SignIn
Kerala Kaumudi Online
Wednesday, 05 November 2025 8.52 AM IST

ഋത്വിക് ഘട്ടക്ക് ജന്മശതാബ്ദി, മേഘം മൂടിയ നക്ഷത്രം

Increase Font Size Decrease Font Size Print Page
sa

ബംഗാളി സിനിമയിലെ ത്രിമൂർത്തികളായാണ് സത്യജിത് റായ്, മൃണാൾ സെൻ, ഋത്വിക് ഘട്ടക്ക് എന്നിവരെ ചരിത്രകാരന്മാരും ചലച്ചിത്ര നിരൂപകരും രേഖപ്പെടുത്താറ്. എന്നാൽ, മറ്റ് ഇരുവർക്കും ലഭിച്ച അംഗീകാരങ്ങളോ അവസരങ്ങളോ ജീവിതകാലത്ത് ഘട്ടക്കിന് ലഭിക്കുകയുണ്ടായില്ല. ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും ഒരൊറ്റയാനായിരുന്നു ഘട്ടക്. മൂന്നുപേരുടെയും രാഷ്ട്രീയബോദ്ധ്യങ്ങളിലുമുണ്ട് വലിയ അന്തരം. കക്ഷിബന്ധങ്ങളില്ലാത്ത സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളായിരുന്നു റായിയുടേത്. എങ്കിലും അദ്ദേഹം സാമൂഹികാസമത്വങ്ങൾക്കും ചൂഷണങ്ങൾക്കും എതിരായ നിലപാടാണ് എക്കാലത്തും കൈക്കൊണ്ടിരുന്നത്.

മൃണാൾ സെന്നാവട്ടെ, പ്രകടമായും ഒരു ഇടതുപക്ഷക്കാരനായിരുന്നു. ഒട്ടുകാലം തീവ്ര ഇടതുപക്ഷത്തിന്റെ സഹയാത്രികൻ പോലുമായി, അദ്ദേഹം. സി.പി.എമ്മിനോടൊപ്പം നിന്നിരുന്ന മൃണാൾ തന്നെ സി.പി.എമ്മിനെതിരെ കൊടിപിടിക്കുകയും ചെയ്തിട്ടുണ്ട്. ഘട്ടക്കിനും ഇടതുപക്ഷ മനസായിരുന്നു എന്നു പറയാം. എന്നാൽ, അതൊരിക്കലും കക്ഷിരാഷ്ട്രീയത്തിന്റെ വഴിയിലേക്ക് നീങ്ങിയിട്ടില്ല. മാർക്സിസം പോലെ അദ്ദേഹത്തിന് സ്വീകാര്യമായിരുന്നു ഉപനിഷത്തുക്കളും. അതുകൊണ്ടുതന്നെ മറ്റിരുവരെയുംകാൾ ആത്മീയതയുടെ ഒരന്തർധാരയും ഘട്ടക്ക് ചിത്രങ്ങളിലുണ്ടായിരുന്നു.

മദ്യത്തിനും മാനസിക സംഘർഷങ്ങൾക്കും വഴിവിട്ട പ്രണയബന്ധങ്ങളുടെ തകർച്ചകൾക്കും കീഴടങ്ങി ജീവിതം ഹോമിച്ച പലരെയും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ കാണാം- പി.സി. ബറുവയെപ്പോലെ,​ ഗുരുദത്തിനെപ്പോലെ. എന്നാൽ, മദ്യത്തോടൊപ്പം രാഷ്ട്രത്തിന്റെ പൂർവകാല ദുരന്തങ്ങളും വിപ്ലവ സ്വപ്നങ്ങളുടെ തകർച്ചകളും വേട്ടയാടിയ ഒരു ചലച്ചിത്രകാരനേ ഇന്ത്യയിലുള്ളൂ- അത് ഋത്വിക് ഘട്ടക്കാണ്. 1952 -ൽ പൂർത്തിയാക്കിയ 'നാഗരിക്" എന്ന ഘട്ടക്കിന്റെ ചിത്രം അക്കാലത്തുതന്നെ പുറത്തിറങ്ങിയിരുന്നുവെങ്കിൽ 1955-ൽ പുറത്തിറങ്ങിയ 'പഥേർ പാഞ്ചാലി'യിലൂടെ സത്യജിത് റായ് ലോകസിനിമയിൽ രേഖപ്പെടുത്തപ്പെടും മുൻപുതന്നെ ഘട്ടക് ഇന്ത്യൻ സിനിമയുടെ പ്രതിപുരുഷനായി മാറുമായിരുന്നു എന്ന് ചിലർ പറയാറുണ്ട്.

സത്യജിത് റായ് തന്നെ ഇങ്ങനെ രേഖപ്പെടുത്തിയത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ഈ നിരീക്ഷണത്തോടു യോജിക്കാൻ എനിക്ക് സാധിക്കുകയില്ല. കാരണം, 'പഥേർ പാഞ്ചാലി" നേടിയതുപോലെ അംഗീകാര മുദ്രകൾ നേടിയെടുക്കാൻ ഒരു ഘട്ടക്ക് ചിത്രത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. പിൽക്കാലത്ത് റായിയും സെന്നും പുറത്തിറക്കിയ ചിത്രങ്ങളൊക്കെ ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും വിദേശ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ആ പരിസരങ്ങളിലെങ്ങും ഘട്ടക് ചിത്രങ്ങൾ ഉണ്ടായില്ലെന്ന് ഓർക്കുക. കാര്യമായ ഒരു ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഏക ഘട്ടക് ചിത്രം 'അജാന്ത്രിക്"ആണ്. വെനീസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രത്തിന് സബ് ടൈറ്റിലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത് വേണ്ടത്ര മനസിലാക്കപ്പെടുകയോ ആസ്വദിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നുവേണം കരുതാൻ.

ഘട്ടക്കിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതായി പ്രേക്ഷകർ തിരഞ്ഞെടുക്കുന്നത് മൂന്നു ചിത്രങ്ങളായിരിക്കും-അജാന്ത്രിക്ക്, സുവർണരേഖ, മേഘാ ഥാക്കേ താരാ. ഇവയിൽ ഏറ്റവുമധികം ജനപ്രിയത നേടിയത് 'മേഘാ ഥാക്കേ താര" തന്നെയാണ്. 'മുസാഫിറി"ന്റെയും 'മധുമതി"യുടെയും തിരക്കഥാകൃത്തായ ഘട്ടക്കിന്റെ,​ സംവിധായകൻ എന്ന നിലയിലും ജനപ്രിയ രചനയ്ക്കുള്ള കഴിവ് ബോദ്ധ്യപ്പെടുത്തുന്ന ചിത്രമാണിത്. വാസ്തവത്തിൽ ശക്തിപാദ രാജ്ഗുരു രചിച്ച നോവലിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിന്റെ കഥയിൽ മലയാളികൾക്ക് വലിയ പുതുമയൊന്നും തോന്നുകയില്ല. കാരണം, ഇവിടെ പ്രദർശനവിജയം നേടിയ 'ഉദ്യോഗസ്ഥ,​" 'അദ്ധ്യാപിക" തുടങ്ങിയ സിനിമകളിലെ കഥാവസ്തുവുമായി അസാധാരണ സാമ്യം പുലർത്തുന്ന ഒന്നാണ് ഇതിലെ കഥ.

എന്നാൽ, ആ കഥ ഘട്ടക്കിന്റെ കൈയിൽ അസാധാരണമായ ഒരു ചലച്ചിത്രമായി എപ്രകാരം മാറി എന്നത് അനുഭവവേദ്യമാണ്. അത്രമാത്രം വൈകാരികത നിറഞ്ഞ ഒരു കഥാവസ്തുവെ ഓരോ ഫ്രെയിമിലും വ്യത്യസ്തമാക്കുന്നതിൽ ഘട്ടക്ക് മികച്ച വിജയമാണ് നേടിയത്. എന്നാൽ, ആ പ്രമേയമോ അതുപോലെയുള്ള പരിചരണ രീതിയോ പിന്നീട് ആവർത്തിക്കാൻ ഘട്ടക്ക് ഒട്ടും തന്നെ താത്പര്യമെടുത്തില്ല. ആവർത്തനത്തിൽ അഭിരമിക്കുന്ന ചലച്ചിത്രകാരനായിരുന്നില്ല അദ്ദേഹം. അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു ഹിറ്റ് സൃഷ്ടിക്കാൻ ഘട്ടക്കിന് പിന്നൊരിക്കലും സാധിച്ചതുമില്ല.

നാടകമായിരുന്നുവല്ലോ ഘട്ടക്കിന്റെ ഒന്നാമത്തെ തട്ടകം. തന്റെ നാടകാനുഭവങ്ങളെയും നാടകദർശനങ്ങളെയും ഘട്ടക്ക് ഉൾക്കൊള്ളിച്ചിട്ടുള്ളത് 'കോമൾ ഗാന്ധാർ" എന്ന ചിത്രത്തിലാണ്. ഘട്ടക്കിന്റെ വിഭജന ചിത്രത്രയത്തിൽ ഒന്നാണിത് (മറ്റു രണ്ട് ചിത്രങ്ങൾ മേഘാ ഥാക്കേ താരാ, സുവർണരേഖ എന്നിവയാണ്). അങ്ങനെ നാടകാനുഭവങ്ങളുടെയും വിഭജന വേദനകളുടെയും ഒരു സംഗമ വേദിയായി മാറുന്നു,​ ഈ ചിത്രം. അതിനാൽത്തന്നെ ഘട്ടക്ക് ചിത്രങ്ങളെക്കുറിച്ച് പഠിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണിത്.

ഘട്ടക്കിനെ ഇഷ്ടപ്പെടുന്നവർ ചേർത്തുപിടിക്കുന്ന ചിത്രമാണ് 'സുവർണരേഖ." ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദുരന്ത നായികമാരിൽ ഒരാളാണ് ഇതിലെ സീത. സമകാലീന ഇന്ത്യയെ മുറിപ്പെടുത്തുന്ന നിരവധി പ്രശ്നങ്ങൾ 'സുവർണ്ണരേഖ" യിൽ നിഗൂഹനം ചെയ്തിരിക്കുന്നു. വിപുലമായ വ്യാഖ്യാനങ്ങൾക്ക് വകയുള്ള അപൂർവമായ ഒരു ചലചിത്ര കൃതിയാണിത്. ബംഗ്ലാദേശ് ഉദയംകൊണ്ട വേളയിൽ ബംഗാളി സ്വത്വം തിരിച്ചുപിടിക്കാനുള്ള അവരുടെ പരിശ്രമങ്ങളുടെ ഭാഗമായി പ്രശസ്തരായ ബംഗാളി സംവിധായകരെക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു നീക്കമുണ്ടായി. ആ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ചിത്രമാണ് 'തിതാശ് എക്‌തി നദീർ നാം." എന്നാൽ, അതിന്റെ നിർമ്മിതി അദ്ദേഹത്തിന് ഒട്ടും തൃപ്തികരമായില്ല.

ഘട്ടക്ക് ചിത്രങ്ങളുടെ സവിശേഷതകളെല്ലാം സമ്മേളിക്കുന്ന ചിത്രമാണ് 'തിതാശ് എക്‌തി നദീർ നാം." എന്നാൽ, ഇതരചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥാഗതിക്ക് ദൈർഘ്യവും സങ്കീർണതകളും ഏറും. 'മേഘാ ഥാക്കേ താരാ",​ 'സുവർണരേഖ" എന്നീ ചിത്രങ്ങളിലെപ്പോലെ സ്ത്രീകഥാപാത്രത്തിനാണ് പ്രാമുഖ്യം. നമ്മുടെ നാട്ടിൽ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ചിത്രമാണിത്. എന്നാൽ, ഘട്ടക്കിനെക്കുറിച്ച് മനസിലാക്കാൻ അനിവാര്യമാണ് ഈ ചിത്രം. ഋത്വിക് ഘട്ടക് സ്വയം വെളിപ്പെടുന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത 'യുക്തി താക്കേ ഓർ ഗപ്പൊ." ഘട്ടക്കിന്റെ പ്രതിരൂപമായ ഇതിലെ നായകനെ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു. ഘട്ടക്കിന്റെ ശക്തികൾ പോലെ തന്നെ ദൗർബല്യങ്ങളും മനസിലാക്കാൻ ഈ ചിത്രം ഉതകും.

താൻ വിശ്വസിച്ച രാഷ്ട്രീയപ്രസ്ഥാനത്തിലും നാടകപ്രസ്ഥാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയും പുതിയ വിപ്ലവപ്രസ്ഥാനങ്ങളിൽ അർപ്പിച്ചിരുന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തപ്പോഴുണ്ടായ നഷ്ടബോധം കടുത്ത മദ്യപാനത്തിലേക്കും മാനസികമായ താളപ്പിഴകളിലേക്കും അദ്ദേഹത്തെ നയിച്ചു. അകാലത്തുണ്ടായ തന്റെ മരണം പോലും തന്റെ അവസാനചിത്രത്തിൽ അദ്ദേഹം പ്രവചിച്ചിരുന്നു. 'മറ്റു പല ഇടതുപക്ഷ ചലച്ചിത്രകാരന്മാരെയും പോലെ,​ ഇന്ത്യയുടെ പാരമ്പര്യത്തിൽ അന്വേഷണങ്ങൾ നടത്തുന്നതും അതിൽനിന്ന് ഊർജ്ജം സ്വീകരിക്കുന്നതും പുരോഗമനവിരുദ്ധമാണെന്ന് ഘട്ടക്ക് വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് സഹയാത്രികരിൽ ഇത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണത്. അത്തരം സങ്കുചിത കാഴ്ചപ്പാടുകളിൽ നിന്ന് അകന്നുനില്ക്കാനും കലയുടെ പ്രവിശാലമായ ഭൂമികയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും കഴിഞ്ഞ ചലച്ചിത്രകാരനാണ് ഋത്വിക് ഘട്ടക്ക്.

TAGS: RITHWIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.