
കൊച്ചി: ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി തേടിയ മുസ്ലിം പുരുഷന്റെ ഹർജി തള്ളി ഹൈക്കോടതി. രണ്ടാം വിവാഹത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനം വിസമ്മതിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മതത്തിന്റെ അവകാശങ്ങൾ രണ്ടാമതാണെന്നും ഭരണഘടനാ അവകാശങ്ങളാണ് പരമോന്നതമെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്.
കണ്ണൂർ സ്വദേശിയായ 44 വയസുള്ള ഹർജിക്കാരൻ തന്റെ ആദ്യ വിവാഹം സിവിൽ രജിസ്ട്രേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരുന്നു. ആദ്യ ഭാര്യയുടെ സമ്മതത്തോടെ 2017 ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായാണ് ഹർജിക്കാരന്റെ വാദം. രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച രണ്ട് കുട്ടികൾക്കും സ്വത്തിൽ നിയമപരമായ അവകാശങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഹർജിക്കാരനും രണ്ടാം ഭാര്യയും പ്രാദേശിക പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ പരിഗണിക്കാതെ വന്നതോടെയാണ് വിവാഹത്തിന് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടാം വിവാഹം ചെയ്യാൻ ഹർജിക്കാരന്റ വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും അത് രജിസ്‌റ്റർ ചെയ്യണമെങ്കിൽ രാജ്യത്തെ നിയമം അനുസരിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. അത്തരം അവസരങ്ങളിൽ ആദ്യ ഭാര്യയുടെ വാദം കേൾക്കേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മതം രണ്ടാമതാണെന്നും ഭരണഘടനാ അവകാശങ്ങളാണ് പരമമായ അവകാശമെന്നും കോടതി നിരീക്ഷിച്ചു.
'ഇത് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വമാണ്. രാജ്യത്തെ നിയമപ്രകാരം ഭർത്താവ് രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യയുടെ വികാരങ്ങൾ അവഗണിക്കാൻ കഴിയില്ല. ആദ്യ ഭാര്യ ജീവിച്ചിരിക്കുകയും അവരുമായുള്ള ആദ്യ വിവാഹം നിലനിൽക്കുകയും ചെയ്യുമ്പോൾ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം അനുവദിക്കാൻ വിശുദ്ധ ഖുർആനോ മുസ്ലീം നിയമമോ അനുവദിക്കുന്നില്ല, അതും ആദ്യ ഭാര്യയുടെ അറിവില്ലാതെ. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്വങ്ങൾ എല്ലാ ദാമ്പത്യ ഇടപാടുകളിലും നീതി, സുതാര്യത എന്നിവ അനുശാസിക്കുന്നുണ്ട്'. കോടതി പറഞ്ഞു.
മുസ്ലീം വ്യക്തിനിയമം ചില സാഹചര്യങ്ങളിൽ രണ്ടാം വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും, ഭർത്താവിന്റെ രണ്ടാം വിവാഹം രജിസ്ട്രേഷൻ നടത്തുമ്പോൾ ആദ്യ ഭാര്യ നിശബ്ദയായി ഇരിക്കരുതെന്ന് കോടതി പറഞ്ഞു.ഭർത്താക്കന്മാർ പുനർവിവാഹം കഴിക്കുമ്പോൾ, കുറഞ്ഞത് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലെങ്കിലും മുസ്ലീം സ്ത്രീകൾക്കും വാദം കേൾക്കാൻ അവസരം ലഭിക്കട്ടെയെന്നും കോടതി പറഞ്ഞു
ഹർജിക്കാർ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പുതിയ അപേക്ഷ നൽകിയാൽ, വിവാഹ രജിസ്ട്രാർ പുരുഷന്റെ ആദ്യ ഭാര്യക്ക് നോട്ടീസ് നൽകണമെന്നും രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ അവർ എതിർക്കുന്നുവെങ്കിൽ, രണ്ടാം വിവാഹത്തിന്റെ സാധുത നിർണ്ണയിക്കാൻ ഹർജിക്കാർ കോടതിയെ സമീപിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |