
ന്യൂഡൽഹി: വിമാനയാത്രയ്‌ക്കിടെയുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് യുവാവ്. ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യവെ കാബിനുള്ളിൽ എന്തോ കത്തിക്കരിയുന്നതിന്റെ ദുർഗന്ധം പരന്നെന്ന് യുവാവ് പറയുന്നു. അതേ തുടർന്ന് ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് യുവാവ് വീഡിയോ പങ്കുവച്ചത്.
വിമാനത്തിലെ ജീവനക്കാർക്ക് പോലും ദുർഗന്ധത്തിന്റെ കാരണം കണ്ടെത്താനോ കൃത്യമായ വിശദീകരണം നൽകാനോ കഴിഞ്ഞില്ലെന്നും യുവാവ് ആരോപിക്കുന്നു. 'ആകാശത്ത് വച്ച് വിമാനത്തിനുള്ളിൽ തീ പിടിക്കുന്നത് പോലെ മണം വന്നു തുടങ്ങി. ആളുകൾ പരിശോധിക്കാൻ തുടങ്ങി, എയർ ഹോസ്റ്റസുമാർ പരിഭ്രാന്തരായി ഓടുകയായിരുന്നു. ഒരാൾ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമെന്നും നിർദേശിച്ചു' യുവാവ് പറയുന്നു.
ദുർഗന്ധത്തെക്കുറിച്ച് യാത്രക്കാർ ചോദിച്ചപ്പോൾ വിമാനം പുതിയതാണെന്നും ഇതുവരെ രണ്ട് യാത്രകൾ മാത്രമാണ് നടത്തിയിട്ടുള്ളെന്നും ജീവനക്കാർ മറുപടി പറഞ്ഞതായാണ് യുവാവ് പറയുന്നത്. എയർഹോസ്‌റ്റുമാർക്കിടയിലും സംഭവം ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും യാത്രക്കാരെ സമാധാനപ്പെടുത്താനായി അവർ നന്നായി പരിശ്രമിച്ചെന്നും യുവാവ് പറയുന്നു.
'കൃത്യമായ സാങ്കേതിക വിശദീകരണം നൽകാൻ ജീവനക്കാർക്ക് കഴിയാതെ വന്നപ്പോൾ ദുർഗന്ധം മറ്റെവിടെ നിന്നെങ്കിലും വന്നതാകാമെന്ന് യാത്രക്കാരിൽ ചിലർ പറഞ്ഞു. എന്നാൽ ദുർഗന്ധം വളരെ ശക്തമായിരുന്നെന്നും അത് വർദ്ധിച്ച് വരികയായിരുന്നെന്നും' യുവാവ് പറയുന്നു. വീഡിയോയുടെ അവസാനം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്ന് യുവാവ് പറയുന്നുണ്ട്. എന്നാൽ, ദുർഗന്ധം പരക്കാൻ തുടങ്ങിയപ്പോൾ പലരും ഭയപ്പെട്ട് കരഞ്ഞുപോയെന്നും യുവാവ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |