
ഗാലറിയിലെ പഴയ ചിത്രങ്ങൾ പങ്കുവച്ച് നടി നവ്യ നായർ. വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. എന്നാൽ ഈ ചിത്രം എന്ന് എടുത്തതാണെന്ന് ഓർമ്മയില്ലെന്നും നവ്യ പോസ്റ്റിൽ വ്യക്തമാക്കുന്നു. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയയിൽ പോയപ്പോൾ എടുത്ത ചിത്രമല്ലെന്നും തമാശ രൂപേണ നടി പറയുന്നു. 'എവിടെ ആണോ എന്തോ. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയയിൽ പോകുവല്ല. ഹാപ്പി മടി പിടിച്ച ഡേ'- എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
മുൻപ് മുല്ലപ്പൂവ് കെെവശം വച്ചതിന് ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളം നവ്യയ്ക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ ചുമത്തിയിരുന്നു. നവ്യതന്നെയാണ് പിഴ ലഭിച്ചകാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ സെപ്തംബറിൽ വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയിൽ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളർ (ഒന്നേക്കാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കിയിരുന്നു. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ ഒരു നിയമം അനുസരിച്ചാണ് നവ്യക്കെതിരെ നടപടി എടുത്തത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കർശനമായി നടപ്പാക്കാൻ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |