
തിരുവനന്തപുരം : മംഗലപുരം ഗ്രൗണ്ടിൽ നടന്ന സൗരാഷ്ട്രയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും സമനില വഴങ്ങി കേരളം. അവസാന ദിവസമായ ഇന്നലെ 330 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 154/3 എന്ന നിലയിലെത്തിയപ്പോഴാണ് സമനില സമ്മതിച്ച് കളി അവസാനിപ്പിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 160 റൺസിന് സൗരാഷ്ട്രയെ ആൾഔട്ടാക്കിയ കേരളം 233 റൺസ് ഒന്നാം ഇന്നിംഗ്സിൽ നേടിയിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി തിരിച്ചുവന്ന സൗരാഷ്ട്ര ഇന്നലെ 402/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 330 റൺസായി കുറിക്കപ്പെട്ടത്. 37 റൺസ് എടുക്കുന്നതിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്ന കേരളത്തെ വരുൺ നായനാരും (66 നോട്ടൗട്ട്) അഹമ്മദ് ഇമ്രാനും (42 നോട്ടൗട്ട്)ചേർന്ന് മുന്നോട്ടുനയിക്കവേയാണ് കളി അവസാനിപ്പിച്ചത്.
ഇന്നലെ 351/5 എന്ന നിലയിലാണ് സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 51 റൺസ് കൂടി നേടുന്നതിനിടെ പ്രേരക് മങ്കാദ് (62), അൻഷ് ഗോസായ് (10) എന്നിവരെ നിതീഷും ധർമ്മേന്ദ്ര സിംഗ് ജഡേജയെ (5) ബേസിലും പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിലാകെ നിതീഷിന് നാലുവിക്കറ്റ് ലഭിച്ചു. ബേസിലിന് മൂന്നും.ബാബ അപരാജിത്തിനാണ് ഒരു വിക്കറ്റ്.
വലിയ ലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ഓപ്പണർ രോഹൻ കുന്നുമ്മലിനെ (5) തുടക്കത്തിലേ നഷ്ടമായി. വൈകാതെ സഹ ഓപ്പണർ ആകർഷ് (5) പരിക്കേറ്റു പുറത്താവുകയും ചെയ്തു. ടീം സ്കോർ 37ലെത്തിയപ്പോൾ സച്ചിൻ ബേബിയും (16) കൂടാരം കയറി. 21-ാം ഓവറിൽ ക്രീസിലൊരുമിച്ച വരുൺ നായനാരും അഭിഷേക് നായരും (19) 50-ാം ഓവർ വരെ ക്രീസിൽ നിന്നു. ഇടയ്ക്ക് അൽപ്പനേരം മഴയും പെയ്തതോടെ കേരളത്തിന് വിജയിക്കാൻ ഒരു വഴിയും ഇല്ലാതായി. ടീം സ്കോർ 96ലെത്തിയപ്പോൾ അഭിഷേക് പുറത്തായി. പകരമെത്തിയ കൗമാരതാരം അഹമ്മദ് ഇമ്രാൻ 46 പന്തുകളിൽ എട്ടുബൗണ്ടറിയടക്കം നേടിയ 42 റൺസ് കേരളത്തിന്റെ സ്കോർ 154ലെത്തിക്കാൻ സഹായകരമായി.
രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ പേസർ എം.ഡി നിതീഷാണ് പ്ളേയർ ഒഫ് ദ മാച്ച്. ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്നുപോയിന്റും സൗരാഷ്ട്രയ്ക്ക് ഒരുപോയിന്റും ലഭിച്ചു.
സാദ്ധ്യതകൾ ദുർബലം
സീസണിൽ കഴിഞ്ഞ നാലുകളികളിൽ മൂന്നാമത്തെ സമനില വഴങ്ങിയ കേരളം ഈ സീസണിൽ നോക്കൗട്ടിലേക്ക് കടക്കുവാനുള്ള സാദ്ധ്യത തീർത്തും ദുർബലമായിട്ടുണ്ട്. ഒരു തോൽവിയടക്കം അഞ്ചുപോയിന്റുമായി എട്ടു ടീമുകളടങ്ങുന്ന എലൈറ്റ് ബി ഗ്രൂപ്പിൽ കേരളം ഏഴാം സ്ഥാനത്താണ്. ഇനി മൂന്നുമത്സരങ്ങൾ മാത്രമാണ് കേരളത്തിനുള്ളത്. ഈ മാസം 16മുതൽ മദ്ധ്യപ്രദേശുമായാണ് മംഗലപുരത്തുതന്നെ കേരളത്തിന്റെ അടുത്ത മത്സരം. അതുകഴിഞ്ഞാൽ ജനുവരിയിൽ ഛണ്ഡിഗഡുമായും ഗോവയുമായും അവസാന മത്സരങ്ങൾ.
അരങ്ങേറ്റത്തിൽ ആകർഷിന് പരിക്ക്
രഞ്ജിയിൽ അരങ്ങേറ്റത്തിനിറങ്ങിയ മത്സരത്തിലാണ് ഇടംകയ്യൻ ഓപ്പണറായ എ.ആകർഷിന് പരിക്കേറ്റത്. മുൻ ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്കദിന്റെ ബൗൺസറേൽക്കുകയായിരുന്നു. കുത്തിഉയർന്ന പന്തിൽ നിന്ന് രക്ഷപെടാൻ ആകർഷ് കുനിഞ്ഞെങ്കിലും പന്ത് തലയ്ക്ക് പിറകിലിടിക്കുകയായിരുന്നു. മുറിഞ്ഞ് രക്തം വന്നതിനെത്തുടർന്ന് ആകർഷ് റിട്ടയേഡ് ഹർട്ടായി മടങ്ങി. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിലുള്ള താരത്തിന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കണ്ണീരോടെ ഉനദ്കദ്
സീനിയർ താരമായ തന്റെ പന്തുകൊണ്ട് അരങ്ങേറ്റക്കാരനായ ആകർഷിന് പരിക്ക് പറ്റിയതിനെത്തുടർന്ന് ഉനദ്കദിന് ആ ഓവർ പൂർത്തിയാക്കാനായില്ല. ബൗൾ ചെയ്യാൻ നിന്ന ഉനദ്കദ് റണ്ണപ്പ് പൂർത്തിയാക്കാനാകാതെ കണ്ണീരോടെ ഡ്രസിംഗ് റൂമിലേക്ക് പോയി. ആശുപത്രിയിൽ നിന്ന് ആകർഷിന് കുഴപ്പമൊന്നുമില്ല എന്ന വിവരമറിഞ്ഞശേഷം അടുത്ത സെഷനിൽ മാത്രമാണ് ഉനദ്കദ് പന്തെറിയാനെത്തിയത്.
അഭിഷേകിന് അരങ്ങേറ്റം
ആകർഷിന് പകരം കൺകഷൻ സബായി എത്തിയത് അഭിഷേക് നായരാണ്. അഭിഷേകിന്റേയും അരങ്ങേറ്റ മത്സരമായിരുന്നു ഇത്. 87 പന്തുകൾ നേരിട്ട് 19 റൺസാണ് അഭിഷേക് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ വലിയ തകർച്ച ഒഴിവാക്കുന്നതിൽ നിർണായകപങ്കാണ് 30 ഓവറോളം ക്രീസിലുണ്ടായിരുന്ന അഭിഷേക് - വരുൺ കൂട്ടുകെട്ട് വഹിച്ചത്.
കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ
നവംബർ 16-19
Vs മദ്ധ്യപ്രദേശ്
ഇൻഡോർ
ജനുവരി 22-25
Vs ചണ്ഡിഗഡ്
മംഗലപുരം
ജനുവരി 29-ഫെബ്രു.1
Vs ഗോവ
പോവോറിം
എലൈറ്റ് ഗ്രൂപ്പ് ബി പോയിന്റ് നില
(ടീം, കളി,ജയം, തോൽവി, സമനില , പോയിന്റ് ക്രമത്തിൽ)
മദ്ധ്യപ്രദേശ് 4-1-0-3-15
കർണാടക 4-1-0-3-14
ഗോവ 4-1-1-2-11
മഹാരാഷ്ട്ര 4-1-0-3-11
പഞ്ചാബ് 4-1-0-3-15
സൗരാഷ്ട്ര 4-0-0-4-6
കേരളം 4-0-1-3-5
ഛണ്ഡിഗഡ് 4-0-3-1-0
ക്വാർട്ടറിലെത്താൻ
എട്ട് ടീമുകൾ വീതം മത്സരിക്കുന്ന എലൈറ്റ് എ,ബി ഗ്രൂപ്പുകളിൽ നിന്ന് അഞ്ചുടീമുകൾക്കാണ് ക്വാർട്ടറിലേക്ക് പ്രവേശനം. 16 ടീമുകളിൽ ആദ്യ അഞ്ചസ്ഥാനത്തിനുള്ളിൽ എത്തണം. എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്ന് രണ്ട് ടീമുകളും പ്ളേറ്റ് ഗ്രൂപ്പിൽ നിന്ന് ഒരു ടീമും ക്വാർട്ടറിൽ കളിക്കും.
സ്കോർ ബോർഡ്
സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് 160
ജയ് ഗോഹിൽ 84, നിതീഷ് 6-20
കേരളം ഒന്നാം ഇന്നിംഗ്സ് 233
രോഹൻ കുന്നുമ്മൽ 80,ബാബ അപരാജിത്ത് 69
ഉനദ്കദ് 4-42
സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് 402/8 ഡിക്ല.
ചിരാഗ് ജാനി 152, അർപ്പിത് 74, പ്രേരക് 62
നിതീഷ് 4-83
കേരളം രണ്ടാം ഇന്നിംഗ്സ് 154/3
രോഹൻ 66*, അഹമ്മദ് ഇമ്രാൻ 42*
പ്ളേയർ ഒഫ് ദ മാച്ച് : എം.ഡി നിതീഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |