കടയ്ക്കാവൂർ: ആലംകോട് - മീരാൻകടവ് റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. 2020 ഒക്ടോബറിൽ ആരംഭിച്ച റോഡ് നവീകരണമാണ് എങ്ങുമെത്താതെ കിടക്കുന്നത്. അവസാനഘട്ടപണികൾ ഇനിയും ബാക്കിയാണ്. ബി.എം ബി.സി നിലവാരത്തിലുളള റോഡാണിത്.
ആലംകോട് ജംഗ്ഷൻ മുതൽ കടയ്ക്കാവൂർ മീരാൻകടവ് പാലം വരെ 8.915 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിന് കരാർ തുക 32,98,37,423.30 രൂപയായിരുന്നു. പദ്ധതി പൂർത്തീകരണ കാലാവധി
17 മാസമായിരുന്നെങ്കിലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് മുതൽ മണനാക്ക് ജംഗ്ഷൻവരെ 9 മീറ്റർ ക്യാരിയേജ് പാതയായും മണനാക്ക് ജംഗ്ഷൻ മുതൽ മീരാൻകടവ് പാലം വരെ 7മീറ്റർ ക്യാരിയേജ് പാതയായി വെട്ടിച്ചുരുക്കിയത്, ഐ.ആർ.സി/ മോർത്ത്/കിഫ്ബി മാനദണ്ഡപ്രകാരം തയ്യാറാക്കിയതും ചീഫ് എൻജിനിയർ തലത്തിൽ അംഗീകരിച്ചതായാണ് അറിയുന്നത്.
പദ്ധതി പ്രകാരം പണി പൂർത്തീകരിക്കുന്ന തീയതി മുതൽ 3 വർഷക്കാലത്തേക്ക് കരാറുകാരനാണ് പരിപാലനച്ചുമതല.
നിലയ്ക്കാമുക്ക്,മണനാക്ക് എന്നിവിടങ്ങളിലെ ആൽമരങ്ങൾ മുറിച്ചത് റോഡിന് വീതി കൂട്ടാനാണെന്നാണ് ജനങ്ങൾ കരുതിയത്. എന്നാൽ പ്രതീക്ഷിച്ച വീതി റോഡിനില്ലെന്നാണ് പരാതി. പല സ്ഥലങ്ങളിലും റോഡിനിരുവശവും മണ്ണിട്ടുയർത്താത്തതിനാൽ വെള്ളക്കെട്ടുമുണ്ട്. റോഡിന്റെ പലയിടത്തും നടപ്പാതകൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനിലടക്കം പരാതി കൊടുത്തിട്ടുണ്ട്. എത്രയും വേഗം ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
5വർഷമായി നീളുന്ന റോഡുപണി അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണം.
ജഗത്ത് കായിക്കര
സാമൂഹ്യപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |