SignIn
Kerala Kaumudi Online
Saturday, 08 November 2025 8.54 AM IST

പക്ഷാഘാതത്തെ പേടിക്കണം

Increase Font Size Decrease Font Size Print Page

w

സ്ട്രോക്ക് അഥവാ പക്ഷാക്ഷാതം വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അത് ചെറുപ്പക്കാരിൽക്കൂടി സാധാരണമായിരിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകം. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ പ്രശ്നങ്ങൾ കാരണം രക്തപ്രവാഹത്തിന് വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. രണ്ടുതരത്തിലാണ് പക്ഷാഘാതങ്ങൾ- രക്തധമനിയിലെ തടസം കാരണമുണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കും,​ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുന്ന ഹെമറാജിക് സ്‌ട്രോക്കും.

ലോകത്ത് വർഷംതോറും 12 ദശലക്ഷം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. ഓരോ രണ്ടു സെക്കൻഡിലും ഒരാൾക്ക് എന്ന നിരക്കിലും,​ ഓരോ മിനിറ്റിലും 30 പേർക്കു വീതവും പക്ഷാഘാതം ഉണ്ടാകുന്നു! ലോകമെമ്പാടുമായി നാലിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും സ്‌ട്രോക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൾ. ഇന്ത്യയിൽ മരണത്തിനും ദീർഘകാല വൈകല്യത്തിനും പ്രധാന കാരണങ്ങളിൽ ഒന്നാണ് സ്‌ട്രോക്ക്. ഉയർന്ന രക്തസമ്മർദ്ദം,​ പ്രമേഹം,​ കൊളസ്ട്രോൾ,​ ഹൃദ്രോഗങ്ങൾ,​ പുകവലി,​ അമിത ശരീരഭാരം,​ വ്യായാമക്കുറവ് എന്നിവയാണ് പക്ഷാഘാതത്തിന്റെ അടിസ്ഥാന കാരണങ്ങൾ.

ഇസ്‌കീമിക് സ്‌ട്രോക്ക് രോഗികളിൽ തലച്ചോറിലെ ഒരു രക്തധമനിയിൽ രക്തം കട്ടപിടിക്കുന്നതു കാരണം,​ അതുവഴി തലച്ചോറിന്റെ ആ ഭാഗത്തേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും തടസപ്പെടും. ഓരോ മിനിറ്റിലും ഏകദേശം രണ്ട് ദശലക്ഷം ന്യൂറോണുകൾഇതുവഴി നഷ്ടപ്പെടുന്നു എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, തലച്ചോറിലെ കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ നശിക്കാൻ തുടങ്ങും.ഇതുമൂലം ചലനശേഷി, സംസാരശേഷി, ഓർമ്മശക്തി എന്നിവ നഷ്ടപ്പെടാനും മരണംവരെ സംഭവിക്കാനും സാദ്ധ്യതയുണ്ട് .

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ മുന്നറിയിപ്പുകളില്ലാതെ,​ വളരെ പെട്ടെന്നായിരിക്കും. ചികിത്സയില്ലാതെ കടന്നുപോകുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ കൂടുതൽ കോശങ്ങൾ നഷ്ടപ്പെടുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത്,​ ആവശ്യമായ ചികിത്സ വേഗത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്റെ ആദ്യപടിയാണ്. ഇത് ജീവൻ രക്ഷിക്കുക മാത്രമല്ല, പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പൂർണമായ രോഗമുക്തിക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും,​ അതുവഴി അയാൾക്ക് മികച്ച ജീവിതം തുടരാൻ കഴിയുകയും ചെയ്യും. അതുകൊണ്ടാണ് രോഗലക്ഷണങ്ങളെക്കുറിച്ചുള്ള പൊതു അവബോധം പ്രധാനമായിരിക്കുന്നത്.

പക്ഷാഘാത

ലക്ഷണങ്ങൾ

എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമെങ്കിൽ ലക്ഷണങ്ങൾ തിരിച്ചറിയാനും എളുപ്പമാണ്. പലരും ലക്ഷണങ്ങളെ അവഗണിക്കുകയോ തെറ്റായി വിലയിരുത്തുകയോ ചെയ്യാറുണ്ട്. പൊതുവെ കാണപ്പെടുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

 ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോവുക.

 ഇരുകൈകളും ഉയർത്തുമ്പോൾ ഒരു കൈ താഴേക്കു പോകുന്നത്.

 ഒരു കൈയ്ക്ക് ബലക്കുറവ്.

 സംസാരം കുഴഞ്ഞുപോകുന്ന അവസ്ഥ.

ഈലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നുമാത്രം ഒരാളിൽ കാണപ്പെട്ടാലും,​ അത് തനിയെ മാറിയാലും ഉടൻതന്നെ സ്ട്രോക്കിന് വിദഗ്ദ്ധ ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.

ആധുനിക

ചികിത്സ

ത്രോംബോലൈസിസ്: ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ രക്തക്കട്ട അലിയിച്ചു കളയാനുള്ള പ്രത്യേക മരുന്ന് രക്തധമനിയിലൂടെ കുത്തിവയ്പായി.

 ത്രോംബക്ടമി: വലിയ രക്തക്കുഴലിൽ തടസമുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ രക്തക്കട്ട നീക്കം ചെയ്യുന്ന രീതി.

എല്ലാ ദിവസവും 24 മണിക്കൂർ സമയവും എമർജൻസി / കാഷ്വാലിറ്റി സംവിധാനം പ്രവർത്തിക്കുന്ന ആശുപത്രികളെയും,​ മുഴുവൻ സമയവും സി.ടി,​ എം.ആർ.ഐ സ്‌കാൻ സൗകര്യവും,​ പൂർണസമയവും ത്രോംബോലൈസിസ് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രികളെയും 'സ്ട്രോക്ക് റെഡി" ആശുപത്രികൾ എന്നു വിളിക്കുകയും,​ അവയെ ആശ്രയിക്കുകയും ചെയ്യാം.

പ്രതിരോധ

മാർഗങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കൂടുതലായി

കഴിക്കുക, ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവ പരിമിതപ്പെടുത്തുക, ആഴ്ചയിൽ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിട്ട് മിതമായ വ്യായാമം ശീലിക്കുക, പുകവലി ശീലം ഉപേക്ഷിക്കുക, പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കുക തുടങ്ങിയവയാണ് പക്ഷാഘാതത്തെ പ്രതിരോധിക്കുവാൻ അനുവർത്തിക്കേണ്ട പ്രധാന കാര്യങ്ങൾ.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ആണ് ലേഖകൻ)

TAGS: STROCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.