
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള ബി1ബി2 വിസ നിരസിക്കപ്പെട്ടതിൽ ഞെട്ടൽ മാറാതെ യുവാവ്. ഡൽഹിയിലെ അമേരിക്കൻ എംബസിയാണ് യുവാവിന് വിസ നിരസിച്ചത്. ഇന്ത്യയിൽ സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന യുവാവിന് ഒരു കോടി രൂപയിൽ അധികം വാർഷിക വരുമാനമുണ്ട്. അമേരിക്കയിലെ അറ്റ്‌ലാൻഡയിൽ നടക്കുന്ന 'കുബെക്കോൺ ക്ലൗഡ്‌നേറ്റീവ് കോൺ 2025' എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുവാവ് വിസയ‌്‌ക്ക് അപേക്ഷ നൽകിയത്.
വെറും മൂന്ന് ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്നും മറുപടി പറയുന്നതിനിടയിൽ ഒരു മിനിട്ടിനുള്ളിൽ തന്റെ വിസ നിരസിക്കപ്പെട്ടെന്നും യുവാവ് പറയുന്നു. റെഡിറ്റിൽ തന്റെ അനുഭവം പങ്കുവച്ച യുവാവ് തന്റെ ഭാഗത്ത് എന്ത് തെറ്റാണ് സംഭവിച്ചതെന്നും ഉപയോക്താക്കളോട് ചോദിച്ചു. അടുത്ത പ്രാവശ്യം വിസ നിരസിക്കപ്പെടാതിരിക്കാൻ അക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നാണ് യുവാവ് പറയുന്നത്.
“ഇന്ന് ഡൽഹിയിലെ യുഎസ് എംബസിയിൽ എനിക്ക് ബി1/ബി2 വിസയ്‌ക്കായുള്ള അഭിമുഖം ഉണ്ടായിരുന്നു, വെറും മൂന്ന് ചോദ്യങ്ങൾക്ക് ശേഷം ഒരു മിനിറ്റിനുള്ളിൽ എന്നെ നിരസിച്ചു. എന്താണ് തെറ്റ് സംഭവിച്ചതെന്നും അടുത്ത തവണ എനിക്ക് എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നും ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.” അദ്ദേഹം റെഡിറ്റിൽ എഴുതി.
അഭിമുഖ പ്രക്രിയയുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു. ഉദ്യോഗസ്ഥർ അദ്ദേഹത്തോട് മൂന്ന് ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്. യാത്ര ചെയ്യാനുള്ള കാരണം, മുൻ അന്താരാഷ്ട്ര യാത്രകൾ, യുഎസിൽ അദ്ദേഹത്തിന് കുടുംബമോ പരിചയക്കാരോ ഉണ്ടോ എന്നിവയായിരുന്നു ആ മൂന്ന് ചോദ്യങ്ങൾ.
യാത്രയുടെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അറ്റ്‌ലാൻഡയിലേക്ക് കുബെക്കോൺ ക്ലൗഡ്‌നേറ്റീവ് കോൺ 2025-ന്റെ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ഒരു കമ്പനിയിൽ സീനിയർ ടെക് ലീഡാണ്, എന്റെ ദൈനംദിന ജോലി ക്ലൗഡ് നേറ്റീവ് സാങ്കേതികവിദ്യകളിൽ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അറിയാൻ ഞാൻ ഈ കോൺഫറൻസിൽ പങ്കെടുക്കേണ്ടത് പ്രധാനമാണ്” അദ്ദേഹം പറഞ്ഞു.
മുൻ കാലങ്ങളിൽ ലിത്വാനിയ, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്‌തിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. തുടർന്ന്, അവർ അദ്ദേഹത്തിന് 214(b) റിഫ്യൂഷൻ സ്ലിപ്പ് നൽകുകയായിരുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 214(ബി) ആണ് ടൂറിസ്റ്റ് വിസ നിരസിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം. യുഎസ് സന്ദർശിച്ച ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് കോൺസുലാർ ഓഫീസറെ ബോദ്ധ്യപ്പെടുത്താൻ ഒരു അപേക്ഷകൻ പരാജയപ്പെടുമ്പോഴാണ് ഇത് നൽകുന്നത്.
എന്നാൽ കഴിഞ്ഞ 11 വർഷമായി താൻ ഇന്ത്യയിൽ സ്ഥിര ജോലി ചെയ്യുകയാണെന്നും തനിക്ക് ഇവിടെ പ്രതിവർഷം ഒരു കോടിയോളം വരുമാനം ലഭിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു. എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ടെന്നും അതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ അത് തനിക്ക് ശക്തമായ കാരണമാണെന്നും യുവാവ് പറഞ്ഞു. തൊഴിൽപരമായും വ്യക്തിപരമായും മികച്ച പശ്ചാത്തലമുണ്ടായിട്ടും വളരെ പെട്ടെന്ന് വിസ നിരസിച്ചതിൽ അദ്ദേഹം ഞെട്ടൽ പങ്കുവച്ചു. അറ്റ്‌ലാൻഡയിൽ നടക്കുന്ന കോൺഫറൻസിനായി റിസർവേഷൻ നടത്തിയിരുന്നെന്നും ഹോട്ടൽ മുറികൾ ബുക്കിംഗ് ഉൾപ്പെടെയുള്ളവ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം തത്സമയ സംപ്രേക്ഷണം ചെയ്യാത്തതിനാലാണ് നേരിട്ട് പങ്കെടുക്കാനുള്ള കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |