
തിരുവനന്തപുരം: രക്തത്തിൽ ക്രിയാറ്റിന്റെ നോർമൽ ലെവൽ 1.4. വേണുവിന് 1.6 എന്ന ചെറുവ്യത്യാസം മാത്രമെന്ന് പരിശോധനാഫലം. ഇത് ആൻജിയോഗ്രാമിന് തടസമേയല്ല. പക്ഷേ, അഡ്മിറ്റായി അഞ്ച് ദിവസമായിട്ടും ഒന്നും ചെയ്തില്ല. സാധുകുടുംബത്തിന്റെ ഏക ആശ്രയത്തെ മരണത്തിന് വിട്ടുകൊടുത്തു, തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. ഇതിന്റെ വ്യക്തമായ തെളിവാകുകയാണ് പരിശോധനാഫലം.
ക്രിയാറ്റിൻ വളരെക്കൂടിയതിനാൽ ആൻജിയോഗ്രാം നീട്ടിവച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് വാദിച്ചിരുന്നത്. വേണുവിന്റെ കുടുംബത്തിന്റെ കൈവശമുള്ള ലാബ് റിപ്പോർട്ടാണ് കള്ളം പൊളിച്ചത്. കാർഡിയോളജി വിഭാഗം മേധാവിയും മുഖംരക്ഷിക്കാൻ ഇതേകള്ളമാണ് ആവർത്തിച്ചത്.
കൊല്ലം സ്വദേശി വേണുവിനെ നവംബർ ഒന്നിന് രാത്രിയാണ് അഡ്മിറ്രാക്കിയത്. രണ്ടിനും മൂന്നിനും നടത്തിയ രക്തപരിശോധനയിൽ ക്രിയാറ്റിൻ അളവ് അപകട നിലയിലല്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽകോളേജിൽ എത്തിച്ചതുമുതൽ നിലത്താണ് വേണുവിനെ കിടത്തിയത്. കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ കിടക്ക നൽകി. മറ്റൊരു രോഗി കൂടിയുള്ള ബെഡ്.
മെഡിക്കൽ കോളേജിൽ ചികിത്സ മുറയ്ക്ക് കിട്ടണമെങ്കിൽ പിടിപാട് വേണമെന്നത് നഗ്നമായ സത്യം. വേണുവിന് ചികിത്സ കിട്ടാതായപ്പോൾ ഭാര്യ സിന്ധു ആ വഴിക്കും ശ്രമിച്ചു. ബന്ധുവായ രാഷ്ട്രീയ നേതാവിന്റെ ശുപാർശയിൽ സൂപ്രണ്ടിനെ പോയി കണ്ടിരുന്നു. എന്നിട്ടും തിരിഞ്ഞുനോക്കിയില്ല. ചികിത്സാവീഴ്ചകൾ ചൂണ്ടിക്കാട്ടി ചവറ പൊലീസിൽ പരാതി നൽകുമെന്ന് സിന്ധു പറഞ്ഞു. ചികിത്സാ രേഖകളും പരാതിക്കൊപ്പം നൽകും. ഡോക്ടർമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.
അതിനിടെ, സംഭവത്തിൽ കടുത്ത വിമർശനവുമായി മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി. നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. നിലവിലുള്ളവ ശക്തിപ്പെടുത്തണം. വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ തറയിൽ കിടത്തി എങ്ങനെ ചികിത്സിക്കുമെന്നും ചോദിച്ചു.
അവരെ കോടതിക്ക്
മുന്നിലെത്തിക്കണം
വേണു ദുരനുഭവങ്ങൾ വിവരിച്ച് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ച കൂടുതൽ ശബ്ദസന്ദേശങ്ങൾ ഇന്നലെ പുറത്തുവന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗമാണ്. അവരെ കോടതിക്ക് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിനൽകണം. അവസാനത്തെ കച്ചിത്തുരുമ്പാണ് ശബ്ദസന്ദേശമെന്നും പറയുന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുൻപുള്ളതാണ് സന്ദേശം.
അന്വേഷണറിപ്പോർട്ട് നാളെ
വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഡി.എം.ഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.
(അനാസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ.ഹാരിസ് -പേജ് 7)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |