സംഭവങ്ങൾ ഇടയ്ക്കിടെ മാദ്ധ്യമങ്ങൾ വഴി പുറത്തുവരുന്നതുമാണ്. ഒട്ടുമിക്ക ജില്ലാ ആശുപത്രികളിൽ എത്തുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും റെഫർ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇതുകാരണം പൊതുജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ ബീഹാറിന്റെ അധികാരം ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചാൽ രാജസ്ഥാൻ ആരോഗ്യ സംരക്ഷണ മാതൃക നടപ്പിലാക്കുമെന്നാണ് ഇന്ത്യ മുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് മുഖ്യ ആകർഷണം. പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിലൂടെ ആരോഗ്യ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ദരുമായി കൂടിയാലോചിച്ചതിന് ശേഷം ചില വാഗ്ദാനങ്ങളും ഇന്ത്യ മുന്നണി മുന്നോട്ടുവച്ചിട്ടുണ്ട്.

  • എല്ലാ സർക്കാർ ആശുപത്രികളിലും എല്ലാത്തരം മെഡിക്കൽ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകും.
  • എല്ലാ ജില്ലാ ആശുപത്രികളിലും ഐസിയു, സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, പീഡിയാട്രിക്സ്, മൾട്ടിസ്‌പെഷ്യാലിറ്റി, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ എന്നിവ ഉറപ്പാക്കും.
  • എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ലഭ്യത ഉറപ്പാക്കും.
  • കാൻസർ, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, പൾമണോളജി, എൻഡോക്രൈനോളജി എന്നിവയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമുള്ള ആധുനിക സൗകര്യങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലും ഒരുക്കും.
  • എല്ലാ സബ്ഡിവിഷണൽ ആശുപത്രികളിലും അടിയന്തര ഐസിയുകൾ സ്ഥാപിക്കും.
  • എല്ലാ ബ്ലോക്കുകളിലും മൊബൈൽ ക്ലിനിക് സേവനങ്ങൾ ആരംഭിക്കും.

പിന്നാക്കം നിൽക്കുന്ന ബീഹാറിലെ സ്‌കൂളുകളിൽ ഏകദേശം അഞ്ച് ശതമാനം മാത്രമേ വിദ്യാഭ്യാസ അവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നുള്ളൂ , ആയിരക്കണക്കിന് സ്‌കൂളുകളിൽ ഇപ്പോഴും പ്രവർത്തനക്ഷമമായ ടോയ്ലറ്റുകൾ, വൈദ്യുതി, കുടിവെള്ളം എന്നിവയില്ല. ദേശീയതലത്തിൽ ഇത് 9.8 ശതമാനമാണെങ്കിൽ, ബീഹാറിൽ രണ്ട് ശതമാനം മാത്രമേ സെക്കൻഡറി സ്‌കൂളുകളുള്ളൂ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി മാതാപിതാക്കളും വിദ്യാഭ്യാസ വിദഗ്ദരുമായി ചർച്ച ചെയ്ത ഇന്ത്യ മുന്നണി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

tejashwi-yadav

അക്കാദമിക് സെഷന്റെ തുടക്കം മുതൽ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങളും യൂണിഫോമുകളും നൽകും, വിദ്യാഭ്യാസ അവകാശ നിയമം ശക്തമായി നടപ്പിലാക്കും, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെ അവരുടെ കടമകളെക്കുറിച്ച് ബോധവൽക്കരിക്കുകയും എല്ലാ സ്‌കൂളുകളിലും അവർക്ക് ജോലിസ്ഥലങ്ങൾ നൽകുകയും ചെയ്യും, എല്ലാ ഉപവിഭാഗങ്ങളിലും വനിതാ കോളേജുകൾ സ്ഥാപിക്കും, 136 ബ്ലോക്കുകളിൽ ഡിഗ്രി കോളേജുകൾ ആരംഭിക്കും, നവോദയ വിദ്യാലയങ്ങളുടെ മാതൃകയിൽ എല്ലാ ഉപവിഭാഗങ്ങളിലും റെസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കും എന്നിവയാണത്.

2025 ഏപ്രിൽ മുതൽ ജൂൺ വരെ മിക്ക ജില്ലകളും സന്ദർശിച്ച് കർഷകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, ആരോഗ്യ വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, എൻജിഒകൾ എന്നിവരുൾപ്പെടെ വിവിധ ജനവിഭാഗങ്ങളുമായി സംവദിച്ചാണ് പലതും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതെന്നാണ് ഇന്ത്യ മുന്നണി അവകാശപ്പെടുന്നത്. ബീഹാറിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഈ പ്രകടന പത്രികയ്ക്ക് കഴിയുമെന്നാണ് ഇന്ത്യ മുന്നണി വിശ്വസിക്കുന്നത്.

7.43 കോടി വോട്ടർമാരാണ് ബീഹാറിൽ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് എത്തുക. ഇവരിൽ 14 ലക്ഷം പേരാണ് കന്നി വോട്ടർമാർ. ജെൻ സി തലമുറകളെ കയ്യിലെടുക്കാൻ തേജസ്വി യാദവിന്റെ മുന്നണിക്ക് സാധിക്കുമോ എന്നത് കണ്ടറിയണം. അധികാരത്തിലേറിയാൽ ഓരോ വീട്ടിലും ഒരാൾക്ക് സർക്കാർ ജോലിയെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. അധികാരം ലഭിച്ചാൽ 20 ദിവസത്തിനുള്ളിൽ ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് തേജസ്വി പ്രഖ്യാപിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BIHAR, INDIA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.