
പാലക്കാട്: മരത്തിന്റെ ഒരു ഭാഗം ചെത്തിയെടുത്തതുപോലെ മുറിഞ്ഞു. പാടത്തേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്നു. ഇന്നലെ ആറുപേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ആളുകൾ എത്തിയപ്പോൾ ആദ്യം കണ്ടത് ഇവയാണ്. മൂന്നുപേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
കാട്ടുപന്നി ചാടിയെന്നാണ് കാറിലുണ്ടായിരുന്ന ഒരാൾ പറഞ്ഞത്. ചിറ്രൂർ റോഡിൽ കനാൽ പാലത്തിന് സമീപം ഇന്നലെ രാത്രി 10.50നാണ് അപകടം നടന്നത്. വലിയ ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ വയലിൽ കാർ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. മെെൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് കാർ മറിയുകയായിരുന്നു. നാല് പേർ പിൻസീറ്റിലും രണ്ടുപേർ മുൻസീറ്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്.
അടുത്ത സുഹൃത്തുക്കളാണ് ആറ് പേരും. പുറത്ത് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ യുവാക്കൾ ആഴ്ചവസാനം പാലക്കാട്ടെത്തി യാത്ര പോകുന്നത് പതിവാണ്. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |