SignIn
Kerala Kaumudi Online
Wednesday, 05 November 2025 8.59 AM IST

കിഫ്ബിയുടെ വികസന മുന്നേറ്റം

Increase Font Size Decrease Font Size Print Page
kif-b

ഐക്യ കേരളത്തിന്റെ വിജയഗാഥകളിൽ മറ്റൊരു പൊൻതൂവലായി മാറുകയാണ് 'കിഫ്ബി" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലും വികസന മുന്നേറ്റം സൃഷ്ടിക്കുന്നതിലും പുതിയ ആശയവും പ്രതീക്ഷയും നൽകുന്ന കിഫ്ബി നമ്മുടെ സംസ്ഥാനം സപ്തതിയുടെ നിറവിലേക്കെത്തുന്ന സന്ദർഭത്തിൽ രജത ജൂബിലി ആഘോഷിക്കുന്നു എന്നതും സവിശേഷതയാണ്.

കാലവും ജീവിതവും മാറിയതിനനുസരിച്ച് നമുക്ക് വികസന മുന്നേറ്റത്തിന് പുതിയ വഴികൾ കണ്ടെത്തേണ്ടത് അനിവാര്യമായി വന്നു. ജീവിത സാഹചര്യങ്ങളുടെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയവ പലതും ഒരുക്കാൻ നാം നിർബന്ധിതരായി. അതിന് പലതും പുതുതായി കണ്ടെത്തേണ്ടിയും വന്നു. പണവും വിഭവങ്ങളും ഇതിന് അത്യന്താപേക്ഷിതവുമായി. ഈ അനിവാര്യതയിൽ നിന്നാണ് കിഫ്ബിയുടെ ഉദയം.

ഒരു പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക പുരോഗതിക്കും അനിവാര്യമായ വികസനത്തിന് ആവശ്യമായ മൂലധനച്ചെലവ് സാധാരണ ബഡ്ജറ്റിൽ വകയിരുത്തുന്നതായിരുന്നു രീതി. എന്നാൽ ജീവിതാവശ്യങ്ങൾ വർദ്ധിച്ചപ്പോൾ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാവശ്യമായ പണവും അതിന് വേണ്ടിവരുന്ന നിക്ഷേപത്തിന്റെ ആനുപാതിക തോതും ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്ത സ്ഥിതിയായി. അങ്ങനെ വന്നപ്പോൾ ബഡ്ജറ്റിനു പുറത്ത് അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് കണ്ടെത്തേണ്ടി വന്നു. ഇതേ തുടർന്നാണ് ഇതിനായി ഒരു ഫണ്ട് രൂപീകരിക്കാനും, അതിനായി നിയമനിർമാണം നടത്താനും സർക്കാർ ആലോചിച്ചത്. വൈദ്യുതി, റോഡ്, ജലസേചനം, തുറമുഖം, വിമാനത്താവളം, ജലവിതരണം, ഉൾനാടൻ ഗതാഗതം, ഖരമാലിന്യ നിർമാർജനം എന്നീ മേഖലകളിലെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിന്റെ ഭരണത്തിനും മേൽനോട്ടത്തിനുമായി 'കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോർഡ്" രൂപീകരിക്കപ്പെട്ടു.നിധിയിലേക്ക് സർക്കാർ ഗ്രാന്റുകളും ഇതിനായി ബോർഡ് കടം വാങ്ങിയ തുകയും ബോർഡ് സമാഹരിച്ച തുകയും ഉൾപ്പെടുത്തി.

നമ്മുടെ സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലാവുകയും കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാതെ വരികയും ചെയ്തതോടെ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കിഫ്ബി എത്തിയതിന്റെ ചരിത്രമാണ് കിഫ്ബിയുടെ കാൽ നൂറ്റാണ്ട് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിലും അതിനെ മുറിച്ചുകടക്കാൻ കേരളം കണ്ടെത്തിയ പുതിയ വഴിയും സാദ്ധ്യതയുമാണ് കിഫ്ബി എന്ന സംരംഭം മുന്നോട്ടുവയ്ക്കുന്നത്. ഇതിനകം പശ്ചാത്തല സൗകര്യ വികസനത്തിന് 90,562 കോടി രൂപ കിഫ്ബിയുടെ സഹായത്തോടെ ചെലവഴിക്കപ്പെട്ടതായാണ് സർക്കാർ പറയുന്നത്. ദേശീയപാത 66-ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി നൽകിയ 6000 കോടിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിൽ 45,​000-ത്തോളം ഹൈടെക് ക്ലാസ് മുറികൾ ഉണ്ടായതും കിഫ്ബിയുടെ കൈത്താങ്ങിലാണ്. യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ പൂർത്തിയായിവരുന്ന മലയോര ഹൈവേയും തീരദേശ പാതയും നമ്മുടെ വിനോദ സഞ്ചാര വികസനത്തിനും ശക്തമായ അടിത്തറയൊരുക്കും.

നാടിന്റെ വികസനത്തിന് ഗുണകരമായ പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കുന്നത് സാമൂഹ്യ ജീവിതത്തിന്റെ അഖിലാണ്ഡ മണ്ഡലങ്ങളിലും കിഫ്ബി വികസനത്തിന്റെ സൂര്യവെളിച്ചം പടർത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിന് ധീരമായ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ഒപ്പം കിഫ്ബിക്ക് അടിത്തറ പാകിയ മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരടക്കം ഈ പ്രക്രിയ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന കിഫ്ബിയുടെ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കിഫ്ബി കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.

TAGS: KIFBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.