
ന്യൂഡൽഹി: ഹരിയാനയിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹരിയാനയിലെ വോട്ടർ പട്ടികയ്‌ക്കെതിരെ ഒരു അപ്പീൽ പോലും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് നിലവിൽ 22 തിരഞ്ഞെടുപ്പ് ഹർജികൾ മാത്രമാണ് നിലവിലുള്ളതെന്നും അധികൃതർ അറിയിച്ചു. പോളിംഗ് ദിവസം കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാർ എന്താണ് ചെയ്‌തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
'രണ്ട് ബൂത്തുകളിലായി ഒരാൾ 200ലധികം തവണ വോട്ട് ചെയ്‌താൽ എന്തുകൊണ്ടാണ് കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാർ ആക്ഷേപം ഉന്നയിക്കാത്തത്? വോട്ടർ പട്ടിക അന്തിമമാക്കിയ ശേഷം അതിന്റെ പകർപ്പ് എല്ലാ പാർട്ടികൾക്കും നൽകിയിരുന്നു. അപ്പോൾ എന്തുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് പേരുകളുടെ പ്രശ്‌നം ഉയർത്തിക്കാട്ടിയില്ല? എന്തുകൊണ്ട് അപ്പീൽ നൽകിയില്ല? രഹസ്യ ബാലറ്റിൽ ഒരു വോട്ടർ ആർക്കാണ് വോട്ട് ചെയ്‌തതെന്ന് എങ്ങനെയാണ് ആരോപിക്കാൻ കഴിയുന്നത്?'- തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വോട്ടർ തട്ടിപ്പ് നടന്നുവെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. സംസ്ഥാനത്തെ രണ്ട് കോടി വോട്ടർമാരിൽ നിന്ന് 25 ലക്ഷം വോട്ടുകൾ 'മോഷ്ടിക്കപ്പെട്ടു' എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിനർത്ഥം ഹരിയാനയിലെ ഓരോ എട്ട് വോട്ടർമാരിലും ഒരാൾ കള്ളവോട്ടറാണ്, അതായത് 12.5 ശതമാനം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |