
ഉദുമ: മീത്തലേ മാങ്ങാട്, കൂളിക്കുന്നില്‍ ഇന്നലെ രാവിലെ ഫൗസിയ ഉസ്മാന്റെ വീട്ടുപറമ്പില്‍ തേങ്ങയിടാന്‍ പോയ കുളിക്കുന്നിലെ എ.ജെ രാജു (60) തെങ്ങില്‍ കുടുങ്ങിയത് പരിഭ്രാന്തിക്കടയാക്കി.
തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ച് കയറുകയും തേങ്ങ പറിച്ചതിനു ശേഷം തെങ്ങോല മുറിച്ചിടുന്ന അവസരത്തില്‍ മുറിച്ച ഓല മടല്‍ തെങ്ങ് കയറ്റ മെഷീനില്‍ തട്ടുകയും മെഷീന്‍ ലോക്കായി പോവുകയുമായിരുന്നു. നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും താഴെയിറക്കാന്‍ സാധിക്കാത്തതിനാല്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ കെ. ഹര്‍ഷയുടെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ സേന എത്തി, 60 അടി ഉയരമുള്ള തെങ്ങില്‍ നിന്ന് സേനയുടെ ഏണി ഉപയോഗിച്ച് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി. എന്‍ വേണുഗോപാല്‍ തെങ്ങില്‍ കയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
ഒ.കെ പ്രജിത്ത്, എസ്. അരുണ്‍കുമാര്‍, ജിതിന്‍ കൃഷ്ണന്‍, പി.സി മുഹമ്മദ് സിറാജുദ്ദീന്‍, വി.എസ് ഗോകുല്‍ കൃഷ്ണന്‍, അതുല്‍ രവി, ഫയര്‍ വുമണ്‍ ഒ.കെ അനുശ്രീ, ഹോം ഗാര്‍ഡുമാരായ എന്‍.പി രാകേഷ്, കെ.വി ശ്രീജിത്ത്, എസ്. സോബിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |