വെള്ളിമൂങ്ങ എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ ജിബു ജേക്കബ്ബ് - ബിജു മേനോൻ -അജു വർഗീസ് ടീം ഒത്തുചേരുന്ന ആദ്യരാത്രി എന്ന സിനിമ മുൻസിനിമയെ പോലെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കെട്ടാച്ചരക്കായി നിൽക്കുന്ന മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ ഒടുവിൽ തന്റെ സഹപാഠിയുടെ മകളെ വിവാഹം ചെയ്യുന്നതാണ് വെള്ളിമൂങ്ങ പറഞ്ഞത്. ഇതിന് ചെറിയൊരു വകഭേദം വരുത്തിയതോടെ ആദ്യരാത്രി ശുഭമായി.
മുല്ലക്കര മനോഹരൻ അഥവാ ബ്രോക്കർ മാമ
തന്റെ സമ്മതം പോലും ചോദിക്കാതെ അച്ഛനും ചേട്ടനും കൂടി വിവാഹം തീരുമാനിക്കുകയും കല്യാണദിവസം പെണ്ണ് ഇഷ്ടപ്പെട്ടവനൊപ്പം ഒളിച്ചോടിയതിന്റെ ഷോക്കിൽ നിന്നാണ് മനോഹരൻ മുല്ലക്കരയെന്ന നാട്ടിലെ ബ്രോക്കർ മനോഹരനായി മാറിയത്. മുല്ലക്കരയിൽ ഒരു കല്യാണം നടക്കണമെങ്കിൽ അത് മനോഹരൻ വിചാരിക്കണം. സഹോദരി ഒളിച്ചോടിയതിന്റെ നാണക്കേട് മാറ്റാനാണോയെന്നറിയില്ല, കമിതാക്കളെ കണ്ടാൽ മനോഹരന് ഹാലിളകും. സഹപാഠികളായ ആണും പെണ്ണും കൂടി ഒരുമിച്ചുനിന്ന് സംസാരിക്കുന്നത് പോലും മനോഹരന് സഹിക്കില്ല. എട്ടുപൊട്ടും തിരിയാത്ത സ്കൂൾ കുട്ടികൾ കൈകോർത്ത് നടന്നാൽപ്പോലും മനോഹരന് സഹിക്കില്ലെന്ന് സാരം. അങ്ങനെയുള്ള മനോഹരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ഈ സിനിമയുടെ ഇതിവൃത്തം.
കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന കല്യാണക്കഥ
പൂർണമായും ഒരു കോമഡി എന്റർടെയ്നറാണ് ഈ സിനിമയെന്ന് സംവിധായകൻ ഉറപ്പുതന്നിരുന്നെങ്കിലും അങ്ങനെയല്ലെന്നതാണ് സത്യം. കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കി അങ്ങും ഇങ്ങും തൊടാതെയുള്ള ഞാണിന്മേൽ കളിയാണ് ആദ്യരാത്രി. കല്യാണവീട്ടിൽ നിന്ന് ക്ളൈമാക്സിലെ ആദ്യരാത്രി വരെ കാര്യങ്ങൾ എത്തിക്കാൻ പെടാപ്പാടു പെടുന്ന സംവിധായകനെയാണ് സിനിമയിലുടനീളം അനുഭവിക്കാനാവും. തീർത്തും ദുർബലമായ തിരക്കഥയാണ് ക്വീൻ എന്ന വിജയചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഷാരിസ് മുഹമ്മദും ജെബിൻ ജോസഫ് ആന്റണിയും ചേർന്നൊരുക്കിയിരിക്കുന്നത്. ചില സന്ദേശങ്ങൾ കൂടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. എന്നാലതിന് വേണ്ടി രംഗങ്ങളൊരുക്കിയപ്പോൾ സിനിമ നല്ലതുപോലെ ലാഗിംഗിനിടയാക്കുകയാണ്. അനാവശ്യരംഗങ്ങളും പലതുണ്ട് സിനിമയിൽ. ബിജുമേനോൻ അവതരിപ്പിക്കുന്ന മനോഹരൻ എന്ന കഥാപാത്രമാണ് ഏക ആശ്വാസം. പലപ്പോഴും പിടിവിട്ടുപോകുന്ന സിനിമയെ ബിജു ഒറ്റയ്ക്ക് ചുമലിലേറ്റുന്നുണ്ട്. അജു വർഗീസിനിത് വ്യത്യസ്ത വേഷമാണ്. ബിജുവിന്റെ സന്തത സഹചാരിയായി മനോജ് ഗിന്നസ് മുഴുനീള റോളിൽ എത്തുന്നുണ്ട്.
'ഉദാഹരണം സുജാത', 'തണ്ണീർമത്തൻ ദിനങ്ങൾ' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിലെത്തുന്ന അനശ്വര പക്ഷേ, കുട്ടിത്തം മാറാത്ത നായികയെയാണ് ഓർമ്മിപ്പിക്കുക. വിജയരാഘവൻ, ബിജു സോപാനം, ശ്രീലക്ഷ്‌മി, സ്‌നേഹ, വീണ നായർ, ശോഭ, പോളി വിൽസൺ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ആലപ്പുഴ ജില്ലയിലെ മുല്ലക്കരയിലെ തുരുത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീജിത് നായരാണ്. തുരുത്തിന്റെ സൗന്ദര്യം തെളിമ ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് ശ്രീജിത്ത്. ചിത്രത്തിലെ ഗാനങ്ങൾ മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല. സെൻട്രൽ പിക്‌ചേഴ്സിന്റെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
വാൽക്കഷണം: ആദ്യരാത്രിയാണ്, റിസ്‌ക് സ്വയമെടുക്കണം
റേറ്റിംഗ്: 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |