
തിരുവനന്തപുരം: പ്രസവശേഷം അണുബാധമൂലം യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിയായ ശിവപ്രിയയാണ് (26) മരിച്ചത്. പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ശിവപ്രിയയുടെ ഭർത്താവ് മനു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞമാസം 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26ന് പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
'ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നടന്നിട്ടാണ് പ്രസവത്തിനായി പോയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽ നിന്ന് നോക്കാതെയാണ് വിട്ടത്. പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ വന്നു. ഉള്ള് പരിശോധിച്ചശേഷം ഇവർ പറഞ്ഞു സ്റ്റിച്ച് പൊട്ടിയെന്ന്. സ്റ്റിച്ച് പൊട്ടിയെങ്കിൽ വേദന വരൂല്ലേ? തലകറക്കം വന്നതിന് ശേഷമാണ് എന്നെ വിളിച്ച് കാണിച്ചുതന്നത്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നാലെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. അണുബാധയേറ്റിരിക്കുന്നത് ആശുപത്രിയിൽ നിന്നാണ്. അതിന്റെ റിപ്പോർട്ട് എന്റെ കെെയിലുണ്ട്'- മനു വ്യക്തമാക്കി. കെെക്കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
അതേസമയം, യുവതിയുടെ മരണത്തിൽ എസ്‌എടി ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |