SignIn
Kerala Kaumudi Online
Monday, 10 November 2025 9.40 AM IST

എനിക്കെന്തു കിട്ടും,​ ഇതൊക്കെ ചെയ്താൽ ! (ചിന്താമൃതം)​

Increase Font Size Decrease Font Size Print Page
sd

''സ്വകാര്യവും, സ്വന്തം കാര്യവും തമ്മിലുള്ള അന്തരമെത്രയാണ്? അല്ലെങ്കിൽ അവ തമ്മിൽ വല്ല അന്തരവുമുണ്ടോ? സ്വകാര്യതയെ താലോലിക്കുന്ന ഒരു വ്യക്തിക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നുണ്ടോ? അല്ലെങ്കിൽ, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിക്ക് സ്വന്തം കാര്യം മാത്രം നോക്കിപോകാൻ കഴിയുമോ? എന്നാലും ചോദിക്കട്ടെ, ഒരല്പം സ്വകാര്യതയെങ്കിലും ആഗ്രഹിക്കാത്ത ഏതെങ്കിലുമൊരു മനുഷ്യനുണ്ടാകുമോ? എന്താ, ചോദ്യമത്ര ഇഷ്ടപ്പെട്ടില്ലേ? പിന്നെന്താണ് എല്ലാവരുമിങ്ങനെ, അരുതാത്തത് എന്തോ കേട്ടതുപോലെ ഇരു കണ്ണുകളും പുറത്തുവരുമെന്ന ഭയം ജനിപ്പിക്കുന്ന നിലയിൽ തുറിച്ചു നോക്കുന്നത്! ഇത്രയും നാൾ, ഇരുട്ടിനെക്കാൾ ഇരുണ്ട, മനസിന്റെ ഏതോ ഉള്ളറയിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്വകാര്യമോഹത്തെ ഞാൻ ചെറുതായി സ്പർശിച്ചതിനാലാണോ? അതോ, അത്തരം സ്വകാര്യതകൾ അപ്രകാരം തന്നെ തുടർന്നു പോകാനുള്ള ആഗ്രഹം കൊണ്ടാണോ? 'സ്വ" എന്ന വാക്കിന്റെ പ്രധാന അർത്ഥങ്ങൾ 'സ്വന്തം", 'തനിക്കുള്ള", 'സ്വയം സംബന്ധിച്ച" എന്നിവയാണ്. ഇതൊരു വാക്കിന്റെ ആദ്യ ഭാഗമായി ഉപയോഗിക്കുകയും, അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയോ സ്വഭാവമോ സൂചിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 'സ്വഭവനം" എന്നാൽ സ്വന്തം ഭവനമെന്നാണ് അർത്ഥമെന്ന് നമുക്കറിയാം. സ്വന്തം/തനിക്കുള്ള: ഇത് ആരുടെയോ ഉടമസ്ഥതയിലുള്ള ഒന്നിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി 'സ്വഭാവ"മെന്നാൽ, സ്വന്തം ഭാവമല്ലേ അർത്ഥമാക്കുന്നത്. 'സ്വധർമ്മ"മെന്നാൽ, സ്വന്തം ധർമ്മമല്ലേ? 'സ്വയം സംബന്ധിച്ച" എന്നാൽ, ഇത് 'സ്വയം"അല്ലെങ്കിൽ, 'തന്നെത്തന്നെ" സംബന്ധിച്ചതിനെ സൂചിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണ് 'സ്വന്തം" അല്ലെങ്കിൽ 'സ്വ" എന്നത് അർത്ഥമാക്കുന്നത്. ഇനി നമുക്ക് നമ്മുടെ ചോദ്യങ്ങളിലേക്ക് മടങ്ങിയാലോ."" ഇപ്രകാരം പറഞ്ഞശേഷം, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവർക്കുമറിയാമെന്നുറപ്പുള്ള കാര്യങ്ങളുടെ വരികൾക്കിടയിലൂടെ ചിലത് പറയുന്നത് കേൾക്കാനുള്ള കൗതുകത്തോടെയിരിക്കുന്നൊരു മുഖഭാവമായിരുന്നു കണ്ടത്. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:


''രണ്ടായിരത്തി ഇരുപത്തിയഞ്ച്, ദേശീയ പ്രധാന്യമുള്ള പല ചരിത്ര സംഭവങ്ങളുടേയും ശതാബ്ദി വർഷമാണ്. ഉദാഹരണമായി കേരളത്തിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നായ, തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്‌ക്കൂളിന്റെ നൂറ്റിയമ്പതാം വാർഷിക വർഷമാണ് ഇപ്പോൾ. പക്ഷേ, ആരോർക്കുന്നു! നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായത്തിന്റെ ഉടമയാണ് ദേശബന്ധു ചിത്തരഞ്ജൻ ദാസ് എന്ന സി.ആർ. ദാസ്. അദ്ദേഹത്തിന്റെ ചരമ ശതാബ്ദി വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത് 1925 ജൂൺ16ന് ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ കോൺഗ്രസുകാർ പോലും ഓർത്തില്ല! ആനിബസന്റിനെ അന്യായമായി തടങ്കലിൽ വച്ചതിനെതിരെ പ്രതിഷേധിക്കാൻ കൂടിയ യോഗത്തിൽ പ്രസംഗിച്ചുകൊണ്ട് 1917-ൽ കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരമെന്ന അഗ്നിയിലേക്ക് ചാടുമ്പോൾ, അദ്ദേഹം കൽക്കട്ട ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ദേശീയതലത്തിൽ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം അമ്പതിനായിരം രൂപയിലേറെയായിരുന്നു. അന്നത്തെ സ്വർണ്ണവില പവന്, പതിനഞ്ചുരൂപ! അഭിഭാഷക വൃത്തി ഉപേക്ഷിച്ച്, അത്രയും വലിയ ത്യാഗമായിരുന്നു, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവേശനം. അതിനാൽ 'സ്വന്തം കാര്യം സിന്ദാബാദ്" എന്ന മുദ്രാവാക്യമായിരുന്നില്ല മുഴക്കിയത്, 'സ്വരാജ് " എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഇംഗ്ലീഷ് സംസ്‌ക്കാരം നമുക്കുപകർന്നു തന്ന നന്മകളിൽ ഒന്നാണ്, നമ്മുടെ തനത് സംസ്‌ക്കാരത്തെപ്പറ്റിയും, പൈതൃകത്തെപ്പറ്റിയൊക്കെയുള്ള അഭിമാനം. അത്തരം നന്മകൾ നമ്മളുപേക്ഷിച്ചു, പകരം, നമുക്ക് ആവശ്യമില്ലാത്ത പലതും സ്വീകരിച്ചു. പണ്ടുള്ളവർ പറയുമായിരുന്നു, 'ഉരലെടുത്തു വിഴുങ്ങിയാലും, വിരൽ കൊണ്ടൊരുമറ"യെന്ന്! ഇപ്പോഴോ? ആര്, ആരെ വിശ്വസിക്കുമെന്നതല്ലേ പ്രശ്നം! ആർക്കും, ആരെയും വിശ്വാസമില്ലാതായിരിക്കുന്നു. എന്തു ചെയ്യുമ്പോഴും, തനിക്കെന്തു കിട്ടുമെന്നു ചിന്തിക്കുന്നവരും നേതാക്കളായി വാഴുന്ന ഒരു നാട്ടിൽ, സി.ആർ. ദാസിനെ പോലുള്ളവരെ ആരാണ് ഓർക്കുന്നത്!"" ഇപ്രകാരം പ്രഭാഷകൻ അവസാനിപ്പിച്ചപ്പോൾ സദസ്യരിൽ മിക്കവരും മ്ളാനവദനരായിരുന്നു.

TAGS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.