
ചെന്നൈ: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ആരംഭിക്കാൻ ഇനിയും കാലതാമസമെടുക്കുമെന്ന് റിപ്പോർട്ട്. ട്രെയിനിന്റെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും രൂപകല്പനയിൽ അപാകതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കണ്ടശേഷമേ സർവീസ് ആരംഭിക്കൂ എന്നാണ് റിപ്പാേർട്ട്. മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗതയാണ് വന്ദേഭാരത് സ്ലീപ്പറുകൾക്ക്. ഇത്രയും വേഗത്തിൽ കുതിച്ചുപായാൻ ഇപ്പോഴത്തെ രൂപകല്പനകൊണ്ട് കഴിയില്ലെന്നാണ് റെയിൽവേ ബോർഡ് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും റെയിവേ സോണുകളുടെ ജനറൽ മാനേജർമാർക്കും അയച്ച കത്തിയ റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്.
കോച്ചുകളുടെ ശുചിമുറികളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന വാട്ടർ ടാങ്കുകളുടെ വലിപ്പം നിഷ്കർഷിച്ചിരിക്കുന്നതിനെക്കാൾ കൂടുതലാണ്. അതിനൊപ്പം ബോഗികൾക്കുള്ളിൽ സ്ഥാപിച്ചിട്ടുളള ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഭാരക്കൂടുതലുമുണ്ട്. ഇതുരണ്ടുമാണ് നിശ്ചിത വേഗതയിലെത്താൻ കഴിയാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അഗ്നിബാധ തടയാനുള്ള സംവിധാനം, കൂട്ടിയിടി തടയുന്ന കവച് സംവിധാനം എന്നിവ ഘടിപ്പിച്ചതിലും അപാകതയുണ്ട്. ലോക്കോ പൈലറ്റ്,ഗാർഡ്, ട്രെയിൻ മാനേജർ എന്നിവർക്ക് പരസ്പരം ബന്ധപ്പെടാനുള്ള സംവിധാനം, ലോക്കോ പൈലറ്റുമാർക്ക് ട്രെയിൻ കടന്നുപോകുന്ന ഭാഗത്തെ സ്റ്റേഷൻ മാസ്റ്റർമാരുമായി ബന്ധപ്പെടാനുള്ള സംവിധാനം, ബ്രേക്കിംഗ് സിസ്റ്റം എന്നിവയിലെല്ലാം അപാകതയുണ്ടെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്റഗ്രൽ കോച്ചുഫാക്ടറിയിലേക്ക് അയച്ചിരുന്നു. ചില അപാകതകൾ അവിടെതന്നെ കണ്ടെത്തി പരിഹരിച്ചിരുന്നു. തുടർന്ന് സേഫ്ടി കമ്മിഷണർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ അപാകതകൾ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |