
താനെ: നാലുപേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ റെയിൽവേ എഞ്ചിയർമാർക്കെതിരെ നടപടി സ്വീകരിച്ച് റെയിൽവേ പൊലീസ്. ഇതാദ്യമായാണ് റെയിൽവേ എഞ്ചിനിയർമാർക്കെതിരെ ജിആർപി നടപടിയെടുക്കുന്നത്. താനെയിലെ മുംബ്ര സ്‌റ്റേഷന് സമീപം കഴിഞ്ഞ ജൂൺ ഒമ്പതിനാണ് നാലുപേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ അപകടം നടന്നത്.
അസിസ്‌റ്റന്റ് ഡിവിഷണൽ എഞ്ചിനിയർ വിശാൽ ഡോളസ്, സീനിയർ സെക്ഷൻ എഞ്ചിനിയർ സമാർ യാദവ് എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. റെയിൽവേ മുന്നറിയിപ്പുകൾ അവഗണിക്കുക, നിർണായക അറ്റകുറ്റപ്പണികൾ നടത്താതെ ട്രാക്കുകൾ ദുർബലമാക്കുക തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നാലുപേരുടെ മരണത്തിന് പുറമെ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ദിവ, മുംബ്ര എന്നീ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ ഒരു വലിയ വളവിൽ ട്രെയിനുകൾ പരസ്‌പരം കടന്നു പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിന് ദിവസങ്ങൾക്ക് മുൻപ് നടത്തിയ അറ്റകുറ്റ പണികളുലുണ്ടായ പിഴവാണ് സംഭവത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌റ്റേഷന് സമീപമുള്ള നാലാം നമ്പർ ട്രാക്ക് ശരിയായ വെൽഡിംഗ് ഇല്ലാതെയാണ് മാറ്റി സ്ഥാപിച്ചത്. ഇത് റെയിലുകൾ തുല്യമല്ലാതാകുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വളവുകളിൽ ട്രാക്കുകൾ തമ്മിലുള്ള അകലം 4,506 മില്ലിമീറ്ററായിരിക്കേണ്ട സ്ഥാനത്ത് ട്രാക്കുകൾക്കിടയിൽ 4,265 മില്ലിമീറ്റർ മാത്രമായിരുന്നു അകലമെന്നും കണ്ടെത്തി. അപകടത്തിന് മുൻപുണ്ടായ കനത്ത മഴയിൽ അറ്റകുറ്റ പണികളിലെ പോരായ്‌മകൾ പ്രകടമായിരുന്നു. മെയ്, ജൂൺ മാസങ്ങളിൽ നിരവധി തവണ ട്രാക്കിൽ വെള്ളം കെട്ടി നിൽക്കുന്നതായും ബാലസ്‌റ്റുകൾ ഒലിച്ചുപോകുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പ്രാദേശിക മുനിസിപ്പൽ എഞ്ചിനിയർ മുഖേന രേഖാമൂലം പരാതിപ്പെട്ടെങ്കിലും കുറ്റാരോപിതരായ എഞ്ചിനിയർമാർ അത് നിരസിക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിലും ട്രെയിന്റെ വേഗത മണിക്കൂറിൽ 75 കിലോമീറ്ററായി തുടർന്നു, അത്തരം സാഹചര്യങ്ങളിൽ മണിക്കൂറിൽ 69.4 കിലോമീറ്ററാണ് അനുവദനീയമായ വേഗത. അപകടത്തെത്തുടർന്ന്, അന്വേഷണത്തിൽ ജിആർപിക്ക് തടസ്സങ്ങൾ നേരിട്ടതായും റിപ്പോർട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കാനോ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനോ റെയിൽവേ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും റെയിൽവേ പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |