'അതു നോക്കടാ ഊവേ, ദേ ലവന്മാര് രണ്ടു കാലിൽ ഓടുന്നുണ്ടേലും മൃഗമാ മൃഗം..' ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമത്തിലെ പേരില്ലാത്ത കഥാപാത്രത്തിന്റെ ഈ സംഭാഷണത്തിലുണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന സിനിമ. എത്ര മാത്രം പരിഷ്‌കൃതനെന്ന് അവകാശപ്പെടുമ്പൊഴും ശിലായുഗ മനുഷ്യന്റെ കീഴടക്കൽ ത്വര ഉള്ളിൽ സൂക്ഷിക്കുന്നവനാണ് ആധുനിക മനുഷ്യൻ. ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള ഔത്സുക്യവും കീഴ്‌പെടുത്തലിൽ അനുഭവിക്കുന്ന അതിയായ ആനന്ദവും, ആരാര് ശക്തനെന്ന സംശയത്തിൽ അതിശക്തന്റെ അതിജീവിക്കലുമെല്ലാം ശിലായുഗ കാലത്തും ഇന്നും ഒരു പോലെയാണ്.
കശാപ്പും പോത്തിറച്ചിയും ജീവിതത്തിന്റെ ഭാഗമായ ഒരു മലയോര കുടിയേറ്റ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിലെ പ്രധാന അറവു ദിനമായ ഞായറാഴ്ച പുലർകാലേ കശാപ്പിനിടെ ഇറങ്ങിയോടുന്ന അറവു ജീവിയെ പിടിക്കാനുള്ള ഗ്രാമവാസികളുടെ നെട്ടോട്ടമാണ് നേർക്കാഴ്ചയിൽ ജല്ലിക്കട്ട് എന്ന സിനിമ. എന്നാൽ സിനിമയെന്ന ആർട്ട് ഫോമിന്റെ സാദ്ധ്യതകളും വിതാനവും വലുതാക്കാൻ തന്റെ സിനിമ ഉപയോഗിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന കണ്ടംപററി മാസ്റ്റർ ജല്ലിക്കട്ടിലൂടെ തരുന്നത് വേറൊരു തരം ഉൾക്കാഴ്ചയാണ്. മലയാള സിനിമയിൽ ലോക സിനിമ കണ്ടെത്തുന്ന സംവിധായകൻ ജല്ലിക്കട്ട് പോലെയൊരു സിനിമയിലൂടെ പുതിയൊരു കാഴ്ചാ സംസ്‌കാരത്തിലേക്ക് കൂടിയാണ് മലയാളി സിനിമാസ്വാദകരെ ക്ഷണിക്കുന്നത്.
ജല്ലിക്കെട്ട് കണ്ടുകൊണ്ടിരിക്കെ അതുവരെ നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ വെള്ളിയാഴ്ചകളിൽ റിലീസ് ചെയ്യുന്നതും നമ്മൾ കണ്ടുപോരുന്നതുമായ ഒരു സിനിമയല്ലല്ലോ ഇതെന്ന തോന്നലുണ്ടാകും. ഒരു വേള ഏതെങ്കിലുമൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കാണിയാണെന്ന തോന്നലും നമ്മളിലുണ്ടാകും. സിനിമയെന്നത് സംവിധായകന്റെ കലയാണെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ള മറ്റെല്ലാം സംവിധായകന്റെ റോ മെറ്റീരിയൽസ് ആണെന്നുമാണ് ലിജോയുടെ മതം. നായകനിൽ തുടങ്ങി ഡബിൾ ബാരലിലും ആമേനിലും അങ്കമാലി ഡയറീസിലും ഈ.മ.യുവിലും തുടരുന്ന ലിജോ മേക്കിംഗ് സ്‌കൂളിന്റെ അൾട്ടിമേറ്റ് ആയി ജല്ലിക്കട്ടിനെ കാണാം. കാണികൾക്ക് ഏറ്റവും പുതിയ സിനിമ നൽകുന്നതിൽ ബദ്ധശ്രദ്ധനാണയാൾ.
സിനിമയിൽ ചിരി പടർത്തുന്നതു പോലും സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളിൽ നിന്നാണ്. രാത്രിദൃശ്യങ്ങളും ചടുലമായ ക്യാമറാ ചലനവും അതിനോട് ഇഴചേരുന്ന ശബ്ദ, സംഗീത വിന്യാസവുമാണ് ജല്ലിക്കട്ടിന്റെ മേക്കിംഗിലെ സൗന്ദര്യം. ലിജോ സിനിമകളിലെ സ്ഥിരം പേരുകാരായ ഗിരീഷ് ഗംഗാധരനും പ്രശാന്ത് പിള്ളയുമാണ് ഇതിൽ സംവിധായകന്റെ ഉള്ളറിഞ്ഞ് പരമാവധി മികവ് പുറത്തെടുത്തിട്ടുള്ളത്. ഇരുട്ടും കാടും നിറഞ്ഞ പശ്ചാത്തലത്തിൽ സാഹസികം എന്നു വിശേഷിപ്പിക്കാവുന്നതാണ് പല ഷോട്ടുകളും.
എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയുടെ മൂലാംശം മാത്രം സ്വീകരിച്ച് പൂർണമായി സംവിധായകന്റെ ഇച്ഛയ്ക്കനുസരിച്ച് പാകപ്പെടുത്തുന്ന ഒരു സിനിമയായി മാറുകയാണ് ജല്ലിക്കട്ട്. പോത്തുവെട്ടുകാരൻ വർക്കിയായി ചെമ്പൻ വിനോദും ജാഫർ ഇടുക്കിയുമാണ് ക്യാമറയ്ക്കു മുന്നിലെ പ്രകടനത്തിൽ സ്വാഭാവികത കൊണ്ട് അതിശയിപ്പിക്കുന്നത്. സാബുമോൻ ആണ് വ്യത്യസ്ത മേക്കോവറിൽ എത്തി ശ്രദ്ധ നേടുന്ന മറ്റൊരു നടൻ.
റേറ്റിംഗ് 4/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |