
ഹിന്ദി ബെൽറ്റിൽ, 2014-നു ശേഷമുള്ള തിരഞ്ഞെടുപ്പ് അശ്വമേധങ്ങളിൽ ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് ഭരണം പിടിക്കാനാകാത്ത, ജെ.ഡി.യു- ആർ.ജെ.ഡി പ്രാദേശിക കക്ഷികളുടെ ശക്തികേന്ദ്രമായ, ഭൂസമരങ്ങളിലൂടെ വടക്കേ ഇന്ത്യയിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള, കോൺഗ്രസ് പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ബീഹാറിൽ 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന്.
ജെ.പി സോഷ്യലിസ്റ്റ് തട്ടകത്തിൽ നിന്നെത്തിയ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ എന്നീ നേതാക്കൾ നേർക്കുനേർ കൊണ്ടും കൊടുത്തും നയിച്ച പതിറ്റാണ്ടുകളുടെ രാഷ്ട‌്രീയ കാലാവസ്ഥ വഴിമാറുകയാണ് ബീഹാറിൽ. കേസും ജയിലും ആരോഗ്യപ്രശ്‌നങ്ങളും കാരണം ലാലു വിശ്രമത്തിലാണ്. നിതീഷ് ആകട്ടെ, ഇപ്പോൾ മുഖ്യമന്ത്രിയാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇനിയൊരങ്കത്തിനില്ലെന്ന് പറയാതെ പറയുന്നു. മകൻ തേജസ്വി യാദവിലൂടെ ആർ.ജെ.ഡി (രാഷ്ട‌്രീയ ജനതാദൾ) എന്ന പാർട്ടിക്ക് ലാലു ഭാവി ഭദ്രമാക്കുമ്പോൾ നിതീഷിന് ശക്തനായ പിൻഗാമിയായിട്ടില്ല.
മുന്നണി മാറിയെങ്കിലും 2025 മുതൽ തുടർച്ചയായി സർക്കാരിനെ നയിക്കുന്ന നിതീഷ് ബീഹാറിൽ വികസന നായകനാണ്. 2016-ലെ മദ്യനിരോധനം മുതൽ ഏറ്റവും ഒടുവിൽ 10,000 രൂപയുടെ ധനസഹായം അടക്കം പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പ്രിയ മുഖ്യമന്ത്രി. ബി.ജെ.പി നിതീഷിനെ മുന്നിൽ നിറുത്തുന്നതും അതുകൊണ്ടു തന്നെ.
ഡ്രൈവിംഗ്
സീറ്റിലേക്ക്
നിതീഷ് കുമാറിനെ എൻ.ഡി.എയ്‌ക്കുള്ളിൽ തളച്ചിട്ട്, തങ്ങൾക്ക് പിടിതരാതെ വഴുതുന്ന ബീഹാറിൽ ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്നു. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ വിഷയം പാർട്ടി പ്രചാരണ വിഷയമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകി.
മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബി.ജെ.പി മുഖ്യമന്ത്രിക്ക് സാദ്ധ്യതയുണ്ട്. അന്തരിച്ച സുശീൽ കുമാർ മോഡിയെപ്പോലെ പ്രമുഖ നേതാക്കളുടെ അഭാവമുള്ളതിനാൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഡൽഹി മുഖ്യമന്ത്രിമാരെപ്പോലെ പുതുമുഖങ്ങളെ പരീക്ഷിച്ചേക്കാം. നിതീഷിന്റെ പേര് പറയാത്തതിൽ ജെ.ഡി.യുവിന് വിയോജിപ്പുണ്ടെങ്കിലും തിരഞ്ഞെടുപ്പായതിനാൽ പുറത്തു കാട്ടുന്നില്ല.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വിക്കും ആർ.ജെ.ഡിക്കും നിലനില്പിന്റെ പോരാട്ടമാണ് ഇത്. ഇത്തവണ ഭരണം പിടിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകാം. 35കാരനായ തേജസ്വി മുഖ്യമന്ത്രിയാകണമെന്ന് ബീഹാറികൾ ആഗ്രഹിക്കുന്നതായി അഭിപ്രായ സർവെകൾ പറയുന്നു. രാഷ്‌ട്രീയ കരിയറിലെ വലിയൊരു പരീക്ഷണമാണ് തേജസ്വി നേരിടുന്നത് എന്നതിൽ തർക്കമില്ല.
തൊണ്ണൂറുകൾക്കു ശേഷം വേരുകൾ നഷ്ടമായ സംസ്ഥാനത്ത് കോൺഗസിനും നിലനില്പിന്റെ പോരാട്ടം തന്നെ. കോൺഗ്രസ് വോട്ട്ബാങ്ക് പിളർത്തിയാണ് ആർ.ജെ.ഡിയും ജെ.ഡി.യുവും പിന്നീട് പൊട്ടിമുളച്ച ചെറുകക്ഷികളും വളർന്നത്. കോൺഗ്രസിനെ പിടിച്ചുകയറ്റാൻ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പ്രചാരണത്തിനുണ്ട്.
ചിരാഗിന്റെ വിലപേശൽ
ജാതി പറഞ്ഞുള്ള വിലപേശൽ രാഷ്ട‌്രീയത്തിലൂടെ വളർന്ന പാർട്ടികളുടെ നാടാണ് ബീഹാർ. ദളിത് വോട്ടിന്റെ പിൻബലത്തിൽ അധികാരം നോക്കി പാർട്ടികൾ മാറിക്കളിച്ച അന്തരിച്ച റാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനും ലോക് ജനശക്തി (എൽ.ജെ.പി) എന്ന പാർട്ടിക്കും എൻ.ഡി.എയിൽ പ്രമുഖ സ്ഥാനമുണ്ട്. വിലപേശി നേടിയ 29 സീറ്റുകളിൽ മത്സരിക്കുന്നു. കേന്ദ്രമന്ത്രിയായ ചിരാഗ് ബീഹാറിന്റെ ഭാവി മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലുമാണ്. 2020-ൽ ജെ.ഡി.യുവിന് മുപ്പതോളം സീറ്റുകളിൽ ജയം നിഷേധിച്ച ചിരാഗ് ഇക്കുറി ഒപ്പമുള്ളത് എൻ.ഡി.എയ്ക്ക് ആശ്വാസമാകും.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കുമെങ്കിലും, മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനു ശേഷമെന്ന നിലപാടിലായിരുന്നു ബി.ജെ.പി ആദ്യംതന്നെ. ജെ.ഡി.യുവിലെ പ്രതിഷേധങ്ങൾ ആശയക്കുഴപ്പം സൃഷ്‌ടിച്ചു. എങ്കിലും 2020-ൽ 115 സീറ്റിൽ മത്സരിച്ച ജെ.ഡി.യുവും, 110 സീറ്റിൽ മത്സരിച്ച ബി.ജെ.പിയും 101 വീതം സീറ്റിലേക്കൊതുങ്ങി. എൽ.ജെ.പിക്കും ഉപേന്ദ്ര ഖുശ്‌വാഹയുടെ രാഷ്‌ട‌്രീയ ലോക് മോർച്ചയ്‌ക്കും (ആർ.എൽ.എം), ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയ്ക്കും (എച്ച്.എ.എം) ബാക്കി സീറ്റുകൾ വീതിച്ചു നൽകി.
ആറു പാർട്ടികളടങ്ങിയ പ്രതിപക്ഷ മഹാസഖ്യത്തിൽ സീറ്റ് പങ്കിടൽ കീറാമുട്ടിയായി. തർക്കം നീണ്ടതിനാൽ സീറ്റ് പങ്കിടലിന്റെ ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് മത്സരത്തിലേക്കിറങ്ങിയത്. ചില സീറ്റുകളിൽ സഖ്യകക്ഷികൾ തമ്മിൽ സൗഹൃദ മത്സരത്തിനിറങ്ങേണ്ടി വന്നു. കോൺഗ്രസും വികാസ് ശീൽ പാർട്ടിയും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതിനെ ആർ.ജെ.ഡി എതിർത്തു. സി.പി.ഐ- എം.എൽ, സി.പി.എം, സി.പി.ഐ, ഐ.പി. ഗുപ്‌തയുടെ ഐ.ഐ.പി എന്നിവയ്‌ക്കും പങ്കു നൽകേണ്ടി വന്നു. ആർ.ജെ.ഡിയുടെ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ കോൺഗ്രസും എതിർത്തു.
രാഷ്ട‌്രീയ സാഹചര്യം
ജാതി സമവാക്യങ്ങളും കേന്ദ്ര- സംസ്ഥാന ഭരണവും സംസ്ഥാനത്ത് എൻ.ഡി.എയ്ക്ക് അനുകൂല ഘടകങ്ങളാണ്. 10,000 രൂപയുടെ ധനസഹായ പദ്ധതി സ്‌ത്രീ വോട്ടർമാരെ സ്വാധീനിച്ചേക്കും. ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയെ ഒപ്പം കൂട്ടാൻ കഴിഞ്ഞെങ്കിലും 2.6 ശതമാനം വരുന്ന മല്ല സമുദായത്തിന്റെ പിന്തുണയുള്ള മുകേഷ് സാഹിനിയുടെ വി.ഐ.പി ഇക്കുറി മുന്നണിയിലില്ല. മഹാസഖ്യത്തിലുള്ള മുകേഷ് അവരുടെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. 2020ൽ വി.ഐ.പിയുടെ 2.6 ശതമാനം വോട്ടുകൾ എൻ.ഡി.എയ്‌ക്ക് ലഭിച്ചിരുന്നു.
ഐ.പി. ഗുപ്തയുടെ ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടിയും മഹാസഖ്യത്തിലുണ്ട്. മുകേഷും ഗുപ്‌തയും ചേർന്നതിനാൽ 7.75 ശതമാനം വോട്ടുകൾ ഇക്കുറി മഹാസഖ്യത്തിന് അധികമായി ലഭിച്ചേക്കും. എന്നാൽ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം പിടിക്കുന്ന മുസ്ളീം വോട്ടുകൾ മഹാസഖ്യത്തിന് തലവേദനയുണ്ടാക്കും. ബീഹാറിൽ പരീക്ഷണവുമായി ആം ആദ്മി പാർട്ടിയും, 2020-ൽ ഒരു സീറ്റു നേടിയ ബി.എസ്.പിയും പിടിക്കുന്ന വോട്ടുകളും നിർണായകമാകും.
കാട്ടുഭരണം, വികസനം...
ആർ.ജെ.ഡിയുടെ മുൻ ഭരണത്തകാലത്തെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 'കാട്ടുഭരണം" വീണ്ടും വരുന്നത് തടയണമെന്ന പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. നരേന്ദ്ര മോദി- നിതീഷ് ഡബിൾ എൻജിൻ സർക്കാർ കൊണ്ടുവന്ന വികസനവും 10,000 രൂപ മഹിളാ റോസ്ഗാർ യോജന അടക്കം പദ്ധതികളും പ്രചാരണത്തിലുണ്ട്. ഒരു കുടുംബത്തിൽ ഒരു ജോലി, സ്‌ത്രീകൾക്ക് 30,000 രൂപ സഹായം എന്നിവയാണ് മഹാസഖ്യത്തിന്റെ വാഗ്‌ദാനം. തൊഴിൽ, കർഷക സഹായം, അടിസ്ഥാന വികസനം എന്നിവയ്‌ക്ക് ഇരു മുന്നണികളും പ്രാധാന്യം നൽകുന്നു.
കൊവിഡ് ലോക്ക്‌ഡൗൺ സമയത്ത് നടന്ന 2020-ലെ തിരഞ്ഞെടുപ്പിൽ, സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായ കുടിയേറ്റ ബീഹാറി തൊഴിലാളികളുടെ സാന്നിദ്ധ്യം എൻ.ഡി.എയ്‌ക്ക് അനുകൂലമായിരുന്നു. ഇക്കുറി ഒക്‌ടോബർ അവസാനവാരം ഛഠ് ഉത്സവം ആഘോഷിക്കാൻ വന്ന കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുന്നത് എൻ.ഡി.എയ്‌ക്ക് ആശങ്കയായുണ്ട്. വോട്ടർമാരെ സൗജന്യ ടിക്കറ്റ് നൽകി തിരികെ എത്തിക്കാനും നീക്കം നടക്കുന്നു.
കിഷോറിന്റെ എൻട്രി
രാഷ്ട‌്രീയ അരങ്ങേറ്റം കുറിക്കുന്ന തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പിടിക്കുന്ന വോട്ടുകൾ എൻ.ഡി.എയ്‌ക്കും മഹാസഖ്യത്തിനും ഒരുപോലെ തിരിച്ചടിയാകും. 236 സീറ്റുകളിൽ ജൻ സുരാജ് പാർട്ടി മത്സരിക്കുന്നു. പ്രബല ജാതിക്കാരുടെയും നഗര മദ്ധ്യവർഗക്കാരുടെയും വോട്ടുകൾ ലക്ഷ്യമിടുന്നത് എൻ.ഡി.എയെ ബാധിച്ചേക്കാം. പ്രശാന്ത് കിഷോറിന്റെ റാലികളിൽ യുവാക്കളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നോക്കിയാണ് പ്രശാന്തിന്റെ പ്രചാരണം. ഇത് ആർ.ജെ.ഡിയുയുടെ ചില ശക്തി കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തിയേക്കാം.
പ്രതിപക്ഷം വിവാദമാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കുടിയേറ്റക്കാരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടെന്ന് പറയുന്ന നടപടികൾ ആരുടെ വോട്ടുകളാണ് കുറച്ചതെന്ന് പിടികിട്ടാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |