
ലക്‌നൗ: നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. 21കാരനായ മുഹമ്മദ് ആൻ ആണ് മരിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോസ്റ്റൽ മുറിക്കുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടത്. ഇന്നലെയായിരുന്നു സംഭവം. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
നാല് ദിവസം മുമ്പാണ് മുഹമ്മദ് ആൻ ഹോസ്റ്റലിലേക്ക് താമസം മാറിയത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പ്രാർത്ഥനയ്‌ക്ക് പോകാൻ റൂംമേറ്റായ ഇംദാദ് ഹസൻ വിളിച്ചെങ്കിലും മുഹമ്മദ് ആൻ പോയില്ല. പ്രാർത്ഥന കഴിഞ്ഞ് ഇംദാദ് തിരിച്ചെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഏറെനേരം വാതിലിൽ തട്ടി വിളിച്ചിട്ടും മുഹമ്മദിന്റെ ശബ്‌ദമൊന്നും കേൾക്കാതായതോടെ ഇംദാദ് പൊലീസിനെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുഹമ്മദിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. 'അച്ഛനും അമ്മയും എന്നോട് ക്ഷമിക്കൂ. ഞാൻ വളരെയധികം സമ്മർദത്തിലാണ്. എനിക്ക് നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാൻ കഴിയില്ല. ഞാനെന്റെ ജീവനെടുക്കുകയാണ്. ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി'- എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥിയുടെ ബന്ധുക്കൾ എത്തിയശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |